കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അധിക കുറ്റപത്രം നല്‍കാന്‍ സമയം നീട്ടി നല്‍കണമെന്ന ക്രൈം ബ്രാഞ്ച് ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് കൗസര്‍ എടപഗത്ത് രാവിലെ വിധി പറയും. മൂന്ന് മാസം സമയം നീട്ടി നല്‍കണമെന്നാണ് ക്രൈം ബ്രാഞ്ചിന്റെ ആവശ്യം. തുടര്‍ അന്വേഷണത്തില്‍ ദിലീപിനും കൂട്ട് പ്രതികള്‍ക്കുമെതിരെ നിരവധിയായ കണ്ടെത്തലുകള്‍ ഉണ്ടായിട്ടുണ്ടെന്നും ദിലീപിന്റെ ഫോണുകളില്‍ നിന്ന് പിടിച്ചെടുത്ത വിവരങ്ങള്‍ പരിശോധിക്കാന്‍ കൂടുതല്‍ സമയം വേണമെന്നുമാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്.
എന്നാല്‍ ഒരു ദിവസം പോലും സമയം നീട്ടി നല്‍കരുതെന്നും വിചാരണ തടയാനാണ് പ്രോസിക്യൂഷന്റെ ശ്രമമെന്നും ദിലീപ് കോടതിയെ അറിയിച്ചിട്ടുണ്ട്. അതേസമയം കോടതിയുടെ കസ്റ്റഡിയിലിരിക്കെ ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ ആശങ്കയുണ്ടെന്നും ദൃശ്യം ലീക്ക് ആകുമോ എന്ന് ഭയം ഉണ്ടെന്നും അതിജീവിത കോടതിയെ അറിയിച്ചിട്ടുണ്ട്. കേസില്‍ സ്വതന്ത്രമായ അന്വേഷണത്തിന് കൂടുതല്‍ സാവകാശം നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനിടെ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കെതിരെ കോടതിയലക്ഷ്യ നടപടിക്കനുമതി തേടി അഡ്വക്കേറ്റ് ജനറലിന് അപേക്ഷ ലഭിച്ചിട്ടുണ്ട്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കോടതിക്കെതിരായ പരാമര്‍ശം കോടതിയലക്ഷ്യമാണെന്നാണ് പരാതി. ഹൈക്കോടതിയിലെ അഭിഭാഷകനായ എം ആര്‍ ധനിലാണ് അഡ്വക്കേറ്റ് ജനറലിന് അപേക്ഷ നല്‍കിയത്. ജുഡീഷ്യറിയെ അപമാനിക്കുന്നതാണ് പരാമര്‍ശങ്ങളെന്നും കോടതിയലക്ഷ്യമാണെന്നുമാണ് പരാതിക്കാരന്റെ ആക്ഷേപം.
നടിയെ ആക്രമിച്ച കേസില്‍ കോടതി നേരത്തെ വിധി എഴുതിവച്ചുവെന്നും ഇപ്പോള്‍ നടക്കുന്നത് നാടകമാണെന്നുമായിരുന്നു ഭാഗ്യലക്ഷ്മിയുടെ വിമര്‍ശനം. സാധാരണക്കാരനും ഉന്നതനും രണ്ട് നീതിയാണ്. നീതി പീഠത്തോട് ഭയവും സംശയവുമാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു. ആക്രമിക്കപ്പെട്ട നടിയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ തൃശൂരില്‍ സംഘടിപ്പിച്ച സാംസ്‌കാരിക സദസില്‍ പങ്കെടുത്ത് കൊണ്ടായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.