ടെക്‌സാസ്: രാജ്യം നടുങ്ങിയ കുരുന്നുകളുടെ കൂട്ടക്കൊലയുടെ വേദനയ്ക്കിടയിലും മനം മാറ്റമില്ലാതെ അമേരിക്കയിലെ തോക്ക് ലോബി. പതിനെട്ടുകാരന്റെ തോക്കു കൊണ്ടുള്ള ക്രൂരതയില്‍ 19 കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടതിന്റെ ദുഖം തളംകെട്ടി നില്‍ക്കുമ്പോഴും ആഘോഷപൂര്‍വമായ സമ്മേളന പരിപാടികളുമായി മുന്നോട്ടു പോകുകയാണ് തോക്ക് അനൂകൂലികളുടെ സംഘടനയായ നാഷണല്‍ റൈഫിള്‍ അസോസിയേഷന്‍ (എന്‍.ആര്‍.എ).
ചൊവ്വാഴ്ച്ച ടെക്സാസിലെ എലമെന്ററി സ്‌കൂളില്‍ നടന്ന വെടിവയ്പ്പില്‍ 19 വിദ്യാര്‍ഥികളും രണ്ടു അധ്യാപകരുമടക്കം 21 പേരാണ് കൊല്ലപ്പെട്ടത്. ലോക മനസാക്ഷിയെ ആഴത്തില്‍ മുറിവേല്‍പ്പിച്ച വലിയ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് അമേരിക്കയിലെ ഏറ്റവും വലിയ ഗണ്‍ ലോബിയുടെ വാര്‍ഷിക സമ്മേളനം നടക്കുന്നത്.
ഹ്യൂസ്റ്റണില്‍ നടക്കുന്ന നാഷണല്‍ റൈഫിള്‍ അസോസിയേഷന്‍ സമ്മേളനത്തിനെതിരേ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. സമ്മേളനം നടക്കുന്ന ജോര്‍ജ് ആര്‍ ബ്രൗണ്‍ കണ്‍വെന്‍ഷന്‍ സെന്ററിനു മുന്നില്‍ ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധവുമായി തെരുവില്‍ അണിനിരന്നത്. ബാരിക്കേഡുകള്‍ സ്ഥാപിച്ച് ഹൂസ്റ്റണ്‍ പോലീസ് കനത്ത കാവല്‍ ഏര്‍പ്പെടുത്തി.
തോക്ക് അനൂകൂലികളുടെ സംഘടനയായ നാഷണല്‍ റൈഫിള്‍ അസോസിയേഷന്റെ വാര്‍ഷിക സമ്മേളന വേദിയായ ഹൂസ്റ്റണിൽ പ്രതിഷേധവുമായി എത്തിയവര്‍.
ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് നടക്കാനിരുന്ന സംഗീത പരിപാടികളും കായിക പരിപാടികളും മാറ്റിവച്ചിരുന്നു. എന്നാല്‍ ഇതൊന്നും തങ്ങളെ ബാധിക്കില്ലെന്ന മട്ടിലാണ് തോക്ക് അനുകൂലികള്‍. മൂന്നു ദിവസത്തെ സമ്മേളനത്തില്‍ കമ്പനികളുടെ ഏറ്റവും അത്യാധുനികമായ തോക്കുകളുടെ പ്രദര്‍ശവും ഉള്‍പ്പെടുന്നു. നിരവധി വിനോദ പരിപാടികളുമായി ആഘോഷപൂര്‍വമാണ് സമ്മേളനം നടത്തുന്നത്.
വെടിവയ്പ്പില്‍ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ ചിത്രങ്ങളും ശവപ്പെട്ടികളുമായാണ് പ്രതിഷേധക്കാര്‍ എത്തിയത്. നിരവധി കുട്ടികളും പങ്കെടുത്തു. 'അടുത്ത ഇര ഞാനാണോ', എന്ന് അവര്‍ ഉറക്കെ ചോദിക്കുന്നുണ്ടായിരുന്നു.
'തോക്കുകളെയല്ല, ഞങ്ങളുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കൂ', 'ഇനി ആലോചനകളും പ്രാര്‍ത്ഥനകളും വേണ്ട, നിങ്ങളുടെ ഹോബിക്ക് ബലികഴിക്കാനുള്ളതല്ല കുട്ടികളുടെ ജീവിതം', 'ഇനിയും എത്ര കുഞ്ഞുങ്ങള്‍ മരിക്കണം' എന്നിങ്ങനെയെഴുതിയ പ്ലക്കാര്‍ഡുകളും പ്രതിഷേധക്കാരുടെ കൈവശമുണ്ടായിരുന്നു. സ്‌കൂളുകളില്‍ പോലും തങ്ങളുടെ കുഞ്ഞുങ്ങള്‍ സുരക്ഷിതരല്ലെന്ന ആശങ്കയുമായി നിരവധി മാതാപിതാക്കളും പ്രതിഷേധത്തില്‍ പങ്കെടുത്തു.
