ഓക്‌ലന്‍ഡ്: ന്യൂസീലന്‍ഡിലെ ഓക്‌ലന്‍ഡ് നാഷണല്‍ സെമിനാരിയുടെ ആദ്യ ഏഷ്യന്‍ റെക്ടറായി മലയാളി വൈദികന്‍. പാലാ രൂപതയില്‍നിന്നുള്ള ഫാ. മാത്യൂ വടക്കേവെട്ടുവഴിയിലിനെയാണ് ഈ ദൈവനിയോഗം തേടിയെത്തിയത്. സെമിനാരി വിദ്യാര്‍ഥികളെ നയിക്കുക എന്ന ദൈവ നിയോഗം നിറഞ്ഞ മനസോടെയും ഉത്തരവാദിത്തത്തോടെയും ഏറ്റെടുത്തിരിക്കുകയാണ് ഫാ. മാത്യൂ. ഓക്‌ലന്‍ഡ് രൂപതയുമായി ബന്ധപ്പെട്ട നിരവധി പദവികളില്‍ സ്തുത്യര്‍ഹമായ സേവനത്തിനു ശേഷമാണ് സെമിനാരി റെക്ടറായുള്ള ഈ മലയാളി വൈദികന്റെ നിയമനം.
പാലാ രൂപതയിലെ കടുത്തുരുത്തി താഴത്തുപള്ളി ഇടവകാംഗമാണ് ഫാ. മാത്യൂ വടക്കേവെട്ടുവഴിയില്‍. പരേതരായ കുര്യന്‍ ജോസഫ്-അന്നമ്മ ദമ്പതികളുടെ മകനായി 1960-ലാണ് ജനനം. നാലു സഹോദരങ്ങളുണ്ട്. കടുത്തുരുത്തി ആപ്പാഞ്ചിറ ഭാഗത്തുള്ള സ്‌കൂളിലെ വിദ്യാഭ്യാസത്തിനു ശേഷം വൈദികനാകാനുള്ള ആഗ്രഹത്തോടെ സലേഷ്യന്‍ സന്യാസ സമൂഹത്തില്‍ ചേര്‍ന്നു. തുടര്‍ന്ന് 1983-ല്‍ ആഫ്രിക്കയിലെത്തി കാത്തലിക് ടെക്‌നിക്കല്‍ സ്‌കൂളില്‍ ബ്രദറായി സേവനമനുഷ്ഠിച്ചു. യൂണിവേഴ്‌സിറ്റി പഠനത്തിനും വൈദിക പരിശീലനത്തിനും ശേഷം നാട്ടിലെത്തി 1992-ല്‍ പാലാ ബിഷപ്പ് ജോസഫ് പള്ളിക്കാപ്പറമ്പില്‍നിന്നും പൗരോഹിത്യം സ്വീകരിച്ചു.
വൈദികനായശേഷം വീണ്ടും ആഫ്രിക്കയിലേക്കു തിരിച്ചുപോയി. അവിടെ ടാന്‍സാനിയയിലുള്ള സലേഷ്യന്‍ സെമിനാരികളില്‍ ജോലി ചെയ്തു. കെനിയയിലെ ഡോണ്‍ ബോസ്‌കോ സ്‌കൂളുകളില്‍ ഹെഡ്മാസ്റ്ററായി. ദീര്‍ഘകാലം സലേഷ്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിവിധ പദവികളില്‍ ഫാ. മാത്യൂ സേവനമനുഷ്ഠിച്ചു.
2009 സെപ്റ്റംബറിലാണ് ന്യൂസീലന്‍ഡിലെത്തിയത്. ഓക്‌ലന്‍ഡ് രൂപതയുടെ കീഴിലുള്ള നിരവധി ഇടവകകളില്‍ വൈദികനായി. 2011-ല്‍ സലേഷ്യന്‍ കമ്യൂണിറ്റിയുടെ സുപ്പീരിയറായും 2017-ല്‍ സലേഷ്യന്‍ പസഫിക് ഡെലിഗേഷന്‍ കൗണ്‍സിലിന്റെ മെമ്പറായും ചുമതലയേറ്റു.
