വിവാദ പ്രസംഗം: പി.സി ജോര്‍ജിനോട് ഹാജരാകാന്‍ വീണ്ടും പൊലീസ്; നോട്ടീസ് നല്‍കി

വിവാദ പ്രസംഗം: പി.സി ജോര്‍ജിനോട് ഹാജരാകാന്‍ വീണ്ടും പൊലീസ്; നോട്ടീസ് നല്‍കി

കോട്ടയം: വിവാദ പ്രസംഗ കേസില്‍ പി.സി.ജോര്‍ജിന് വീണ്ടും പൊലീസ് നോട്ടീസ്. തിങ്കളാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരം ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസില്‍ എത്താനാണ് നിര്‍ദേശം. വെള്ളിയാഴ്ചയാണ് പൊലീസ് നോട്ടീസ് നല്‍കിയത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനിടെ പി.സി ജോര്‍ജിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത് വിവാദമായിരുന്നു.

തിരുവനന്തപുരത്തെ വിവാദ പ്രസംഗ കേസില്‍ ജാമ്യം കിട്ടിയ ശേഷം ഹാജരാകാന്‍ ആവശ്യപ്പെട്ടായിരുന്നു നോട്ടീസ്. എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങളും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാനുള്ളതും ചൂണ്ടിക്കാട്ടി ഹാജരാകാനാകില്ലെന്ന് പി.സി ജോര്‍ജ് മറുപടി നല്‍കിയിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന ഘട്ടത്തില്‍ ഹജരാകണം എന്ന ഉപാധിയോടെയാണ് പി.സി ജോര്‍ജിന് ഹൈക്കോടതി ജാമ്യം നല്‍കിയത്. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ മുഖ്യമന്ത്രിയാണ് തന്റെ അറസ്റ്റിന് പിന്നിലെന്നും മുഖ്യമന്ത്രിക്ക് തൃക്കാക്കരയില്‍ മറുപടി നല്‍കുമെന്നും പി.സി ജോര്‍ജ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് പിസിക്ക് പൊലീസ് നോട്ടീസ് അയച്ചത്.

അനന്തപുരി ഹിന്ദുമഹാ സമ്മേളത്തില്‍ നടത്തിയ പ്രസംഗത്തിലാണ് പി.സി ജോര്‍ജിനെതിരെ ആദ്യം പൊലീസ് കേസെടുത്തത്. 153 എ, 295 എ എന്നീ വകുപ്പുകള്‍ ചുമത്തി ജോര്‍ജിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ കേസില്‍ ജാമ്യത്തിലിരിക്കെയാണ് പി.സി.ജോര്‍ജ് കൊച്ചിയിലെ വെണ്ണലയില്‍ വീണ്ടും വിവാദപരമായ പ്രസംഗം നടത്തിയത്.

വിവാദം ഉണ്ടാക്കുന്ന വാക്കുകള്‍ ഉപയോഗിച്ച് സാമൂഹിക ഐക്യം തകര്‍ക്കാനും മനപൂര്‍വ്വം സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ചതിനുമാണ് 153 എ വകുപ്പ് ചുമത്തിയത്. വാക്കും പ്രവൃത്തിയും കൊണ്ട് ഒരു മതത്തെയോ മതവികാരത്തെയും വ്രണപ്പെടുത്തിയതിനാണ് സെക്ഷന്‍ 295 എ യും ചുമത്തിയത്. കേസില്‍ അറസ്റ്റിലായി ജാമ്യം ലഭിച്ചിരുന്നുവെങ്കിലും പാലാരിവട്ടത്ത് വീണ്ടും സമാനമായ രീതിയില്‍ വിദ്വേഷ പ്രസംഗം നടത്തി.

തുടര്‍ന്ന് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജി കോടതി അംഗീകരിച്ചതോടെ പി.സി ജോര്‍ജിനെ ജയിലിലേക്ക് മാറ്റുകയും ചെയ്തിരുന്നു. വെണ്ണല കേസിലും ഹൈക്കോടതി പി.സി ജോര്‍ജിന് ജാമ്യം നല്‍കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.