ഫ്രാന്‍സില്‍ നിന്നും വിഗ്രഹാരാധന തുടച്ചു നീക്കിയ പാരീസിലെ മെത്രാനായിരുന്ന വിശുദ്ധ ജെര്‍മാനൂസ്

ഫ്രാന്‍സില്‍ നിന്നും വിഗ്രഹാരാധന തുടച്ചു നീക്കിയ പാരീസിലെ മെത്രാനായിരുന്ന വിശുദ്ധ ജെര്‍മാനൂസ്

അനുദിന വിശുദ്ധര്‍ - മെയ് 28

ഫ്രാന്‍സിലെ സഭയില്‍ ഏറെ പ്രസിദ്ധനായ വിശുദ്ധ ജെര്‍മാനൂസ് 469 ല്‍ ഓട്ടൂണിലാണ് ജനിച്ചത്. സഹോദരനായ ഫാ. സ്‌കാപിലിയോണിന്റെ പരിപാലനയിലായിരുന്നു ജെര്‍മാനൂസ് വളര്‍ന്നത്.

ഓട്ടൂണിലെ മെത്രാനായിരുന്ന വിശുദ്ധ അഗ്രിപ്പിനൂസിന്റെ പക്കല്‍ നിന്നും പൗരോഹിത്യ പട്ടം സ്വീകരിച്ച ജെര്‍മാനൂസ്, നഗരത്തിന്റെ പ്രാന്തപ്രദേശത്തുണ്ടായിരുന്ന വിശുദ്ധ സിംഫോറിയന്റെ ആശ്രമത്തിലെ ആശ്രമാധിപതിയായി നിയമിതനായി.

ഒരിക്കല്‍ ജെര്‍മാനൂസിനുണ്ടായ ഒരു സ്വപ്നത്തില്‍ ഒരു വൃദ്ധന്‍ പ്രത്യക്ഷപ്പെട്ടു. വിശുദ്ധന്റെ കയ്യില്‍ പാരീസ് നഗരത്തിന്റെ താക്കോല്‍ ഏല്‍പ്പിച്ചിട്ട് ഇങ്ങനെ പറഞ്ഞു. 'ദൈവം പാരീസ് നിവാസികളെ അദ്ദേഹത്തിന്റെ സംരക്ഷണയില്‍ ഏല്‍പ്പിക്കുകയാണ്. അവരെ നാശത്തില്‍ നിന്നും രക്ഷിക്കണം'. നാല് വര്‍ഷത്തിന് ശേഷം പാരീസിലെ മെത്രാനായിരുന്ന യൂസേബിയൂസിന്റെ നിര്യാണത്തോടെ ജെര്‍മാനൂസ് പാരീസിലെ മെത്രാനായി അഭിഷിക്തനായി.

കുറഞ്ഞകാലം കൊണ്ട് അദ്ദേഹം നഗരത്തെ അപ്പാടെ മാറ്റിയെടുത്തു. ഭൗതീക സുഖങ്ങളില്‍ മുഴുകിയിരുന്ന രാജാവായിരുന്ന ചില്‍ഡെബെര്‍ട്ടിനെ വിശുദ്ധന്‍ ഒരു നല്ല ഭക്തനാക്കി മാറ്റിയെടുത്തു. മാത്രമല്ല മെത്രാന്റെ ഉപദേശത്താല്‍ രാജാവ് നിരവധി ആതുര സ്ഥാപനങ്ങള്‍ സ്ഥാപിക്കുകയും പാവങ്ങളെ സഹായിക്കുവാനായി നല്ലൊരു തുക വിശുദ്ധന്റെ പക്കല്‍ ഏല്‍പ്പിക്കുകയും ചെയ്തു.

ഒരിക്കല്‍ ചില്‍ഡെബെര്‍ട്ട് രോഗബാധിതനായി. എല്ലാ ചികിത്സകരും പരാജയപ്പെട്ടപ്പോള്‍ വിശുദ്ധ ജെര്‍മാനൂസ് അദ്ദേഹത്തെ സന്ദര്‍ശിക്കുകയും ആ രാത്രി മുഴുവന്‍ അവിടെ തങ്ങി രാജാവിന്റെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്തു. പിറ്റേന്ന് രാവിലെ രാജാവിന്റെ ദേഹത്ത് തന്റെ കരം വെച്ച നിമിഷം തന്നെ രാജാവ് പരിപൂര്‍ണമായും സുഖപ്പെട്ടു.