ഓക്‌ലന്‍ഡ് രൂപതയിലെ കൗണ്‍സില്‍ ഓഫ് പ്രീസ്റ്റ് ആന്‍ഡ് കോളജ് ഓഫ് കണ്‍സള്‍ട്ടേഴ്സ് അംഗം, ജസ്റ്റിസ് ആന്‍ഡ് പീസ് കമ്മിഷന്‍ ഡപ്യൂട്ടി ചെയര്‍മാന്‍, ബോര്‍ഡ് മെമ്പര്‍ ഓഫ് ന്യൂസിലന്‍ഡ് കാത്തലിക് ന്യൂസ്‌പേപ്പര്‍, ഓക്‌ലന്‍ഡ് വെസ്‌റ്റേണ്‍ ഡീനറി ചെയര്‍പേഴ്‌സണ്‍ തുടങ്ങി നിരവധി പദവികളില്‍ അദ്ദേഹം ശുശ്രൂഷ ചെയ്തു.
ന്യൂസീലന്‍ഡ് ബിഷപ്പ്‌സ് കോണ്‍ഫറന്‍സിന്റെ ശിപാര്‍ശ പ്രകാരമാണ് ഹോളി ക്രോസ് നാഷണല്‍ സെമിനാരിയുടെ റെക്ടറായി ഫാ. മാത്യൂവിനെ വത്തിക്കാന്‍ നിയമിച്ചത്. അടുത്തിടെയാണ് സെമിനാരിയുടെ ചുമതല ഏറ്റെടുത്തത്. സലേഷ്യന്‍ സന്യാസ സമൂഹത്തില്‍നിന്നു മാറിയ ഫാ. മാത്യൂ ഇപ്പോള്‍ ഓക്‌ലന്‍ഡ് രൂപതയുടെ വൈദികനാണ്.
തരാനാക്കി പര്‍വതമുകളില്‍ ഫാ. മാത്യൂ വടക്കേവെട്ടുവഴിയില്‍
വൈദിക വിദ്യാര്‍ഥികളെ നയിക്കുക എന്ന ദൈവനിയോഗത്തെ ഏറ്റവും മനോഹരമായാണ് ഫാ. മാത്യൂ കൈകാര്യം ചെയ്യുന്നത്. യുവാക്കളെ ദൈവവഴിയിലേക്കു കൊണ്ടു വരാനുള്ള ഫാ. മാത്യൂവിന്റെ ചുറുചുറുക്കോടെയുള്ള ശ്രമങ്ങള്‍ ഏറെ പ്രശംസിക്കപ്പെട്ടിട്ടുണ്ട്.
നിശ്ചയ ദാര്‍ഢ്യത്തോടെ തന്റെ ചുമതലകള്‍ നിര്‍വഹിക്കുന്ന ഫാ. മാത്യൂവിന് പര്‍വതങ്ങളിലേക്കുള്ള യാത്രകളും ഏറെ പ്രിയപ്പെട്ടതാണ്. ന്യൂസീലന്‍ഡിലെ തരാനാക്കി പര്‍വതം ഉള്‍പ്പെടെ അദ്ദേഹം കീഴടക്കിയിട്ടുണ്ട്. ഗാംഭീര്യം, മഹത്വം, തേജസ്, ദൈവത്തോടുള്ള സാമീപ്യം എന്നിവയാല്‍ അനുഗ്രഹീതമാണ് പര്‍വതങ്ങളെന്ന് ഫാ. മാത്യൂ പറയുന്നു. അവിടേക്കുള്ള യാത്രകള്‍ അദ്ദേഹം ഏറെ ഇഷ്ടപ്പെടുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26