ഫലമറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; സീന്യൂസ് സര്‍വ്വേ പ്രവചിക്കുന്നത് ഉമയുടെ വിജയം

ഫലമറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; സീന്യൂസ് സര്‍വ്വേ പ്രവചിക്കുന്നത് ഉമയുടെ വിജയം

സീന്യൂസ് മണ്ഡലത്തില്‍ ഉടനീളം നടത്തിയ സര്‍വ്വേയില്‍ പോള്‍ ചെയ്ത വോട്ടില്‍ 43 ശതമാനം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസും 33 ശതമാനം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ.ജോ ജോസഫും 24 ശതമാനം ബിജെപി സ്ഥാനാര്‍ത്ഥി എ.എന്‍ രാധാകൃഷ്ണനും നേടുമെന്ന് വ്യക്തമാക്കുന്നു.

കൊച്ചി: തൃക്കാക്കരയിലെ തീ പാറുന്ന തിരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ ഫലമറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ യുഡിഎഫും എല്‍ഡിഎഫും തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. വിജയം അവകാശപ്പെടുന്നില്ലെങ്കിലും പാര്‍ട്ടിയുടെ ലിസ്റ്റില്‍ സി ഗ്രേഡായ മണ്ഡലം എ ഗ്രേഡാക്കി മാറ്റുമെന്നാണ് ബിജെപി സ്ഥാനാര്‍ത്ഥി എ.എന്‍ രാധാകൃഷ്ണന്‍ ഇന്ന് വ്യക്തമാക്കിയത്.

ഇതിനിടെ സീന്യൂസ് ലൈവ് സംഘടിപ്പിച്ച സര്‍വ്വേ പ്രവചിക്കുന്നത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസിന്റെ വിജയമാണ്. സീന്യൂസ് മണ്ഡലത്തില്‍ ഉടനീളം നടത്തിയ സര്‍വ്വേയില്‍ പോള്‍ ചെയ്ത വോട്ടില്‍ 43 ശതമാനം ഉമാ തോമസും 33 ശതമാനം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ.ജോ ജോസഫും 24 ശതമാനം ബിജെപി സ്ഥാനാര്‍ത്ഥി എ.എന്‍ രാധാകൃഷ്ണനും നേടുമെന്ന് വ്യക്തമാക്കുന്നു.

വിജയിക്കുമെങ്കിലും തൃക്കാക്കരയില്‍ ഭൂരിപക്ഷം കുറയുമെന്നാണ് ജില്ലാ യുഡിഎഫ് നേതൃത്വം വ്യക്തമാക്കുന്നത്. അയ്യായിരം മുതല്‍ എട്ടായിരം വരെ വോട്ടുകള്‍ക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിക്കുമെന്നാണ് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ഡൊമിനിക് പ്രസന്റേഷന്‍ കണക്കു കൂട്ടുന്നത്. യുഡിഎഫ് ശക്തി കേന്ദ്രങ്ങളില്‍ പോളിങ് കുറഞ്ഞുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ഡൊമനിക് പ്രസന്റേഷന്റെ പ്രതികരണം.

ആകെയുള്ള 1,96,805 വോട്ടര്‍മാരില്‍ 1,35,342 പേര്‍ വോട്ടു ചെയ്തു. പോളിങ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെക്കാള്‍ താഴെ പോയത് ട്വന്റി-20 വോട്ടുകളില്‍ ഒരു പങ്ക് ചെയ്യാതെ പോയതാണെന്ന വിലയിരുത്തലുമുണ്ട്. ട്വന്റി-20 സ്ഥാനാര്‍ഥിയെ നിര്‍ത്താതെ മാറി നിന്നതിനാല്‍ കഴിഞ്ഞ തവണ അവര്‍ക്ക് വോട്ടുചെയ്ത ഒരു വിഭാഗം പോളിങ് സ്റ്റേഷനിലേക്ക് പോയില്ലെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍.

കോര്‍പ്പറേഷനിലെ യു.ഡി.എഫ് കേന്ദ്രങ്ങളില്‍ പോളിങ് കുറഞ്ഞു എന്നതാണ് ഇത്തവണത്തെ പ്രത്യേകത. അതേസമയം തൃക്കാക്കര മുനിസിപ്പാലിറ്റിയില്‍ പോളിങ് ഉയരുകയും ചെയ്തു. മണ്ഡലത്തില്‍ ഏറ്റവും ഉയര്‍ന്ന പോളിങ് തൃക്കാക്കര, കൊല്ലംകുടിമുകള്‍, ചളിക്കവട്ടം ബൂത്തുകളിലാണ്. കുറവ് പനമ്പിള്ളി നഗര്‍, ഇടപ്പള്ളി, കടവന്ത്ര ബൂത്തുകളിലും. യു.ഡി.എഫിന് ശക്തമായ നഗര ബൂത്തുകളിലാണ് പോളിങ് കുറഞ്ഞിരിക്കുന്നത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പി.ടി തോമസിന് ഏറെ തുണയായത് ഈ ബൂത്തുകളിലെ മുന്നേറ്റമായിരുന്നു. അതേസമയം നഗരത്തിലെ സി.പി.എം. ശക്തികേന്ദ്രമായ ചളിക്കവട്ടം, വൈറ്റില, വെണ്ണല ഭാഗങ്ങളിലെ പോളിങ് ഉയര്‍ന്നിട്ടുമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.