ഇംഗ്ലണ്ടില്‍ സുവിശേഷമെത്തിച്ച കാന്റര്‍ബറിയിലെ പ്രഥമ ആര്‍ച്ച് ബിഷപ്പായ വിശുദ്ധ അഗസ്റ്റിന്‍

ഇംഗ്ലണ്ടില്‍ സുവിശേഷമെത്തിച്ച കാന്റര്‍ബറിയിലെ പ്രഥമ ആര്‍ച്ച് ബിഷപ്പായ വിശുദ്ധ അഗസ്റ്റിന്‍

അനുദിന വിശുദ്ധര്‍ - മെയ് 27

റോമില്‍ വിശുദ്ധ ആന്‍ഡ്രൂസിന്റെ ആശ്രമത്തിലെ ആശ്രമാധിപതിയായിരുന്നു വിശുദ്ധ അഗസ്റ്റിന്‍. ഒരിക്കല്‍ മഹാനായ വിശുദ്ധ ഗ്രിഗറി മാര്‍പ്പാപ്പ അദ്ദേഹത്തെയും മറ്റ് നാല്‍പത് സന്യാസിമാരെയും ഇംഗ്ലണ്ടിലെ ജനങ്ങളോട് സുവിശേഷം പ്രസംഗിക്കുക എന്ന ദൗത്യത്തിനായി നിയോഗിച്ചു. അങ്ങനെ അഗസ്റ്റിനും സഹ സന്യാസിമാരും ഇംഗ്ലണ്ടിലേക്ക് യാത്ര തിരിച്ചു.

തെക്കന്‍ ഫ്രാന്‍സിലെത്തിയപ്പോള്‍ ഇംഗ്ലീഷുകാര്‍ എന്തും ചെയ്യാന്‍ മടിക്കാത്ത കഠിന ഹൃദയരാണെന്ന് ജനങ്ങള്‍ അവര്‍ക്ക് മുന്നറിയിപ്പ് നല്‍കി. സന്യാസിമാര്‍ ഇതുകേട്ട് ഭയപ്പെട്ടു. ഈ ദൗത്യം ഏറ്റെടുത്തു നടത്താന്‍ നമുക്ക് സാധിക്കുകയില്ല എന്ന് മാര്‍പാപ്പയെ അറിയിക്കാനും മാര്‍പ്പാപ്പയുടെ അനുമതി നേടാനുമായി തിരികെ പോകാന്‍ അവര്‍ അഗസ്റ്റിനോട് ആവശ്യപ്പെട്ടു.

പക്ഷേ അതിന് വഴങ്ങാതിരുന്ന മാര്‍പ്പാപ്പ അവരോട് ഇംഗ്ലണ്ടിലേക്ക് തന്നെ പോകാന്‍ ആവശ്യപ്പെട്ടു. അവിടുത്തെ ജനങ്ങള്‍ ക്രിസ്തീയ വിശ്വാസം സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം അവരോട് പറഞ്ഞു. അതനുസരിച്ച് സന്യാസിമാര്‍ ഇംഗ്ലണ്ടിലേക്ക് തന്നെ പോയി. താനെറ്റ് ദ്വീപിലെ കെന്റിലാണ് അവര്‍ എത്തിയത്.

അക്കാലത്ത് അവിടെ രാജാവായിരുന്ന എഥെല്‍ബര്‍ട്ടിന്റെ ഭാര്യ ഫ്രാന്‍സില്‍ നിന്നുള്ള ഒരു ക്രിസ്ത്യന്‍ രാജകുമാരിയായിരുന്നു. അതിനാല്‍ തന്നെ എഥെല്‍ബര്‍ട്ട് രാജാവ് മിഷനറിമാര്‍ക്ക് ഊഷ്മളമായ വരവേല്‍പ്പാണ് നല്‍കിയത്. സന്യാസിമാര്‍ വന്നിറങ്ങിയപ്പോള്‍ തന്നെ അവരെ വരവേറ്റുകൊണ്ട് ഘോഷയാത്ര നടത്തി. സങ്കീര്‍ത്തനങ്ങള്‍ ആലപിച്ച് സന്യാസിമാര്‍ ഈ ഘോഷയാത്രയോടൊപ്പം നടന്നു. അവര്‍ കൈയില്‍ ഒരു കുരിശും കര്‍ത്താവിന്റെ ചിത്രവും വഹിച്ചിരുന്നു.

അഗസ്റ്റിനും സഹ സന്യാസിമാരും തങ്ങളുടെ സുവിശേഷ പ്രഘോഷണ ദൗത്യത്തില്‍ പെട്ടെന്ന് തന്നെ വിജയം കാണുകയും 596 ലെ പെന്തക്കോസ്ത് ഞായറാഴ്ച രാജാവായ എഥെല്‍ബെര്‍ട്ട് ജ്ഞാനസ്‌നാനം സ്വീകരിക്കുകയും ചെയ്തു. വൈകാതെ ഭൂരിഭാഗം പ്രഭുക്കളും ജനങ്ങളും അദ്ദേഹത്തിന്റെ മാതൃക പിന്തുടര്‍ന്നു.

പിന്നീട് പാപ്പായോട് ആലോചിച്ചതിനു ശേഷം സഭാ കേന്ദ്രത്തെ കാന്റര്‍ബറിയില്‍ നിന്നും ലണ്ടനിലേക്ക് മാറ്റുവാന്‍ വേണ്ട പദ്ധതി തയ്യാറാക്കി. കൂടാതെ യോര്‍ക്കില്‍ മാറ്റൊരു പ്രവിശ്യ സ്ഥാപിക്കുവാനും പദ്ധതിയിട്ടു. എന്നാല്‍ ചില സംഭവ വികാസങ്ങള്‍ കാരണം ഈ പദ്ധതികള്‍ നടപ്പിലായില്ല. എന്നിരുന്നാലും വിശുദ്ധന്റെ ദൗത്യത്തിന്റെ പുരോഗതി അഭംഗുരം തുടര്‍ന്നു.

വിശുദ്ധ അഗസ്റ്റിന്‍ ഒരു വീരനായ പ്രേഷിതനോ, നയതന്ത്രജ്ഞനോ ആയിരുന്നില്ല എന്നിരുന്നാലും വളരെ മഹത്തായ പ്രേഷിത പ്രവര്‍ത്തിയാണ് അദ്ദേഹം ചെയ്തത്. കാന്റര്‍ബറിയിലെ പ്രഥമ ആര്‍ച്ച് ബിഷപ്പായിരുന്ന വിശുദ്ധ അഗസ്റ്റിന്‍ 604 ലാണ് മരണമടഞ്ഞത്.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. തേലൂസിലെ റാനുള്‍ഫുസ്

2. ഫ്രാന്‍സിലെ യൂട്രോപ്പിയസ്

3. ഡൊറുസ്റ്റോറുമ്മിലെ ജൂലിയസ്

4. വുഴസുബര്‍ഗ ബിഷപ്പായ ബ്രൂണോ

5. ഫ്രാന്‍സിലെ ഓറെഞ്ച് ബിഷപ്പായ ഫ്രെഡറിക്ക്.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.







വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26