വിനോദസഞ്ചാരികൾക്ക് കണ്ണിനു കുളിർമയും മനസിന് സന്തോഷവും നൽകുന്ന അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ ദൃശ്യ വിരുന്നാണ് കേരളമെന്ന കൊച്ചു സംസ്ഥാനം ഒരുക്കുന്നത്. തിരുവനന്തപുരത്ത് പൊൻമുടിയും കല്ലാറും മാത്രമല്ല പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കാവുന്ന മറ്റിടങ്ങളും ഇവിടെയുണ്ട്.
ഏറ്റവും സുന്ദരമായ സൂര്യോദയവും അസ്തമയവും കാണാൻ പറ്റുന്ന മനോഹരമായ വ്യൂപോയിന്റാണ് തിരുവനന്തപുരത്തിന്റെ മീശപ്പുലിമലയെന്ന് അറിയപ്പെടുന്ന ‘ചിറ്റിപ്പാറ’. അഗസ്ത്യമലയ്ക്ക് പുറകിൽ നിന്ന് സൂര്യൻ ഉദിച്ചുയരുന്ന മനോഹര കാഴ്ച കാണാൻ അതിരാവിലെ തന്നെ ചിറ്റിപ്പാറയിൽ എത്തണം.
പഞ്ഞിക്കെട്ടുകൾ പോലെ പരന്ന് കിടക്കുന്ന മേഘങ്ങൾക്ക് മുകളിലേക്ക് സൂര്യന്റെ സ്വർണവർണ പടരുന്ന കാഴ്ച വാക്കുകളാൽ വർണ്ണിക്കാൻ പറ്റാത്തത്ര സൗന്ദര്യമാണ് കാഴ്ചക്കാർക്ക് സമ്മാനിക്കുന്നത്. 360 ഡിഗ്രിയിൽ നിറഞ്ഞുനിൽക്കുകയാണ് ഈ കാഴ്ച. ചിറ്റിപ്പാറയ്ക്ക് മുകളിൽ ഏതുസമയത്തും വീശുന്ന തണുത്തകാറ്റ്. സൂര്യന്റെ ചൂട് കൂടുന്ന നിമിഷം മഞ്ഞും മേഘങ്ങളും മാഞ്ഞുപോകും. എങ്കിലും ചിറ്റിപ്പാറ ഒരുക്കിവയ്ക്കുന്ന വിദൂരദൃശ്യങ്ങൾ സഞ്ചാരികളുടെ മനം നിറയ്ക്കും.

പന്ത്രണ്ടേക്കാർ വരുന്ന തരിശ്ശായ പാറകൊണ്ടുള്ള കുന്നാണ് ചിറ്റിപ്പാറ.1600 അടിയോളം ഉയരംവരും. ട്രെക്കിങ്ങിനും റോക്ക് ക്ലൈമ്പിങ്ങിനും പറ്റിയ സ്ഥലം. പൊൻമുടിയുടെ മനോഹാരിത ആസ്വദിച്ച് മടങ്ങുന്നവരാണ് മിക്ക വിനോദസഞ്ചാരികളും.
നഗരതിരക്കുകളിൽ നിന്നും മാറി ശാന്തമായ അന്തരീക്ഷത്തിൽ ശുദ്ധവായു ശ്വസിച്ച് പ്രകൃതിയുടെ മടിത്തട്ടിൽ സ്വസ്ഥമായി ഇരിക്കാനൊരിടം അതാണ് ചിറ്റിപ്പാറ. വിനോദസഞ്ചാരികൾക്ക് ഒരു പ്രത്യേക ദൃശ്യാനുഭൂതി തന്നെയാണ് ഇവിടെ നിന്ന് ലഭിക്കുന്നത്. കേരളത്തിലെ മറ്റു ഹിൽസ്റ്റേഷനുകളെ പോലെ തന്നെ മനോഹരമാണ് ചിറ്റിപ്പാറയും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v