തിരുവനന്തപുരം: അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ രാവിലെ 10 മണിക്കായിരുന്നു കൂടിക്കാഴ്ച. ഭാഗ്യലക്ഷ്മിക്കൊപ്പമാണ് നടി സെക്രട്ടേറിയറ്റിലെത്തിയത്.
പത്തുമിനുട്ടോളം കൂടിക്കാഴ്ച നീണ്ടുനിന്നു. കേസന്വേഷണവുമായി ബന്ധപ്പെട്ട തന്റെ ആശങ്കകളും പരാതികളും നടി മുഖ്യമന്ത്രിയെ അറിയിച്ചു.
'മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ സംതൃപ്തിയുണ്ടെന്ന് അതിജീവിത പറഞ്ഞു. കോടതിയിലെ കാര്യങ്ങള്‍ സംസാരിച്ചു. നിഷ്പക്ഷമായ അന്വേഷണം മുഖ്യമന്ത്രി ഉറപ്പു നല്‍കി. സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും പൂര്‍ണ പിന്തുണയും മുഖ്യമന്ത്രി ഉറപ്പു നല്‍കി. കൂടിക്കാഴ്ചയില്‍ സംതൃപ്തിയുണ്ടെന്നും അവര്‍ വ്യക്തമാക്കി.
മുഖ്യമന്ത്രിയെ നേരില്‍ കാണേണ്ട സമയം ഇതാണെന്നു തോന്നി. അതിനാലാണ് അദ്ദേഹത്തെ ഇപ്പോള്‍ കണ്ടത്. മന്ത്രിമാരുടെ വിമര്‍ശനങ്ങളെ കുറിച്ച് പ്രതികരിക്കാനില്ല. തന്റെ ഹർജി ദുര്‍വ്യാഖ്യാനം ചെയ്യേണ്ടതില്ല. അതുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളെ കണക്കിലെടുക്കുന്നില്ല. ആരുടേയും വായടപ്പിക്കാനില്ല. പറയുന്നവര്‍ പറയട്ടെ. പോരാടാന്‍ തീരുമാനിച്ചതു കൊണ്ടാണ് മുന്നോട്ടു പോവുന്നത്. ഒരു പാട് പ്രതിസന്ധികള്‍ തരണം ചെയ്താണ് മുന്നോട്ടുള്ള യാത്രയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കേസ് അന്വേഷണം അട്ടിമറിക്കാന്‍ ഉന്നത രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ നടി ഹര്‍ജി നല്‍കിയത് വിവാദമായിരിക്കെയാണ് കൂടിക്കാഴ്ച. സര്‍ക്കാറിലെ ഉന്നതരുടെ സഹായത്തോടെ ദിലീപ് കേസ് അട്ടിമറിക്കുന്നുവെന്നും തട്ടിക്കൂട്ട് കുറ്റപത്രം നല്‍കി കേസ് അവസാനിപ്പിക്കാന്‍ നീക്കമുണ്ടെന്നുമാണ് നടി ഹര്‍ജിയില്‍ പറയുന്നത്.
എന്നാല്‍ നടിയുടേത് അനാവശ്യ ആശങ്കയാണെന്നും ഇരയെ വിശ്വാസത്തിലെടുത്താണ് ഇതുവരെ കേസ് നടത്തിയതെന്നും സര്‍ക്കാരിന് വേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. നടിയുടെ ആക്ഷേപത്തില്‍ സര്‍ക്കാര്‍ വെള്ളിയാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.