ഓഫ് റോഡ് റേസ്: ജോജു ജോര്‍ജ് നിയമം ലംഘിച്ചിട്ടില്ലെന്ന് ആര്‍.ടി.ഒ

 ഓഫ് റോഡ് റേസ്: ജോജു ജോര്‍ജ് നിയമം ലംഘിച്ചിട്ടില്ലെന്ന് ആര്‍.ടി.ഒ

ചെറുതോണി: അനുമതിയില്ലാതെ ഓഫ് റോഡ് റേസ് നടത്തിയെന്ന പരാതിയില്‍ മൊഴി നല്‍കാന്‍ നടന്‍ ജോജു ജോര്‍ജ് ഇടുക്കി ആര്‍.ടി.ഒയ്ക്ക് മുന്‍പില്‍ ഹാജരായി. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിയമങ്ങള്‍ പാലിച്ചാണ് ഓഫ് റോഡ് റെയ്‌സ് നടന്നതെന്നും ഗുരുതരമായ നിയമലംഘനം ഉണ്ടായിട്ടില്ലെന്നും ജോജുവിന്റെ മൊഴിയില്‍നിന്നും വ്യക്തമായതായി ആര്‍.ടി.ഒ. ടി.ഒ. രമണന്‍ പറഞ്ഞു.

ചൊവ്വാഴ്ച വൈകീട്ട് 4.30-ന് ഇടുക്കി ജില്ലാ മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫീസില്‍ അപ്രതീക്ഷിതമായി ജോജു ഹാജരാകുകയായിരുന്നു. നേരത്തെ വിശദീകരണം തേടി മോട്ടോര്‍ വാഹനവകുപ്പ് രണ്ടുതവണ നോട്ടീസ് നല്‍കിയിട്ടും ജോജു ഹാജരായിരുന്നില്ല.

വാഗമണ്ണില്‍ സംഘടിപ്പിച്ച ഓഫ്റോഡ് ഡ്രൈവില്‍ ജോജു ജോര്‍ജ് വാഹനം ഓടിക്കുന്നതിന്റെ വീഡിയോ വൈറലായതോടെയാണ് അദ്ദേഹത്തിനെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു. ഇടുക്കി ജില്ലാ പ്രസിഡന്റ് മോട്ടോര്‍ വാഹന വകുപ്പിലും പോലീസിലും പരാതി നല്‍കിയത്. ജോജു, സ്ഥലം ഉടമ, സംഘാടകര്‍ എന്നിവര്‍ക്കെതിരേ കേസെടുക്കുകയും നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.

വാഗമണ്‍ എംഎംജെ എസ്റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനിലാണ് ഓഫ് റോഡ് വാഹന മത്സരം നടന്നത്. എന്നാല്‍, കൃഷിക്കു മാത്രമേ ഉപയോഗിക്കാവൂ എന്ന നിബന്ധനയില്‍ കൈവശം നല്‍കിയ ഭൂമിയില്‍ നിയമവിരുദ്ധമായിട്ടാണ് ഓഫ് റോഡ് റേസ് സംഘടിപ്പിച്ചതെന്നായിരുന്നു പരാതി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.