കിന്റര്‍ഗാര്‍ട്ടന്‍ അധ്യാപികയായ ലോറന്‍ സാന്‍ഡര്‍ തന്റെ 11 മാസം പ്രായമുള്ള മകളുമായാണ് പ്രതിഷേധത്തിന് എത്തിയത്.
ടെക്‌സാസ് സംഭവത്തോടെ രാജ്യത്തിന്റെ മാനസികാവസ്ഥ ആഴത്തില്‍ വിഭജിക്കപ്പെട്ടതായി രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. തോക്കിനെ എതിര്‍ക്കുന്നവരും പിന്തുണയ്ക്കുന്നവരും തമ്മിലുള്ള പിരിമുറുക്കം രാജ്യത്ത്് വര്‍ധിച്ചിരിക്കുകയാണ്.
സൈന്യത്തിലേത് പോലെ എ.ആര്‍15 ശൈലിയിലുള്ള ഓട്ടോമാറ്റിക് റൈഫിളുകള്‍ വാങ്ങാനുള്ള പ്രായപരിധി ഉയര്‍ത്തണമെന്നും ഇതുപയോഗിക്കാന്‍ പരിശീലനം ആവശ്യമാണെന്നും മിലിട്ടറിയില്‍ തോക്കുകള്‍ ഉപയോഗിക്കാന്‍ പരിശീലനം സിദ്ധിച്ച റിലി പറഞ്ഞു.
മുന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടെ നിരവധി റിപ്പബ്ലിക്കന്‍ നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. അതേസമയം, കൂട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ ടെക്‌സാസില്‍നിന്നുള്ള റിപ്പബ്ലിക്കന്‍ നേതാക്കള്‍ സമ്മേളനത്തില്‍നിന്നു പിന്മാറി.
നാഷണല്‍ റൈഫിള്‍ അസോസിയേഷന്‍ (എന്‍.ആര്‍.എ) വര്‍ഷങ്ങളായി തോക്ക് നിയന്ത്രണ നിയമങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. ആയുധം കൊണ്ടുനടക്കാനുള്ള സ്വാതന്ത്രം അമേരിക്കന്‍ ഭരണഘടന അനുവദിക്കുന്നുണ്ടെന്നാണ് അവര്‍ ചൂണ്ടിക്കാണിക്കുന്നത്. ഈ വിഷയത്തില്‍ പലതരം അഭിപ്രായങ്ങളാണുള്ളത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങളില്‍ പലരും തോക്ക് നിയന്ത്രണത്തിന് എതിരാണ്. വെയ്ന്‍ ലാ പിയര്‍ ആണ് നാഷണല്‍ റൈഫിള്‍ അസോസിയേഷന്റെ തലവന്‍. 2016-ലെ തെരഞ്ഞെടുപ്പില്‍ ട്രംപിന് വേണ്ടി ഇറങ്ങിയവരില്‍ പ്രധാനിയായിരുന്നു വെയ്ന്‍.
ടെക്‌സാസ് സംഭവത്തിലുള്ള ദുഖവും സംഘടന പ്രസ്താവനയിലൂടെ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ഭീകരമായ കൂട്ടക്കൊലയ്ക്ക് ഇരയായവരോടും കുടുംബങ്ങളോടുമുള്ള അനുശോചനം രേഖപ്പെടുത്തുന്നു. മാനസിക പ്രശ്‌നമുള്ള ഒരു കുറ്റവാളിയുടെ പ്രവൃത്തിയാണിതെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു. ഹൂസ്റ്റണിലെ സമ്മേളനത്തില്‍ ഈ സംഭവത്തെക്കുറിച്ച് അവലോകനം ചെയ്യുകയും ഇരകള്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യും. സ്‌കൂളുകള്‍ സുരക്ഷിതമാക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധത ഉറപ്പാക്കുകയും ചെയ്യുമെന്ന് പ്രസ്താവനയില്‍ പറയുന്നു.
പ്രസിഡന്റായി ജോ ബൈഡന്‍ അധികാരമേറ്റപ്പോള്‍ തോക്ക് നിയന്ത്രണം കൊണ്ടു വരാനുള്ള നിയമനിര്‍മാണത്തിനായി യു.എസ്. കോണ്‍ഗ്രസില്‍ ബില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ റിപ്പബ്ലിക്കന്‍ അംഗങ്ങളുടെ എതിര്‍പ്പുമൂലം നടപടികള്‍ മുന്നോട്ടുപോയില്ല. ടെക്‌സാസ് സംഭവത്തിനു ശേഷം ബൈഡന്‍ അടക്കമുള്ളവര്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്യണമെന്ന് അപേക്ഷ മുമ്പോട്ടു വച്ചിട്ടു പോലും എതിര്‍ക്കുന്നവരുടെ മനമലിഞ്ഞില്ല എന്നതാണു യാഥാര്‍ത്ഥ്യം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.