സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന്

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം: 52-ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് വൈകീട്ട് അഞ്ചിന് പ്രഖ്യാപിക്കും. പരിചയ സമ്പന്നരും പുതുമുഖങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലാണ് ഇത്തവണത്തെ പ്രത്യേകത. പോയവര്‍ഷം 80 ഓളം സിനിമകളാണ് പരിഗണിക്കപ്പെട്ടതെങ്കില്‍ ഇക്കുറി ജൂറിക്ക് മുന്നിലെത്തിയത് 140 ഓളം ചിത്രങ്ങളാണ്.

അന്തിമ റൗണ്ടില്‍ 45 ഓളം സിനിമകള്‍ എത്തി എന്നാണ് വിവരം. സമാന്തര സിനിമകള്‍ ഇത്തവണയും ഞെട്ടിക്കുമോ എന്നതാണ് ആകാംക്ഷ. ബോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ അഖ്തര്‍ മിര്‍സയാണ് ഇത്തവണത്തെ ജൂറി ചെയര്‍മാന്‍.

മമ്മൂട്ടി, മകന്‍ ദുല്‍ഖര്‍ സല്‍മാന്‍, മോഹന്‍ലാല്‍, മകന്‍ പ്രണവ് എന്നിവരുടെ ചിത്രങ്ങള്‍ പരസ്പരം മത്സരിക്കുന്നു. മിന്നുന്ന പ്രകടനവുമായി ഇന്ദ്രന്‍സ്, സുരാജ് വെഞ്ഞാറമൂട്, ഗുരു സോമസുന്ദരം തുടങ്ങിയവരും രംഗത്തുണ്ട്.

വണ്‍, ദ് പ്രീസ്റ്റ് എന്നിവയാണു മമ്മൂട്ടിയുടെ മത്സര ചിത്രങ്ങള്‍. ദൃശ്യം2 ആണ് മോഹന്‍ലാല്‍ ചിത്രം. 'കാവല്‍' എന്ന ചിത്രത്തിലൂടെ സുരേഷ് ഗോപിയും രംഗത്തുണ്ട്. പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍, ദിലീപ്, ബിജു മേനോന്‍, ഫഹദ് ഫാസില്‍, ടൊവിനോ തോമസ്, ജോജു ജോര്‍ജ്, ചെമ്പന്‍ വിനോദ്, ആസിഫ് അലി, നിവിന്‍ പോളി, സൗബിന്‍ ഷാഹിര്‍, സണ്ണി വെയ്ന്‍, അനൂപ് മേനോന്‍, ഉണ്ണി മുകുന്ദന്‍ തുടങ്ങിയവരുടെ ചിത്രങ്ങളും ഉണ്ട്.

റോജിന്‍ തോമസ് സംവിധാനം ചെയ്ത 'ഹോം', യുവ ഹൃദയങ്ങള്‍ കീഴടക്കിയ 'ഹൃദയം' എന്നിവ മത്സരരംഗത്തുണ്ട്. താരാ രാമാനുജന്റെ 'നിഷിദ്ധോ', സിദ്ധാര്‍ഥ ശിവയുടെ 'ആണ്', മനോജ് കാനയുടെ 'ഖെദ്ദ', ഷെറി ഗോവിന്ദന്‍ ടി. ദീപേഷ് ടീമിന്റെ 'അവനോവിലോന', ഡോ. ബിജുവിന്റെ 'ദ് പോര്‍ട്രെയ്റ്റ്‌സ് 'എന്നിവയും ജയരാജ് സംവിധാനം ചെയ്ത 3 ചിത്രങ്ങളും മത്സരത്തിനുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.