സ്ത്രീക്ക് സ്വന്തം വീട്ടിലും ഭര്‍തൃഗൃഹത്തിലും ഒരുപോലെ അവകാശം: സുപ്രീം കോടതി

സ്ത്രീക്ക് സ്വന്തം വീട്ടിലും ഭര്‍തൃഗൃഹത്തിലും ഒരുപോലെ അവകാശം: സുപ്രീം കോടതി

ന്യൂഡൽഹി: സ്ത്രീകൾക്കെതിരെയുള്ള സ്ത്രീധനപീഡനങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ നിർണായക നിർദേശവുമായി സുപ്രീം കോടതി. സ്ത്രീക്ക് സ്വന്തം വീട്ടിലും ഭർതൃഗൃഹത്തിലും ഒരുപോലെ അവകാശമുണ്ടെന്നും അവിടെനിന്ന് അവരെ പുറത്താക്കാനാകില്ലെന്നും സുപ്രീം കോടതി പറഞ്ഞു.

സ്ത്രീകളുടെ പ്രവൃത്തികളിൽ പരാതിയുണ്ടെങ്കിൽ മുതിർന്നവരുൾപ്പടെയുള്ള കുടുംബാംഗങ്ങളിൽനിന്ന് അകലം പാലിക്കണമെന്ന് നിർദേശം നൽകാമെന്നും ജസ്റ്റിസുമാരായ അജയ് റസ്തോഗി, ബി.വി. നാഗരത്‌ന എന്നിവരുൾപ്പെട്ട അവധിക്കാല ബെഞ്ച് അഭിപ്രായപ്പെട്ടു.

ഭർതൃഗൃഹത്തിൽ തനിക്കും ഭർത്താവിനും താമസം നിഷേധിക്കുന്നെന്ന പരാതിയുമായി മഹാരാഷ്ട്ര സ്വദേശി സമർപ്പിച്ച അപ്പീലിലാണ് കോടതിയുടെ നിരീക്ഷണം. ജൂൺ രണ്ടിന് ഹർജി പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.
അന്നേദിവസം പരാതിക്കാരിയുടെ ഭർത്താവിന്റെ രക്ഷിതാക്കളോട് വീഡിയോ കോൺഫറൻസിങ്ങിലൂടെ ആശയവിനിമയം നടത്താൻ സംവിധാനമൊരുക്കണമെന്ന് രജിസ്ട്രിക്കും നിർദേശം നൽകി.

ഇന്ത്യയിലെ ഭൂരിഭാഗം സ്ത്രീകളും മാതാപിതാക്കൾ അല്ലെങ്കിൽ ഭർത്തൃമാതാപിതാക്കൾ എന്നിവരുമായി പങ്കിട്ട് കുടുംബജീവിതം നയിക്കുന്നവരാണ്. പലരും വിദ്യാസമ്പന്നരോ സ്വന്തമായി വരുമാനമുള്ളവരോ ആയിരിക്കില്ല. അവരെ വീട്ടിൽനിന്ന് പുറത്താക്കാൻ ആർക്കും അവകാശമില്ലെന്നും ജസ്റ്റിസ് നാഗരത്ന പറഞ്ഞു.

മുതിർന്ന പൗരന്മാരുടെ അവകാശസംരക്ഷണ നിയമപ്രകാരം മകനെയും മരുമകളെയും വീട്ടിൽനിന്ന് ഒഴിവാക്കിത്തരണമെന്നാവശ്യപ്പെട്ട് യുവതിയുടെ ഭർതൃപിതാവാണ് ആദ്യം ട്രിബ്യൂണലിനെ സമീപിച്ചത്. ഇതേത്തുടർന്ന് ദമ്പതിമാരോട് വീട്ടിൽനിന്ന് ഒഴിയണമെന്നും 25,000 രൂപ പ്രതിമാസം ജീവനാംശമായി പരാതിക്കാരന് നൽകണമെന്നും ട്രിബ്യൂണൽ ഉത്തരവിട്ടു.

ഇതിനെതിരേ യുവതി ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂലവിധിയുണ്ടായില്ല. അതിനെതിരേയാണ് അപ്പീൽ നൽകിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.