ന്യൂയോര്‍ക്ക്: അമേരിക്കയിലെ ബ്രൂക്ക്‌ലിന്‍ സബ്‌വേയില്‍ നടന്ന വെടിവയ്പ്പില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ നഷ്ടപരിഹാരം ആവശ്യപ്പെട്ട് തോക്ക് നിര്‍മാണ കമ്പനിക്കെതിരെ കേസ് ഫയല്‍ ചെയ്തു. തോക്ക് നിര്‍മ്മാതാക്കളായ ഗ്ലോക്ക് ഇന്‍കോര്‍പ്പറേഷനെതിരെയും ഓസ്ട്രിയ ആസ്ഥാനമായുള്ള അതിന്റെ മാതൃസ്ഥാപനത്തിനെതിരെയുമാണ് കേസ് ഫയല്‍ ചെയ്തത്.
ന്യൂയോര്‍ക്കിലും അമേരിക്ക ഉടനീളവും നടക്കുന്ന തോക്ക് അക്രമണങ്ങളുടെ അടിസ്ഥാന കാരണക്കാര്‍ ഇത്തരം തോക്ക് നിര്‍മാണ സ്ഥാപനമാണെന്നും സംസ്ഥാനത്തിന്റെ പൊതുജനാരോഗ്യവും സുരക്ഷയും അപകടത്തിലാക്കുന്നതാണ് ഇവരുടെ ഉല്‍പ്പന്നങ്ങളെന്നും ചൂണ്ടിക്കാട്ടിയാണ് ഐലീന്‍ സ്റ്റ്യൂറും എന്ന സ്ത്രീ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ഏപ്രില്‍ 12 ന് രാവിലെയാണ് ബ്രൂക്ക്‌ലിന്‍ സബ്വേയില്‍ വെടിവയ്പ്പ് ഉണ്ടായത്. 10 പേര്‍ കൊല്ലപ്പെടുകയും 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ ഫ്രാങ്ക് ജെയിംസ് (62) എന്ന ആളെ അടുത്ത ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 33 തവണയാണ് ഇയാള്‍ വെടി ഉതിര്‍ത്തത്.
49 കാരിയായ ഐലീന്‍ സ്റ്റ്യൂര്‍ ജോലിക്ക് പോകുന്നതിനിടെയാണ് വെടിയേറ്റത്. ഒരു വെടിയുണ്ട അവളുടെ പുറകില്‍ നട്ടെല്ലിന്റെ താഴ്ഭാഗത്തായി പതിച്ചു. നട്ടെല്ലിന്റെ ഒരു ഭാഗം ഒടിയുകയും സ്ഥിരമായ ശാരീരിക വൈകല്യത്തിനിടയാകുകയും ചെയ്തു എന്നാണ് കേസ് ഫയലിലുള്ളത്.
ഗ്ലോക്ക് 9 എംഎം എന്ന കൈത്തോക്കാണ് കൃത്യത്തിനായി ഉപയോഗിച്ചതെന്ന് പോലീസ് പിന്നീട് കണ്ടെത്തി. ഇതിന്റെ നിര്‍മാതാക്കള്‍ ഗ്ലോക്ക് ഇന്‍കോര്‍പ്പറേഷനായതിനാലാണ് അവര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തത്.
തോക്ക് അക്രമണങ്ങളില്‍ ഇരയാകുന്നവര്‍ക്ക് തോക്ക് നിര്‍മാതാക്കളില്‍ നിന്നും ഡീലര്‍മാരില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കാമെന്ന 2021 നില്‍ ന്യൂയോര്‍ക്ക് സംസ്ഥാനം ഇറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത് ഐലീന്‍ സ്റ്റ്യൂറുന്റെ അഭിഭാഷകന്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.