ചില്‍ഡെബെര്‍ട്ട് രാജാവ് തന്നെ ഇക്കാര്യം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇതിനു പ്രതിഫലമായി രാജാവ് സെല്ലെസ് ഭൂപ്രദേശം മുഴുവനായും പാരീസിലെ സഭയ്ക്കും വിശുദ്ധ ജെര്‍മാനൂസിനുമായി നല്‍കി. എന്നിരുന്നാലും അധികകാലം രാജാവ് ജീവിച്ചിരുന്നില്ല.

ചില്‍ഡെബെര്‍ട്ടിനു ശേഷം അധികാരത്തില്‍ വന്ന അദ്ദേഹത്തിന്റെ സഹോദരനായ ക്ലോട്ടയര്‍ വിശുദ്ധനോട് കാര്യമായ അടുപ്പം പുലര്‍ത്തിയിരുന്നില്ല. ഒരിക്കല്‍ അദ്ദേഹത്തിന് കലശലായ പനി ബാധിച്ചപ്പോള്‍ ആരുടെയോ ഉപദേശ പ്രകാരം വിശുദ്ധനെ വിളിച്ച് വരുത്തി.

ദൈവത്തിന്റെ ശക്തിയിലും തന്റെ ഭക്തിയിലും പൂര്‍ണ വിശ്വാസമുണ്ടായിരുന്ന വിശുദ്ധന്‍ തന്റെ വസ്ത്രത്തിന്റെ തുമ്പുകൊണ്ട് രാജാവിന്റെ വേദനയുള്ള ഭാഗത്ത് ഉരസിയപ്പോള്‍ അദ്ദേഹത്തിന്റെ വേദന അത്ഭുതകരമായി ശമിച്ചു. ആ നിമിഷം മുതല്‍ രാജാവിന് വിശുദ്ധനോട് വളരെയധികം ആദരവും ബഹുമാനവും ഉണ്ടായി.

561 ല്‍ ക്ലോട്ടയറും മരിച്ചു. തുടര്‍ന്ന് അദ്ദേഹത്തിന്റെ നാല് മക്കളും ഫ്രാന്‍സിനെ നാല് രാജ്യങ്ങളായി വിഭജിക്കുകയും ഓരോരുത്തര്‍ ഓരോ ഭാഗം ഭരിക്കുകയും ചെയ്തു. ചാരിബെര്‍ട്ടിനാണ് പാരീസ് ലഭിച്ചത്. ചാരിബെര്‍ട്ടാകട്ടെ അധാര്‍മ്മികതയില്‍ മുഴുകിയ മര്‍ക്കട മുഷ്ടിക്കാരനായിരുന്നു. അദ്ദേഹം തന്റെ ആദ്യ ഭാര്യയെ ഉപേക്ഷിച്ച് അവളുടെ ദാസിയെ ഭാര്യയായി സ്വീകരിച്ചു. അവളുടെ മരണത്തിന് ശേഷം ആദ്യഭാര്യ ഇരിക്കെതന്നെ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു.

രാജാവിന്റെ ഈ ദുര്‍നടപ്പുകള്‍ക്കെതിരെ നിരവധി തവണ വിശുദ്ധന്‍ അദ്ദേഹത്തെ ഉപദേശിച്ചുവെങ്കിലും ഫലം കണ്ടില്ല. അതിനാല്‍ രാജാവിന്റെ പാപങ്ങള്‍ നിമിത്തവും അദ്ദേഹത്തിന്റെ മാതൃക മറ്റുള്ളവര്‍ പിന്‍തുടരാതിരിക്കുവാനുമായി വിശുദ്ധന്‍ ചാരിബെര്‍ട്ടിനെ സഭയില്‍ നിന്നും പുറത്താക്കുവാന്‍ തീരുമാനിച്ചു.

പക്ഷേ ദൈവകോപം രാജാവിന്റെ മേല്‍ പതിഞ്ഞു. അദ്ദേഹത്തിന്റെ പത്‌നി രോഗിയാകുകയും കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ മരിക്കുകയും ചെയ്തു. അധികം താമസിയാതെ രാജാവും മരണത്തിന് കീഴടങ്ങി. ചാരിബെര്‍ട്ടിന്റെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ രാജ്യം മൂന്ന് സഹോദരന്‍മാര്‍ കൂടി വീതിച്ചെടുത്തു.

പാരീസ് മൂന്നുപേരുടേയും കൂട്ടായ സ്വത്തായി മാറി. നഗരത്തില്‍ പൊതു സമാധാനം സ്ഥാപിക്കുവാന്‍ വിശുദ്ധന്‍ തനിക്ക് കഴിവുള്ളതെല്ലാം ചെയ്തു. ഇതില്‍ സിഗ്‌ബെര്‍ട്ടും, ചില്‍പ്പെറിക്കും അത്യാര്‍ത്തിയുള്ള ഭാര്യമാരുടെ ഉപദേശത്താല്‍ പരസ്പരം യുദ്ധത്തിനു തയ്യാറായി. ചില്‍പ്പെറിക്ക് പിന്നീട് ടൂര്‍ണെയിലേക്ക് ഓടിപോയി.

