തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിക്കുന്ന നാളെ തൃക്കാക്കരയിലെത്തി ബിജെപിയുടെ തിരഞ്ഞെടുപ്പു യോഗങ്ങളില്‍ പങ്കെടുക്കാനിരുന്ന പി.സി ജോര്‍ജിനെ തടയാന്‍ പൊലീസിന്റെ പുതിയ നീക്കം. തിരുവന്തപുരത്തെ വിവാദ പ്രസംഗ കേസില്‍ നാളെ രാവിലെ 11 ന് ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ മുന്‍പാകെ ഹാജരാകണമെന്ന് കാണിച്ച് പൊലീസ് നോട്ടീസ് നല്‍കി.
കലാശക്കൊട്ട് നടക്കുന്ന ദിവസം തൃക്കാക്കരയില്‍ പോകുമെന്നും മുഖ്യമന്ത്രിക്ക് എതിരെ ഉള്‍പ്പെടെ പറയാനുള്ള കാര്യങ്ങള്‍ പറയുമെന്നും ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ ജോര്‍ജ് പറഞ്ഞിരുന്നു. അതിനിടെ ഇപ്പോള്‍ പൊലീസ് നോട്ടീസ് നല്‍കിയിരിക്കുന്നത് ഭരണ നേതൃത്വത്തിന്റെ അറിവോടെയാണ് എന്നാണ് സൂചന. സര്‍ക്കാരിന്റെ നാടകം പുറത്തായി എന്നായിരുന്നു പി.സിയുടെ പ്രതികരണം.
തിരുവനന്തപുത്തെ പ്രസംഗ കേസിന്റെ ഭാഗമായി കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയാനുണ്ടെന്നും അതിനായി ഹാജരാകണമെന്നും കാണിച്ചാണ് ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണര്‍ എസ്. ഷാജി പി.സി ജോര്‍ജിന് നോട്ടീസ് അയച്ചിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥര്‍ എപ്പോള്‍ ആവശ്യപ്പെട്ടാലും ഹാജരാകണമെന്നത് അടക്കമുള്ള ഉപാധികളോടെയാണ് പി.സി ജോര്‍ജിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നത്. ശാസ്ത്രീയ പരിശോധനയുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.
കോടതി നല്‍കിയ ഉപാധികള്‍ അനുസരിച്ച് ഞായറാഴ്ച തിരുവനന്തപുരത്ത് ഹാജരായില്ലെങ്കില്‍ അത് കോടതി നിര്‍ദേശത്തിന്റെ ലംഘനമായി അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ ജോര്‍ജിന്റെ ജാമ്യം കോടതി റദ്ദാക്കാനും വീണ്ടും അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കാനും പോലീസിന് സാധിക്കും.
നാളെ തൃക്കാക്കരയിലെത്തുന്ന പി.സി ജോര്‍ജിന് വന്‍ സ്വീകരണ പരിപാടികളായിരുന്നു ബിജെപി ഒരുക്കിയിരുന്നത്. അതിനിടെ കോടതിവിധി കൃത്യമായി അനുസരിക്കുമെന്നും നിയമലംഘനം നടത്തില്ലെന്നും പി.സിയുടെ മകന്‍ ഷോണ്‍ ജോര്‍ജ് പ്രതികരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.