ടെക്സാസ് സ്‌കൂള്‍ വെടിവയ്പ്പില്‍ കൊല്ലപ്പെട്ട അധ്യാപികയുടെ ഭര്‍ത്താവ് ഹൃദയാഘാതത്താല്‍ മരിച്ചു

 ടെക്സാസ് സ്‌കൂള്‍ വെടിവയ്പ്പില്‍ കൊല്ലപ്പെട്ട അധ്യാപികയുടെ ഭര്‍ത്താവ് ഹൃദയാഘാതത്താല്‍ മരിച്ചു

ടെക്സാസ്: യു.എസിലെ ടെക്‌സാസില്‍ സ്‌കൂളിലുണ്ടായ വെടിവയ്പ്പില്‍ കൊല്ലപ്പെട്ട അധ്യാപികയുടെ ഭര്‍ത്താവ് ഹൃദയാഘാതം മൂലം മരിച്ചു. നാലാം ഗ്രേഡില്‍ പഠിപ്പിച്ചിരുന്ന ഇര്‍മ ഗാര്‍ഷ്യയുടെ ഭര്‍ത്താവ് ജോ ഗാര്‍ഷ്യ ആണ് വെടിവയ്പ്പ് നടന്ന് രണ്ട് ദിവസത്തിനു ശേഷം മരിച്ചത്.

ഭാര്യയുടെ മരണത്തില്‍ അതീവ ദുഃഖിതനായിരുന്നു ഇദ്ദേഹം. 24 വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിവാഹിതരായ ഇരുവര്‍ക്കും നാലു മക്കളുണ്ട്. 23 വര്‍ഷമായി റോബ് എലിമെന്ററി സ്‌കൂളിലെ അധ്യാപികയാണ് ഇര്‍മ. കുട്ടികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ഇര്‍മയും മറ്റൊരു അധ്യാപികയായ ഇവാ മിറെലെസ് എന്ന അധ്യാപികയും കൊല്ലപ്പെട്ടത്.

ചൊവ്വാഴ്ച്ച 18 വയസുകാരനായ അക്രമി സാല്‍വദോര്‍ റാമോസ് ഉവാള്‍ഡിലെ റോബ് എലിമെന്ററി സ്‌കൂളില്‍ നടത്തിയ വെടിവയ്പില്‍ നാലാം ക്ലാസില്‍ പഠിക്കുന്ന 19 കുട്ടികളാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട എല്ലാ കുട്ടികളും നാലാം ക്ലാസില്‍ പഠിക്കുന്നവരാണ്. യുഎസില്‍ ഈ വര്‍ഷം നടന്ന 27-ാമത്തെ സ്‌കൂള്‍ വെടിവയ്പാണിത്.

വെടിവയ്പ്പിന് പിന്നിലെ കാരണം പോലീസ് ഉദ്യോഗസ്ഥര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പ്രതിക്ക് മാനസിക അസ്വാസ്ഥ്യമുള്ളതിന്റെ സൂചനകളൊന്നും ലഭിച്ചിട്ടില്ല.

തോക്കുമായി എത്തിയ പ്രതിക്ക് സ്‌കൂളില്‍ യാതൊരു തടസവും കൂടാതെ പ്രവേശിക്കാന്‍ കഴിഞ്ഞതായി സ്റ്റേറ്റ് ലോ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിന്‍വാതിലിലൂടെ സ്‌കൂളില്‍ പ്രവേശിക്കുന്നതിന് മുമ്പ് പ്രതിയെ സുരക്ഷാ ഉദ്യോഗസ്ഥനായി ജോലി ചെയ്തിരുന്ന പോലീസുകാരന്‍ കണ്ടെങ്കിലും ഏറ്റുമുട്ടല്‍ ഉണ്ടായോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഒരു മണിക്കൂറോളമെടുത്താണ് പ്രതിയെ പോലീസിന് തടയാന്‍ കഴിഞ്ഞത്.

ചൊവ്വാഴ്ച്ച 11:28-ന് അക്രമി എത്തിയ ട്രക്ക് സ്‌കൂളിന് സമീപമുള്ള ഒരു കുഴിയില്‍ ഇടിച്ചുനിന്നു. തുടര്‍ന്ന് വഴിയാത്രക്കാരായ രണ്ട് പേര്‍ക്ക് നേരെ അക്രമി വെടിയുതിര്‍ക്കുകയും ചെയ്തു. എന്നിട്ടും ഇയാള്‍ സ്‌കൂളില്‍ പ്രവേശിക്കുന്നത് തടയാന്‍ ആര്‍ക്കു കഴിഞ്ഞില്ല എന്നത് വലിയ വിവാദത്തിനു കാരണമായിട്ടുണ്ട്. അക്രമി സ്‌കൂളില്‍ എത്തിയതിന് ശേഷം സംഭവിച്ച കാര്യങ്ങളില്‍ പോലീസിന് വലിയ ആശയക്കുഴപ്പമുണ്ടായിട്ടുണ്ട്. എന്തായാലും സായുധനായ സുരക്ഷാ ഉദ്യോഗസ്ഥന്റെ അഭാവത്തിലാണ് അക്രമി സ്‌കൂളില്‍ പ്രവേശിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. സ്‌കൂളിലെ സുരക്ഷാ വീഴ്ച്ചയില്‍ മാതാപിതാക്കള്‍ക്കിടയില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.