ഒക്ലഹോമ: ടെക്‌സാസിലെ ഉവാള്‍ഡെയില്‍ വെടിവയ്പ്പ് നടന്ന സ്‌കൂളിലും മരിച്ച കുട്ടികളുടെ കുഴിമാടത്തിലും യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ സന്ദര്‍ശനം നടത്തുന്നതിന് മണിക്കൂറുകള്‍ മുന്‍പേ അമേരിക്കയില്‍ വീണ്ടും വെടിവയ്പ്പ്. ഒക്ലഹോമയില്‍ മെമ്മോറിയല്‍ ഡേ ഫെസ്റ്റിവലിനിടെയുണ്ടായ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
തുള്‍സയില്‍ നിന്ന് 45 മൈല്‍ തെക്കുകിഴക്കായി ഒക്ലഹോമയിലെ ടാഫ്റ്റിലെ ഓള്‍ഡ് സിറ്റി സ്‌ക്വയറില്‍ നടന്ന ഒക്ലഹോമ മെമ്മോറിയല്‍ ഡേ ഫെസ്റ്റിവലിനിടെയാണ് ഞായറാഴ്ച പുലര്‍ച്ചെ വെടിവയ്പ്പ് ഉണ്ടായത്. വെടി ഉതിരുമ്പോള്‍ 1,500 പേര്‍ ഫെസ്റ്റീവല്‍ മൈതാനിയില്‍ ഉണ്ടായിരുന്നതായി സ്റ്റേറ്റ് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ വക്താവ് പറഞ്ഞു.
അര്‍ദ്ധരാത്രിക്ക് ശേഷം നടന്ന തര്‍ക്കത്തിന് ശേഷമാണ് വെടിവയ്പ്പ് ഉണ്ടായതെന്ന് ദൃക്സാക്ഷികള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. 39 കാരിയായ കറുത്ത വര്‍ഗക്കാരിയാണ് മരിച്ചത്. പരിക്കേറ്റ ഏഴ് പേരില്‍ ഒരു ഒന്‍പത് വയസുകാരനുമുണ്ട്. വെടി ശബ്ദം കേട്ട് ആളുകള്‍ പരിഭ്രാന്തരായി ചിതറി ഓടുന്നതിനിടെ വീണാണ് പരിക്ക് സംഭവിച്ചത്.
തുടര്‍ച്ചയായ വെടിയൊച്ചകള്‍ കേട്ടപ്പോള്‍ പടക്കം പൊട്ടിക്കുന്നതാണെന്നാണ് ആദ്യം കരുതിയതെന്ന് ഫെസ്റ്റിവല്‍ മൈതാനിയില്‍ റെസ്റ്റോറന്റ് നടത്തിയിരുന്ന ആള്‍ പറഞ്ഞു. ആളുകള്‍ പരിഭ്രാന്തരായി ഓടുന്നത് കണ്ടപ്പോള്‍ എന്തോ പന്തികേട് തോന്നി. നിലത്ത് വീണുപോയ ആളുകളുടെ ശരീരത്തില്‍ ചവിട്ടിയാണ് മറ്റുള്ളവര്‍ പ്രാണരക്ഷാര്‍ത്ഥം ഓടിയത്. തങ്ങള്‍ ചേര്‍ന്നാണ് ഇവിടെ രക്ഷാപ്രവര്‍ത്തനം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
വെടി ഉതിര്‍ത്തതായി സംശയിക്കുന്ന സ്‌കൈലര്‍ ബക്ക്‌നര്‍ എന്ന 26 കാരനെ അന്ന് വൈകുന്നേരം മസ്‌കോഗി കൗണ്ടി ഷെരീഫ് തിരിച്ചറിഞ്ഞു. ഇയാളെ പിടികൂടാനായിട്ടില്ല. വെടിവയ്പ്പ് നടന്ന സ്ഥലത്ത് നിന്ന് 30 മീറ്റര്‍ മാറി പോലീസ് ഉണ്ടായിരുന്നു. വെടിവയ്പ്പ് ഉണ്ടായപ്പോള്‍ തന്നെ പോലീസ് ക്രിയാത്മകമായി ഇടപെട്ടതായും അദ്ദേഹം പറഞ്ഞു.
ഉവാള്‍ഡെ സ്‌കൂളിലുണ്ടായ വെടിവയ്പ്പിന് ശേഷം തോക്ക് നിയമം ശക്തമായി നടപ്പാക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഒരാളുടെ മരണത്തിന് കാരണമായ വെടിവയ്പ്പിന് അമേരിക്ക വീണ്ടും സാക്ഷ്യം വഹിച്ചത്. ഉവാള്‍ഡെയില്‍ സ്‌കൂളിലും മരണപ്പെട്ട കുട്ടികളുടെ കുഴിമടങ്ങളിലും അവരുടെ വീടുകളിലും സന്ദര്‍ശിക്കുന്നതിനിടെ എല്ലാവരും അദ്ദേഹത്തോട് ആവശ്യപ്പെട്ടത് തോക്ക് ആക്രമണങ്ങള്‍ ഇല്ലാതാക്കാന്‍ ആവശ്യമായ നിയമനിര്‍മാണവും ശക്തമായ നടപടികളുമാണ്. അതുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പും നല്‍കിയിരുന്നു. പ്രസിഡന്റിന്റെ പ്രഖ്യാപനങ്ങള്‍ ഒരു വശത്ത് നില്‍ക്കുമ്പോള്‍ അമേരിക്കയില്‍ വെടിവയ്പ്പുകളും കൊലപാതകങ്ങളും തുടരുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.