തോക്ക് വില്‍പന നിരോധിക്കാന്‍ അഭ്യര്‍ഥിച്ച് ജോ ബൈഡന്‍; അമേരിക്കയില്‍ വീണ്ടും വെടിവയ്പ്പ്

തോക്ക് വില്‍പന നിരോധിക്കാന്‍ അഭ്യര്‍ഥിച്ച് ജോ ബൈഡന്‍; അമേരിക്കയില്‍ വീണ്ടും വെടിവയ്പ്പ്

വാഷിംഗ്ടണ്‍: രാജ്യത്ത് മാരക പ്രഹരശേഷിയുള്ള തോക്കുകളുടെ വില്‍പനയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തുകയോ വാങ്ങാനുള്ള പ്രായം പതിനെട്ടില്‍ നിന്ന് 21 ആയി ഉയര്‍ത്തുകയോ ചെയ്യണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഇതിനാവശ്യമായ നിയമനിര്‍മാണം നടത്താന്‍ നിയമ നിര്‍മാതാക്കള്‍ തയാറാകണമെന്നും പ്രസിഡന്റ് പറഞ്ഞു. തോക്കിനോടൊപ്പം ഹൈ കപ്പാസിറ്റി മാഗസിന്‍ വില്‍പനയും നിരോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ ഏതാനും ആഴ്ചകളില്‍ രാജ്യത്ത് വര്‍ധിച്ചുവരുന്ന വെടിവയ്പ്പുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കര്‍ശനമായ തോക്ക് നിയന്ത്രണ നിയമങ്ങള്‍ പാസാക്കണമെന്ന് ബൈഡന്‍ യു.എസ് കോണ്‍ഗ്രസിനോട് വീണ്ടും അഭ്യര്‍ഥിച്ചു.

'ഇനിയും എത്ര കൂട്ടക്കൊലകള്‍ നാം കാണേണ്ടി വരും? എന്തിനാണ് ഒരു സാധാരണ പൗരന്‍ 30 റൗണ്ട് തിരകള്‍ ഉള്‍ക്കൊള്ളുന്ന തോക്ക് വാങ്ങുന്നത്. ഇത് ഒരേസമയം നിരവധി പേരുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമാകുന്നു.

തോക്ക് നിയന്ത്രണത്തിനുള്ള തീരുമാനങ്ങള്‍ കുട്ടികളെയും കുടുംബങ്ങളെയും സമൂഹത്തെയും സംരക്ഷിക്കാനാണ്. ആരുടെയും അവകാശങ്ങള്‍ നിഷേധിക്കാനല്ല. സ്‌കൂളില്‍ പോകാനും കടയില്‍ പോകാനും വെടിയേറ്റ് കൊല്ലപ്പെടാതെ പള്ളിയില്‍ പോകാനുമുള്ള നമ്മുടെ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനാണ് ഈ തീരുമാനം' - വൈറ്റ് ഹൗസില്‍ രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.

തോക്ക് നിയന്ത്രണ നടപടികളോടുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ എതിര്‍പ്പിനെ 'മനസാക്ഷിക്ക് നിരക്കാത്തത്' എന്നാണ് ജോ ബൈഡന്‍ വിശേഷിപ്പിച്ചത്.

മാരകശേഷിയുള്ള തോക്കുകളുടെ വില്‍പന നിരോധിക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് അംഗീകരിക്കുന്നില്ലെങ്കില്‍ തോക്കു വാങ്ങാനുള്ള പ്രായം പതിനെട്ടില്‍ നിന്നും 21-ലേക്ക് ഉയര്‍ത്തണമെന്നു ബൈഡന്‍ പറഞ്ഞു.

