തൃക്കാക്കരയില്‍ നിശബ്ദ പ്രചാരണം: വോട്ടുറപ്പിക്കാന്‍ മുന്നണികള്‍; പോളിങ് നാളെ, വോട്ടെണ്ണല്‍ ജൂണ്‍ മൂന്നിന്

തൃക്കാക്കരയില്‍ നിശബ്ദ പ്രചാരണം: വോട്ടുറപ്പിക്കാന്‍ മുന്നണികള്‍; പോളിങ് നാളെ, വോട്ടെണ്ണല്‍ ജൂണ്‍ മൂന്നിന്

കൊച്ചി: നാളെ വോട്ടിങ് നടക്കുന്ന തൃക്കാക്കരയില്‍ ഇന്ന് നിശബ്ദ പ്രചാരണം. വോട്ടുറപ്പിക്കാന്‍ അവസാന ശ്രമത്തില്‍ മുന്നണികള്‍. പല സ്‌ക്വാഡുകളായി തിരിഞ്ഞ് സ്ലിപ്പുകള്‍ വിതരണം ചെയ്ത് വോട്ട് ഒരിക്കല്‍ കൂടി ഉറപ്പിക്കുകയാണ് പ്രവര്‍ത്തകര്‍.

സ്ഥാനാര്‍ത്ഥികളും ഓട്ടപ്പാച്ചിലിലാണ്. യുഡിഎഫിന്റെ ഉമ തോമസ്, എല്‍ഡിഎഫിന്റെ ഡോ. ജോ ജോസഫ്, ബിജെപിയുടെ എ എന്‍ രാധാകൃഷ്ണന്‍ എന്നിവരാണ് മത്സര രംഗത്തുള്ള പ്രമുഖര്‍.

കൊച്ചി കോര്‍പ്പറേഷനിലെ 22 വാര്‍ഡുകളും തൃക്കാക്കര നഗരസഭയും ഉള്‍ക്കൊളളുന്നതാണ് മണ്ഡലം. എംഎല്‍എ പി ടി തോമസ് അന്തരിച്ചതോടെയാണ് തൃക്കാക്കരയില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. പിടി തോമസിന്റെ ഭാര്യ ഉമയെ യുഡിഎഫ് മണ്ഡലം നിലനിര്‍ത്താന്‍ രംഗത്തിറക്കിയപ്പോള്‍, എറണാകുളം ലിസി ഹോസ്പിറ്റലിലെ ഡോക്ടര്‍ ജോ ജോസഫിനെയാണ് തൃക്കാക്കര പിടിക്കാന്‍ എല്‍ഡിഎഫ് നിയോഗിച്ചത്.

നിയമസഭയില്‍ നൂറ് സീറ്റ് തികയ്ക്കുക എന്ന ലക്ഷ്യത്തിലാണ് എല്‍ഡിഎഫ്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ മണ്ഡലത്തില്‍ തങ്ങിയാണ് ഇടത് പ്രചാരണത്തിന് നേതൃത്വം നല്‍കിയത്.

കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെയും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെയും നേതൃത്വത്തില്‍ കോണ്‍ഗ്രസ് എംപിമാരും എംഎല്‍എമാരും ഡിസിസി പ്രസിഡന്റുമാരുമടക്കം വന്‍ നിരതന്നെ ഉമാ തോമസിനായി മണ്ഡലത്തില്‍ ഉണ്ടായിരുന്നു.

സിനിമാ താരവും എംപിയുമായ സുരേഷ് ഗോപി, പി.സി ജോര്‍ജ് അടക്കമുള്ളവരെ രംഗത്തിറക്കിയായിരുന്നു ബിജെപിയുടെ അവസാനവട്ട പ്രചാരണം. ജൂണ്‍ മൂന്നിനാണ് വോട്ടെണ്ണല്‍.

വോട്ടെണ്ണല്‍ കേന്ദ്രമായ എറണാകുളം മഹാരാജാസ് കോളേജില്‍ രാവിലെ 7.30 മുതല്‍ പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങും. മണ്ഡലത്തിലാകെ 239 പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ആകെ 1,96,805 വോട്ടര്‍മാരാണ് മണ്ഡത്തിലുളളത്. ഇതില്‍ 3633 കന്നി വോട്ടര്‍മാരാണ്.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.