ന്യൂഡല്‍ഹി: ചരിത്ര സ്മാരകമായ കുത്തബ് മിനാര്‍ സമുച്ഛയത്തില്‍ ആരാധന അനുവദിക്കാന്‍ കഴിയില്ലെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്‌ഐ) വ്യക്തമാക്കിയ സാഹചര്യത്തില്‍ കേസില്‍ വിധി പറയുന്നത് ജൂണ്‍ ഒമ്പതിലേക്ക് മാറ്റി ഡല്‍ഹി ജില്ലാ കോടതി.
27 ക്ഷേത്രങ്ങള്‍ തകര്‍ത്താണ് കുത്തബ് മിനാര്‍ സമുച്ഛയത്തിലുള്ള ഖുവ്വത്തുല്‍ ഇസ്‌ലാം മസ്ജിദ് നിര്‍മിച്ചതെന്നാണ് ഹർജിക്കാരുടെ വാദം. പുരാ വസ്തുവകുപ്പ് മുന്‍ റീജ്യനല്‍ ഡയറക്ടര്‍ ധരംവീര്‍ ശര്‍മയാണ് കുത്തബ് മിനാറുമായി ബന്ധപ്പെട്ട വിവാദം തുടങ്ങിവച്ചത്.
കുത്തബ് മിനാര്‍ നിര്‍മിച്ചത് മുഗള്‍ രാജാവായ ഖുതുബുദ്ദിന്‍ ഐബക് അല്ലെന്നും വിക്രമാദിത്യ രാജാവാണെന്നുമായിരുന്നു ധരംവീര്‍ ശര്‍മയുടെ നിലപാട്. എന്നാല്‍ കുത്തബ് മിനാറില്‍ ക്ഷേത്രാരാധന നടത്തുന്നത് സംബന്ധിച്ച് സമര്‍പ്പിക്കപ്പെട്ട ഹർജികളിലെ വാദങ്ങള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ തള്ളിക്കളഞ്ഞു.
കുത്തബ് മിനാര്‍ നിര്‍മിക്കാനായി ക്ഷേത്രങ്ങള്‍ തകര്‍ത്തോ എന്നത് ചരിത്രപരമായ കാര്യമാണ്. എന്നാല്‍, നിലവിലുള്ള കുത്തബ് മിനാര്‍ 1914 മുതല്‍ ചരിത്രസ്മാരകമാണ്. അതുകൊണ്ട് ഈ വളപ്പില്‍ ആരാധന നടത്താനുള്ള അധികാരം ആര്‍ക്കുമില്ലെന്ന് എഎസ്‌ഐ നിലപാട് വ്യക്തമാക്കി.
നിലവില്‍ യുനെസ്‌കോ പട്ടികപ്പെടുത്തിയ ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിലാണ് കുത്തബ് മിനാര്‍ ഉള്ളത്.
ആരാധനയ്ക്കുള്ള മൗലികാവകാശം സ്മാരക സമുച്ഛയത്തിന്റെ പ്രത്യേക പദവികള്‍ ലംഘിച്ച് നടപ്പാക്കാന്‍ സാധിക്കില്ല. പില്‍ക്കാലങ്ങളില്‍ അനീതികളുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇപ്പോഴത്തെ സമൂഹത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ കഴിയില്ലെന്നാണ് കീഴ്‌ക്കോടതിയും ജില്ലാ കോടതിയും നിരീക്ഷിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.