ന്യൂഡൽഹി: ജമ്മുകശ്മീരിലെ തുടർച്ചയായ അക്രമങ്ങളെ തുടർന്ന് സുരക്ഷാ വിന്യാസം കൂട്ടാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിര്‍ദ്ദേശം.
ഭീകരരുടെ കേന്ദ്രങ്ങള്‍ കണ്ടെത്തണം. ഒരു തീവ്രവാദിയെ പോലും വെറുതെ വിടരുതെന്നും ജമ്മുകശ്മീരിലെ സാഹചര്യം വിലയിരുത്താന്‍ ചേര്‍ന്ന ഉന്നത തല യോഗത്തില്‍ അമിത് ഷാ പറഞ്ഞു. സാധാരണക്കാര്‍ക്ക് നേരെ ഭീകരാക്രമണം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് സാഹചര്യം വിലയിരുത്താന്‍ യോഗം ചേര്‍ന്നത്. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവല്‍, ജമ്മുകശ്മീര്‍ ലഫ് ഗവര്‍ണ്ണര്‍ മനോജ് സിന്‍ഹ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
ജമ്മുകാശ്മീരില്‍ ആശങ്ക പടര്‍ത്തിയാണ് സാധാരക്കാര്‍ക്ക് നേരെ ഭീകരാക്രമണം തുടരുന്നത്. കുല്‍ഗാമില്‍ ഇന്നലെ ബാങ്ക് മാനേജരെ വെടിവച്ചുകൊന്നതിന്റെ ഉത്തരവാദിത്തം ഭീകരസംഘടന ഏറ്റെടുത്തിരുന്നു. ഷോപിയാനില്‍ സൈന്യം സഞ്ചരിച്ചിരുന്ന വാഹനം പൊട്ടിത്തെറിച്ച് മൂന്ന് സൈനികര്‍ക്ക് ഗുരുതര പരിക്കേറ്റു.
കുല്‍ഗാം ജില്ലയില്‍ മോഹന്‍പുരയിലെ ബാങ്ക് മാനേജരും രാജസ്ഥാന്‍ സ്വദേശിയുമായ വിജയകുമാറിന് നേരെ ബാങ്കിലെത്തിയാണ് ഭീകരന്‍ വെടിയുതിര്‍ത്തത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭീകരര്‍ക്കായി തിരച്ചില്‍ തുടരുന്നതിനിടെയാണ് ജമ്മു കാശ്മീര്‍ ഫ്രീഡം ഫൈറ്റേഴ്സെന്ന ഭീകര സംഘടന ഉത്തരവാദിത്തം ഏറ്റെടുത്തത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വാക്കുകേട്ട് കശ്മീരിലെത്തുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് കൊലപാതകമെന്നും കശ്മീരിനെ മാറ്റാന്‍ ശ്രമിക്കുന്നവര്‍ക്കെല്ലാം ഈ ഗതി വരുമെന്നും ജെഎഫ്‌എഫ് പ്രസ്താവനയില്‍ പറഞ്ഞു.
ഒരാഴ്ചക്കിടെ മൂന്ന് പേരാണ് ജമ്മു കാശ്മീരില്‍ ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. കശ്മീരി പണ്ഡിറ്റുകളെയും സംസ്ഥാനത്ത് ജോലിതേടിയെത്തുന്ന സാധാരണക്കാരെയും തിരഞ്ഞുപിടിച്ച് കൊല്ലുകയാണെന്നും സുരക്ഷിതരല്ലെങ്കില്‍ താഴ്‌വര വിടേണ്ടി വരുമെന്നും പ്രദേശവാസികള്‍ പറഞ്ഞു.
കശ്മീരി പണ്ഡിറ്റുകളുടെ നേതൃത്ത്വത്തില്‍ വിവിധയിടങ്ങളില്‍ പ്രതിഷേധം ശക്തമാണ്. അതേസമയം ഷോപ്പിയാനില്‍ സൈന്യം സഞ്ചരിച്ചിരുന്ന വാഹനം പൊട്ടിത്തെറിച്ചത് അട്ടിമറിയാണോയെന്ന് സംശയിക്കുന്നതായി കശ്മീര്‍ പോലീസ് അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.