രാജ്യത്ത് ഏറ്റവും കൂടുതൽ കാലം എയർപോർട്ട് ഡയറക്ടർ പദവി; കൊച്ചി വിമാനത്താവളം ഡയറക്ടർ എ.സി.കെ നായർ പടിയിറങ്ങുന്നു

രാജ്യത്ത് ഏറ്റവും കൂടുതൽ കാലം എയർപോർട്ട് ഡയറക്ടർ പദവി;  കൊച്ചി വിമാനത്താവളം ഡയറക്ടർ എ.സി.കെ നായർ പടിയിറങ്ങുന്നു

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഡയറക്ടർ എ.സി.കെ നായർ വിരമിക്കുന്നു. 2004 മുതൽ കൊച്ചി വിമാനത്താവള ഡയറക്ടറാണ് അദ്ദേഹം. കൊച്ചി വിമാനത്താവള വികസനത്തിൽ നിർണായക പങ്കുവഹിച്ച വ്യക്തികളിൽ ഒരാളാണ്.

തിരുവനന്തപുരം സ്വദേശിയായ എ.സി.കെ.നായർ 1984-ലാണ് തിരുവനന്തപുരം എൻജിനീയറിങ് കോളേജിൽനിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിടെക് നേടിയത്. 1989-ൽ എയർപോർട്ട് അതോറിറ്റിയിൽ ചേരുന്നതിന് മുൻപു രണ്ടുവർഷത്തോളം ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസിൽ ജോലി ചെയ്തിരുന്നു.

കൊച്ചിയിൽ അന്താരാഷ്ട്ര വിമാനത്താവള നിർമാണത്തിന് കേന്ദ്രാനുമതി ലഭിച്ചതിനെ തുടർന്ന് 1996-ൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഇലക്ട്രിക്കൽ വിഭാഗം ചെന്നൈ മേഖലാ മേധാവിയായിരുന്ന എ.സി.കെ. നായർ ഡപ്യൂട്ടേഷനിലാണ് സിയാലിൽ എത്തിയത്. ഡപ്യൂട്ടേഷൻ കാലാവധി കഴിഞ്ഞ് സിയാലിന്റെ അഭ്യർഥനയനുസരിച്ച് 2000 ൽ കൊച്ചി വിമാനത്താവളത്തിന്റെ ഇലക്ട്രിക്കൽ വിഭാഗം ഡപ്യൂട്ടി ജനറൽ മാനേജരായി ചുമതലയേറ്റു.

2004 ൽ എയർപോർട്ട് ഡയറക്ടറായി സർവീസിലിരിക്കെ എംബിഎ കരസ്ഥമാക്കി. വിമാനത്താവള ഓപ്പറേറ്റർമാരുടെ രാജ്യാന്തര സംഘടനയായ എയർപോർട്ട് കൗൺസിൽ ഇന്റർനാഷനലിന്റെ ഏഷ്യാ പസഫിക് ഡയറക്ടറായി ആറുവർഷം പ്രവർത്തിച്ചു.

കൊച്ചി വിമാനത്താവള ഡയറക്ടർ സ്ഥാനത്തിനൊപ്പം ഇലക്ട്രിക്കൽ, ഐടി, കാർഗോ, ഫയർ, സെക്യൂരിറ്റി വിഭാഗങ്ങളുടെ ചുമതലയും, കൊച്ചിൻ ഇന്റർനാഷനൽ ഏവിയേഷൻ സർവീസസ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടർ സ്ഥാനവും വഹിച്ചിരുന്നു. 

2006 ൽ ഒരു മാസത്തോളം സിയാലിന്റെ മാനേജിങ് ഡയറക്ടറുടെ താൽക്കാലിക ചുമതലയും നിറവേറ്റി. കൊച്ചി വിമാനത്താവളത്തിന് അത്യാധുനിക വൈദ്യുതി വിതരണ സംവിധാനം, ഇന്റഗ്രേറ്റഡ് എയർപോർട്ട് മാനേജ്‌മെന്റ് സിസ്റ്റം, ഇന്ത്യയിലെ ആദ്യത്തെ സി.ടി അധിഷ്ഠിത ബാഗേജ് സ്‌ക്രീനിങ് സംവിധാനം എന്നിവ എ.സി.കെ.നായരുടെ മുൻകൈയിലാണ് പൂർത്തിയായത്.

രാജ്യത്ത് ഏറ്റവും കൂടുതൽ കാലം എയർപോർട്ട് ഡയറക്ടർ പദവിയിൽ സേവനം അനുഷ്ഠിച്ച വ്യക്തി എന്ന റെക്കോർഡ് സ്വന്തമാക്കി കൊണ്ടാണ് അദ്ദേഹം പടിയിറങ്ങുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.