വിവാദ പരാമര്‍ശം: പി സി ജോര്‍ജിനെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു; പൂജപ്പുര ജില്ലാ ജയിലിലേക്ക് മാറ്റി

വിവാദ പരാമര്‍ശം: പി സി ജോര്‍ജിനെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു; പൂജപ്പുര ജില്ലാ ജയിലിലേക്ക് മാറ്റി

തിരുവനന്തപുരം: വിദ്വേഷ പ്രസംഗക്കേസില്‍ പി.സി ജോര്‍ജിനെ റിമാന്റ് ചെയ്തു. വഞ്ചിയൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) ആണ് പതിനാല് ദിവസത്തേക്ക് അദ്ദേഹത്തെ റിമാന്റ് ചെയ്തത്. പി സി ജോര്‍ജിനെ ഉടന്‍ പൂജപ്പുര ജില്ലാ ജയിലിലേക്ക് മാറ്റി.

രാവിലെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ച് ആരോഗ്യ സ്ഥിതി വിലയിരുത്തിയ ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്. പിന്നീട് കോടതി നടപടികള്‍ പൂര്‍ത്തിയാക്കി റിമാന്റ് ചെയ്യുകയായിരുന്നു

കേരള പൊലീസു കാരണം പി.സി ജോര്‍ജിന് ജീവിക്കാന്‍ കഴിയുന്നില്ലെന്ന് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ പൊലീസിനെതിരെ തനിക്ക് പരാതിയില്ലെന്ന് പി.സി ജോര്‍ജും കോടതിയില്‍ വ്യക്തമാക്കി.
പി.സിയെ ഏത് വിധേനെയും ജയിലിലടക്കാനാണ് പൊലീസ് നീക്കം. ഇതാണ് ഇന്നലെ രാത്രി കണ്ടതെന്നും അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി.

പൊലീസ് മര്‍ദ്ദിക്കുമോ എന്ന ഭയം ഉണ്ടോയെന്ന് പി.സി ജോര്‍ജിനോട് ചോദിച്ചപ്പോള്‍ തനിക്ക് ഒന്നിനേയും ഭയമില്ലെന്നായിരുന്നു മറുപടി. എന്നാല്‍ സര്‍ക്കാര്‍ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ തെറ്റ് ചെയ്തിട്ടില്ല. സമൂഹം വിലയിരുത്തട്ടെയെന്നും പിസി ജോര്‍ജ് പറഞ്ഞു. നോട്ടീസ് കിട്ടിയപ്പോള്‍ പാലാരിവട്ടം പൊലീസിന് മുന്നില്‍ ഹാജരായതാണ്. ഇന്നലെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്നതിന് മുന്‍പ് വൈദ്യ പരിശോധനക്കെത്തിച്ചപ്പോഴായിരുന്നു പി.സി ജോര്‍ജിന്റെ പ്രതികരണം.

ഇന്നലെ കൊച്ചിയില്‍ നിന്നും അദ്ദേഹത്തെ തിരുവനന്തപുരം എആര്‍ ക്യാമ്പില്‍ എത്തിച്ചിരുന്നു. ഈ സമയം എആര്‍ ക്യാമ്പിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയിരുന്നു. പി സി എത്തിയ വാഹനത്തിന് നേരെ പൂക്കളെറിഞ്ഞ് മുദ്രാവാക്യം വിളിയുമായാണ് ബിജെപി പ്രവര്‍ത്തകര്‍ അഭിവാദ്യം ചെയ്തത്.

നടപടികളില്‍ നിന്ന് ഓടിയൊളിക്കുന്ന ആളല്ലെന്നും പൊലീസിനെ പേടിച്ച് ആശുപത്രിയില്‍ കിടക്കുന്ന ആളല്ലെന്നും പി.സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ് മാധ്യമങ്ങളോട് പ്രതികരിച്ചു. വൈകിട്ട് കൊച്ചിയില്‍ വച്ചാണ് ഫോര്‍ട്ട് പൊലീസ് പി.സി ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജോര്‍ജിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് എത്തിച്ചിരുന്നു.

പരിശോധനയില്‍ രക്തസമ്മര്‍ദത്തില്‍ വ്യത്യാസം അനുഭവപ്പെട്ടതോടെ ഒരു മണിക്കൂര്‍ നിരീക്ഷണം വേണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം ലഭിച്ച ശേഷം രാത്രി 9.30 ഓടെ പൊലീസ് സംഘം അദ്ദേഹത്തെ തിരുവനന്തപുരത്തേക്ക് കൊണ്ടു പോകുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.