രാത്രി ഷിഫ്റ്റിന് സ്ത്രീകളെ നിർബന്ധിക്കരുത്; സൗജന്യ വാഹനവും ഭക്ഷണവും നല്‍കണം: ഉത്തരവിറക്കി യുപി സർക്കാർ

രാത്രി ഷിഫ്റ്റിന് സ്ത്രീകളെ നിർബന്ധിക്കരുത്; സൗജന്യ വാഹനവും ഭക്ഷണവും നല്‍കണം: ഉത്തരവിറക്കി യുപി സർക്കാർ

ലഖ്‌നൗ: സ്ത്രീ തൊഴിലാളികളെ രേഖാമൂലമുള്ള സമ്മതമില്ലാതെ രാത്രി ഷിഫ്റ്റ് ചെയ്യാന്‍ നിര്‍ബന്ധിക്കരുതെന്ന് ഉത്തരവിറക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഇത് സംബന്ധിച്ച്‌ ഒമ്പത് നിര്‍ദേശങ്ങള്‍ അടങ്ങുന്ന ഉത്തരവും സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയിട്ടുണ്ട്.

ഇനി മുതല്‍ ഒരു ഫാക്ടറിയിലും രാത്രി ഏഴ് മുതല്‍ രാവിലെ ആറ് വരെ സ്ത്രീകളെ ജോലി ചെയ്യാനായി നിര്‍ബന്ധിക്കാന്‍ കഴിയില്ല. ഈ സമയങ്ങളില്‍ സ്ത്രീകളെക്കൊണ്ട് ജോലി ചെയ്യിപ്പിക്കണമെങ്കില്‍ അവരുടെ രേഖാമൂലമുള്ള സമ്മതം കരസ്ഥമാക്കിയിരിക്കണം.

ഇത്തരത്തില്‍ രാത്രി സമയത്ത് ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ജോലി സ്ഥലത്തേയ്ക്കും തിരിച്ചും സൗജന്യമായി വാഹന സൗകര്യം ഏര്‍പ്പെടുത്തണം. ഭക്ഷണവും സൗജന്യമായി തന്നെ നല്‍കണം. ഇവരുടെ സുരക്ഷയ്ക്ക് മതിയായ മേല്‍നോട്ടവും ഏര്‍പ്പെടുത്തണം. രാത്രി കാലങ്ങളില്‍ ജോലി ചെയ്യാന്‍ വിസമ്മതിച്ചു എന്ന കാരണത്താല്‍ ഒരു സ്ത്രീയേയും ജോലിയില്‍ നിന്ന് പിരിച്ചുവിടരുതെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

രാത്രികാലങ്ങളിലെ ജോലിയ്ക്കായി ശുചിമുറികള്‍, വസ്ത്രം മാറാനുള്ള മുറികള്‍ എന്നിവ ഒരുക്കണം. കുടിവെള്ളവും നല്‍കണം. കുറഞ്ഞത് നാല് സ്ത്രീകളെങ്കിലും ഒരുമിച്ച്‌ ഒരേ സ്ഥലത്ത് ജോലി ചെയ്യുന്ന രീതിയിലായിരിക്കണം രാത്രികാലങ്ങളിലെ ഷിഫ്റ്റ് ക്രമീകരിക്കാന്‍. കൂടാതെ ലൈംഗികാതിക്രമങ്ങള്‍ തടയാന്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.