കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെട്ടുള്ള ഹര്‍ജി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പരിഗണിക്കരുതെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി തള്ളി.
ആദ്യം മുതല്‍ ഈ കേസ് പരിഗണിക്കുന്നതിനാല്‍ തനിക്ക് നിയമപരമായി ഈ കേസില്‍ നിന്ന് പിന്മാറുക സാധ്യമല്ലെന്ന് നടിയുടെ ആവശ്യം നിരസിച്ചുകൊണ്ട് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് വ്യക്തമാക്കി.
തുടരന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതി നിലപാട് അറിയിച്ചത്. മുമ്പ് തുടരന്വേഷണത്തിന് സമയം നീട്ടി നല്‍കിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ കോടതിയാണ്.
നേരത്തെ അന്വേഷണം അട്ടിമറിക്കുന്നതായി ആരോപിച്ച് നടി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാറിയിരുന്നു. നടിയുടെ ആവശ്യം അംഗീകരിച്ചാണ് ഹര്‍ജി പരിഗണിക്കുന്നതില്‍നിന്ന് ജഡ്ജി പിന്മാറിയത്.
അതേസമയം നടിയെ ആക്രമിച്ച കേസില്‍ അതിജീവിതക്കൊപ്പമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന നടിയുടെ ആവശ്യത്തില്‍ അനുകൂല നിലപാടാണുള്ളതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അതിജീവിതയുടെ ഹര്‍ജിയില്‍ നല്‍കിയ മറുപടിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് രണ്ടുവട്ടം തുറന്നു എന്നുള്ള ഫോറന്‍സിക് സയന്‍സ് ലാബിലെ റിപ്പോര്‍ട്ടും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 2018 ല്‍ കോടതി ആവശ്യത്തിനല്ലാതെ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ രണ്ടു വട്ടം മാറിയെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായി.
2018 ജനുവരി 09, ഡിസംബര്‍ 13 നുമാണ് മെമ്മറി കാര്‍ഡുകള്‍ തുറന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ക്രൈംബ്രാഞ്ച് നല്‍കിയ ഹര്‍ജി കോടതി തള്ളിക്കളയുകയാണ് ചെയ്തത്. ഹര്‍ജി തള്ളിയ കാര്യം രഹസ്യമാക്കി വെച്ചെന്നും അന്വേഷണ ഉദ്യോഗസ്ഥരെയോ പ്രോസിക്യൂഷനെയോ അറിയിച്ചില്ലെന്നും സര്‍ക്കാര്‍ മറുപടിയില്‍ പറയുന്നു.
നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപിന്റെ കൈവശമുണ്ടെന്ന വാദം പ്രോസിക്യൂഷന്‍ ആവര്‍ത്തിച്ചിട്ടുണ്ട്. ദിലീപിന്റെ ഫോണില്‍ നിന്നും പിടിച്ചെടുത്ത രേഖകള്‍ പരിശോധിക്കാന്‍ കൂടുതല്‍ സാവകാശം വേണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍ നടിയെ ആക്രമിച്ച കേസില്‍ അന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കരുതെന്ന് ദിലീപ് ആവശ്യപ്പെട്ടു. ആക്രമണ ദൃശ്യങ്ങള്‍ തന്റെ കൈവശമുണ്ടെന്ന ക്രൈംബ്രാഞ്ചിന്റെ ആരോപണം തെറ്റാണ്. ഫോണുകള്‍ പിടിച്ചെടുക്കാനുള്ള നീക്കം തടയണം. ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന പ്രോസിക്യൂഷന്റെ ആവശ്യവും ദിലീപ് കോടതിയില്‍ എതിര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.