ഉവാള്‍ഡയിലെ കൂട്ടക്കൊലയുടെ ഇരകളുടെ കുടുംബങ്ങളുമായുള്ള തന്റെ സംഭാഷണങ്ങളും പ്രസിഡന്റ് പ്രസംഗത്തിനിടെ പരാമര്‍ശിച്ചു. കൊല്ലപ്പെട്ട അധ്യാപികയുടെ ഭര്‍ത്താവ് രണ്ട് ദിവസത്തിന് ശേഷം ഹൃദയാഘാതം മൂലം മരിച്ചു. അനാഥരായ അവളുടെ മക്കളെ എന്തു പറഞ്ഞാണു സമാധാനിപ്പിക്കുക എന്ന് ബൈഡന്‍ ചോദിച്ചു.

മെയ് 24 ന് ടെക്സാസിലെ ഉവാള്‍ഡയിലെ റോബ് എലിമെന്ററി സ്‌കൂളില്‍ നടന്ന വെടിവയ്പ്പില്‍ 19 കുട്ടികളടക്കം 21 പേരാണ് കൊല്ലപ്പെട്ടത്. 17 പേര്‍ കൊല്ലപ്പെട്ട ഫ്‌ളോറിഡയിലെ പാര്‍ക്ക്ലാന്‍ഡിലെ മാര്‍ജറി സ്റ്റോണ്‍മാന്‍ ഡഗ്ലസ് ഹൈസ്‌കൂളില്‍ 2018-ല്‍ നടന്ന വെടിവയ്പ്പിന് ശേഷമുള്ള ഏറ്റവും മാരകമായ ആക്രമണമായിരുന്നു ഇത്.

മെയ് 31-ന്, ന്യൂ ഒര്‍ളിയന്‍സിലെ ഒരു ഹൈസ്‌കൂളിന്റെ ബിരുദദാന ചടങ്ങിനിടെയുണ്ടായ വെടിവയ്പ്പില്‍ ഒരു വൃദ്ധ കൊല്ലപ്പെടുകയും മറ്റു രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മോറിസ് ജെഫ് ഹൈസ്‌കൂളിലെ ബിരുദധാരികള്‍ ഒത്തുകൂടിയ സേവ്യര്‍ യൂണിവേഴ്സിറ്റി കാമ്പസിലാണ് വെടിവയ്പ്പ് നടന്നത്.

ജൂണ്‍ ഒന്നിന് ഒക്ലഹോമയിലെ ടള്‍സ നഗരത്തിലെ ആശുപത്രിയില്‍ ഉണ്ടായ വെടിവയ്പ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. യു.എസില്‍ ഇത്തരം സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജോ ബൈഡന്‍ ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡണിനോട് ആശയവിനിമയം നടത്തിയിരുന്നു. ന്യൂസിലാന്‍ഡിലെ അക്രമങ്ങള്‍ക്കെതിരെ ജസീന്ത എടുത്ത നയങ്ങളെ അധികരിച്ചായിരുന്നു ചര്‍ച്ച.

വിസ്‌കോന്‍സിനില്‍ സംസ്‌കാര ചടങ്ങിനിടെ വെടിവയ്പ്പ്
വാഷിങ്ടണ്‍: അമേരിക്കന്‍ സംസ്ഥാനമായ വിസ്‌കോന്‍സിനില്‍ സംസ്‌കാര ചടങ്ങിനിടെ വെടിവയ്പ്പ്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെ റേസിന്‍ നഗരത്തിലെ ഗ്രേസ്‌ലാന്‍ഡ് സെമിത്തേരിയിലാണ് സംഭവം. തോക്കുമായി എത്തിയ അക്രമി നിരവധി തവണ വെടിയുതിര്‍ത്തു. കുറേപേര്‍ക്ക് പരിക്കേറ്റിട്ടുണ്ടൈന്നാണു റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ എത്രപേര്‍ക്ക് പരിക്കേറ്റുവെന്നതിനെ കുറിച്ച് വ്യക്തമായ ധാരണയില്ലെന്ന് റേസിന്‍ പൊലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായും പൊലീസ് ട്വീറ്റ് ചെയ്തു. അതേസമയം, സംസ്‌കാരത്തിന് എത്തിയ അഞ്ചു പേര്‍ക്കാണ് പരിക്കേറ്റതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.