കോഴിക്കോട്: കോടഞ്ചേരിയില്‍ കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു. ഞാളിയത്ത് യോഹന്നാന്റെ കൃഷിയിടത്തില്‍ ഇറങ്ങിയ പന്നിയെയാണ് പഞ്ചായത്തിന്റെ അനുമതിയോടെ വെടിവെച്ച് കൊന്നത്. സര്‍ക്കാര്‍ ഉത്തരവിലെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചായിരുന്നു നടപടിക്രമങ്ങള്‍. തോക്ക് ലൈസന്‍സുള്ള ബാബു എന്ന ആളാണ് പന്നിയെ വെടിവെച്ചത്.
ജനവാസ മേഖലകളില്‍ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവയ്ക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടു പന്നികളെ അനുയോജ്യമായ മാര്‍ഗങ്ങളിലൂടെ കൊല്ലാന്‍ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ തലവന്മാര്‍ക്ക് അധികാരം നല്‍കുന്നതാണ് ഉത്തരവ്. ഇതിനായി തദ്ദേശ സ്ഥാപനങ്ങളുടെ തലവന്മാര്‍ക്ക് ഓണററി വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ എന്ന പദവി നല്‍കിയിട്ടുണ്ട്.
അതേസമയം വിഷപ്രയോഗത്തിലൂടെയോ ഷോക്കേല്‍പ്പിച്ചോ സ്‌ഫോടക വ്‌സതുക്കള്‍ ഉപയോഗിച്ചോ കാട്ടുപന്നികളെ കൊല്ലാനാകില്ല. സംസ്ഥാനത്ത് ജനവാസ മേഖലകളില്‍ കാട്ടുപന്നി ശല്യം രൂക്ഷമായതിനെ തുടര്‍ന്നാണ് തീരുമാനം. അതേസമയം കാട്ടുപന്നികളെ വെടിവെയ്ക്കാനുള്ള അനുമതിയുടെ മറവില്‍ മൃഗവേട്ട അനുവദിക്കില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. അത്തരം പ്രവര്‍ത്തികള്‍ക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം നപടിയെടുക്കും. പരീക്ഷണാടിസ്ഥാനത്തിലാണ് അനുമതി നല്‍കിയത്. ഒരുവര്‍ഷത്തിന് ശേഷം നയം പുനപരിശോധിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.
നിബന്ധനകള്‍
അതാത് പ്രദേശങ്ങളിലെ സാഹചര്യം അനുസരിച്ച് പന്നിയെ വെടിവച്ചിടാന്‍ ഉത്തരവിടാം, ഇതിനായി തോക്ക് ലൈസന്‍സുള്ള ഒരാളെ ചുമതലപ്പെടുത്തണം. പൊലീസിനോടും ആവശ്യപ്പെടാം.
വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാകണം വെടിവയ്‌ക്കേണ്ടത്.
കാട്ടുപന്നികളെ കൊല്ലുന്ന വേളയില്‍ മനുഷ്യ ജീവനും സ്വത്തിനും വളര്‍ത്തു മൃഗങ്ങള്‍ക്കും ഇതര വന്യ മൃഗങ്ങള്‍ക്കും ഹാനിയുണ്ടാകില്ലെന്ന് ഉറപ്പ് വരുത്തണം.
കൊന്ന ശേഷം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മഹസര്‍ തയ്യാറാക്കി പോസ്റ്റുമോര്‍ട്ട് നടത്തണം. കൊല്ലപ്പെടുന്ന കാട്ടുപന്നിയുടെ ജഡം ശാസ്ത്രീയമായി സംസ്‌കരിക്കണം. കാട്ടുപന്നികളെ കൊല്ലാനും ജഡം സംസ്‌കരിക്കാനും ജനജാഗ്രതാ സമിതികളുടെ സേവനം പ്രയോജനപ്പെടുത്താം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.