യൂസഫലി അപകടത്തില്‍പ്പെട്ട ഹെലികോപ്ടര്‍ വില്‍പ്പനയ്ക്ക്

യൂസഫലി അപകടത്തില്‍പ്പെട്ട ഹെലികോപ്ടര്‍ വില്‍പ്പനയ്ക്ക്

കൊച്ചി: യൂസഫലി അപകടത്തില്‍പ്പെട്ട ഹെലികോപ്ടര്‍ വില്‍പ്പനയ്ക്ക്. ഇറ്റാലിയൻ കമ്പനിയായ അഗസ്ത വെസ്റ്റ്ലൻഡിന്റെ (ലിയോനാർഡോ ഹെലികോപ്റ്റർ) 109 എസ്.പി. ഹെലികോപ്റ്ററാണിത്. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയും ഭാര്യയും സഞ്ചരിച്ച ഈ ഹെലികോപ്റ്ററാണ് കഴിഞ്ഞവർഷം ഏപ്രിൽ 11 -ന് എറണാകുളം പനങ്ങാട്ടുള്ള ഒഴിഞ്ഞ ചതുപ്പിലിറക്കേണ്ടിവന്നത്.

ഒരു വർഷത്തിനിപ്പുറം ആഗോള ടെൻഡറിലൂടെയാണ് വിൽപ്പന. കൊച്ചി വിമാനത്താവളത്തിലെ ഹാങ്കറിൽ സൂക്ഷിച്ചിരിക്കുന്ന ഹെലികോപ്റ്ററിന്റെ വിൽപ്പന ഏകോപിപ്പിക്കുന്നത് ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയാണ്. ഇൻഷുറൻസ് നഷ്ടപരിഹാരം തീർപ്പാക്കുന്നതിന്റെ ഭാഗമായാണിത്. അപകടം നടന്നതിന്റെ അടുത്ത ദിവസം ട്രെയിലറിൽ റോഡ് മാർഗമാണ് ഹെലികോപ്റ്റർ മാറ്റിയത്. ഇപ്പോഴും ഇത് പറക്കാവുന്ന അവസ്ഥയിലല്ല.

എന്നാൽ അറ്റകുറ്റപ്പണികൾക്കുശേഷം വീണ്ടും ഉപയോഗിക്കാനാകുമെന്ന് അധികൃതർ പറഞ്ഞു. അല്ലെങ്കിലിതിന്റെ ഭാഗങ്ങൾ വേർതിരിച്ച് വിൽക്കാനാകും. അപകടത്തിൽപ്പെട്ട ഹെലികോപ്റ്റർ എന്നത് ടെൻഡറിൽ വ്യക്തമാക്കുന്നുണ്ട്.
ലോകത്തെ ഏറ്റവും സുരക്ഷിതമായ ഹെലികോപ്റ്ററുകളിൽ ഒന്നായാണ് ലിയോനാർഡോ 109 എസ്.പി. വിലയിരുത്തപ്പെടുന്നത്. നാലുവർഷം പഴക്കമുള്ള ഇതിന് 50 കോടിയോളം രൂപ വിലവരും. പൈലറ്റുമാരുൾപ്പെടെ ആറുപേർക്ക് ഇതിൽ സഞ്ചരിക്കാനാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.