എന്നാല്‍ തന്റെ ഭാര്യയുടെ ഉപദേശത്താല്‍ ടൂര്‍ണെ ആക്രമിക്കുവാന്‍ പോയ സിഗ്‌ബെര്‍ട്ടിനെ തടഞ്ഞ്, ഉദ്യമത്തില്‍ നിന്നും പിന്‍മാറണമെന്നും അല്ലെങ്കില്‍ ദൈവ കോപത്തിന് പാത്രമാവേണ്ടി വരുമെന്നും വിശുദ്ധന്‍ ഉപദേശിച്ചുവെങ്കിലും ഫലം കണ്ടില്ല. വിശുദ്ധന്‍ പ്രവചിച്ചത് പോലെ തന്നെ ചില്‍പ്പെറിക്കിന്റെ ഭാര്യയായ ഫ്രെഡഗോണ്ട ഏര്‍പ്പെടുത്തിയ കൊലപാതകികള്‍ അദ്ദേഹത്തെ വധിച്ചു. അധികം താമസിയാതെ ഭാര്യയുടെ ചതിയില്‍പ്പെട്ട് ചില്‍പ്പെറിക്കും വധിക്കപ്പെട്ടു.

ജെര്‍മാനൂസ് തന്റെ വാര്‍ധക്യത്തിലും തീക്ഷ്ണതയും ഭക്തിയും ഉപേക്ഷിച്ചില്ല. വിശുദ്ധന്റെ ഊര്‍ജസ്വലമായ പ്രവര്‍ത്തികളാല്‍ വിഗ്രഹാരാധന ഫ്രാന്‍സില്‍ പൂര്‍ണമായും ഇല്ലാതായി. അദ്ദേഹത്തിന്റെ ഉപദേശത്താലാണ് തന്റെ സാമ്രാജ്യത്തില്‍ നിന്നും മുഴുവന്‍ വിഗ്രഹങ്ങളും നശിപ്പിക്കുവാന്‍ ചില്‍ഡെബെര്‍ട്ട് രാജാവ് ഉത്തരവിട്ടത്. പാപികളെ മാനസാന്തരപ്പെടുത്തുന്ന തന്റെ ദൗത്യം 576 മെയ് 28 ന് എണ്‍പതാം വയസില്‍ മരിക്കുന്നത് വരെ വിശുദ്ധന്‍ തുടര്‍ന്നു.

ജെര്‍മാനൂസിന്റെ ആഗ്രഹ പ്രകാരം വിശുദ്ധ സിംഫോറിയന്റെ ചാപ്പലിലാണ് അദ്ദേഹത്തെ അടക്കം ചെയ്തത്. നിരവധി അത്ഭുതങ്ങള്‍ അദ്ദേഹത്തിന്റെ ദിവ്യത്വത്തെ വെളിപ്പെടുത്തുന്നു. അവയെക്കുറിച്ച് ഫോര്‍റ്റുനാറ്റൂസ് രേഖപ്പെടുത്തിയിട്ടുണ്ട്.

754 ല്‍ വിശുദ്ധന്റെ തിരുശേഷിപ്പുകള്‍ ചാപ്പലില്‍ നിന്നും സെന്റ് വിന്‍സെന്റ് ദേവാലയത്തിലേക്ക് മാറ്റി. ഈ ദിവസം ഇന്നും വളരെ ആഘോഷപൂര്‍വ്വം കൊണ്ടാടുന്നു. 'ജെര്‍മൈന്‍ ഡെസ് പ്രേസ്' എന്ന് വിളിക്കപ്പെടുന്ന സെന്റ് വിന്‍സെന്റ് ദേവാലയത്തില്‍ വിശുദ്ധന്റെ തിരുശേഷിപ്പുകളുടെ ഭൂരിഭാഗവും ഇപ്പോഴും ഉണ്ട്.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ക്‌സാനാഡിലെ ആല്‍ബെര്‍ട്ട്

2. മേന്തോണിലെ ബെര്‍ണാര്‍ഡ്

3. റോമന്‍കാരനായ കരൗനൂസ്

4. റോമന്‍കാരനായ ക്രെഷന്‍, ഡിയോസ്‌കോറിഡെസ്, പോള്‍, ഹെല്ലാഡിയൂസ്.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.