ആരാധകർക്ക് നടുവില്‍ ഉലകനായകന്‍, വിക്രം ട്രെയിലർ ബുർജ് ഖലീഫയില്‍ പ്രദർശിപ്പിച്ചു

ആരാധകർക്ക് നടുവില്‍ ഉലകനായകന്‍, വിക്രം ട്രെയിലർ ബുർജ് ഖലീഫയില്‍ പ്രദർശിപ്പിച്ചു

ദുബായ്: ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന കമല്‍ ഹാസന്‍ ചിത്രം വിക്രമിന്‍റെ ട്രെയിലർ ബുർജ് ഖലീഫയില്‍ പ്രദർശിപ്പിച്ചു. ബുധനാഴ്ച രാത്രി 8.10 നായിരുന്നു ട്രെയിലർ ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയില്‍ തെളിഞ്ഞത്. കമല്‍ ഹാസനും ട്രെയിലർ കാണാനായി എത്തിയിരുന്നു. 

ജൂണ്‍ മൂന്നിനാണ് വിക്രമിന്‍റെ വേള്‍ഡ് വൈഡ് റിലീസ്. ഇതിന്‍റെ ഭാഗമായാണ് കമല്‍ ഹാസന്‍ ദുബായില്‍ എത്തിയത്. ട്രെയിലറിനൊപ്പം ഉലകനായകനെ നേരില്‍ കാണാന്‍ നിരവധി ആരാധകരാണ് ബുർജ് ഖലീഫയ്ക്ക് അരികിലെത്തിയത്. അഡ്രസ് ഡൗണ്‍ ടൗണില്‍ ആരാധകരെ കമല്‍ ഹാസന്‍ അഭിവാദ്യം ചെയ്തു. ഇതോടെ ആരാധകരുടെ ആവേശം ഇരട്ടിയായി. 


ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി ദുബായ് മാളിലെ റീല്‍ സിനിമാസില്‍ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങള്‍ക്കും കമല്‍ ഹാസന്‍ മറുപടി നല‍്കി. 

15 വർഷം മുന്‍പ് താന്‍ സിനിമ സംവിധാനം ചെയ്യുമ്പോള്‍ ആലോചിക്കാന്‍ പോലുമാകാത്ത കാര്യങ്ങള്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇന്ന് സിനിമയില്‍ നടക്കുന്നുണ്ട്. വിക്രവും ആ യാത്രയുടെ ഭാഗമാണ്. അതിന്‍റെ ഗുണം സിനിമയ്ക്കുണ്ടെന്നും ഒരിക്കലും നിരാശപ്പെടുത്തില്ലെന്നും കമല്‍ ഹാസന്‍ പറഞ്ഞു. 


ഒടിടി സിനിമയ്ക്ക് ദോഷമല്ല. സാറ്റലൈറ്റ് റൈറ്റ് പോലെ ഒടിടിയും സിനിമയ്ക്ക് കൂടുതല്‍ വരുമാനം നല്‍കുന്നു. പ്രേക്ഷകരുടെ റോള്‍ തന്നെയാണ് ഇതില്‍ പ്രധാനം. എന്നും പ്രേക്ഷകനായി ഇരിക്കാനാണ് തനിക്ക് ഇഷ്ടമെന്നും അദ്ദേഹം പറഞ്ഞു. 

കരിയർ ആരംഭിച്ചത് മലയാളത്തില്‍ നിന്നാണ്, ആ സ്നേഹം തനിക്ക് മലയാളത്തോട് എന്നുമുണ്ട്. എന്നാല്‍ മലയാളത്തില്‍ ഒരു സിനിമയെന്നുളളതിന് പ്രതിഫലമുള്‍പ്പടെ പല കാര്യങ്ങളും തടസ്സമായി നില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

രാജ്കമൽ ഫിലിംസ് ഇന്റർനാഷണലിന്‍റെ ബാനറിൽ കമൽഹാസൻതന്നെയാണ് ചിത്രം നിർമിച്ചിരിക്കുന്നത്
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തില്‍ കമൽ ഹാസനെ കൂടാതെ വിജയ് സേതുപതി, ഫഹദ് ഫാസിൽ, സൂര്യ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.