സര്‍ക്കാര്‍ പുറത്തുവിട്ട കോവിഡ് കണക്കുകളില്‍ വന്‍ തിരിമറിയെന്ന് വിവരാവകാശ രേഖ; 2022 ജനുവരി മുതല്‍ നാലു മാസത്തിനിടെ മരിച്ചത് 21,274 പേര്‍

സര്‍ക്കാര്‍ പുറത്തുവിട്ട കോവിഡ് കണക്കുകളില്‍ വന്‍ തിരിമറിയെന്ന് വിവരാവകാശ രേഖ; 2022 ജനുവരി മുതല്‍ നാലു മാസത്തിനിടെ മരിച്ചത് 21,274 പേര്‍

കൊച്ചി: കേരളത്തില്‍ കോവിഡ് വ്യാപനം വീണ്ടും കൂടുമ്പോള്‍ ഇതുവരെയുണ്ടായ കോവിഡ് കേസുകളും മരണങ്ങളും സംബന്ധിച്ച് സര്‍ക്കാര്‍ പുറത്തു വിട്ട കണക്കുകളില്‍ വന്‍ തിരിമറിയെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു.

കോവിഡ് കണക്കുകള്‍ വാര്‍ത്താക്കുറിപ്പിലൂടെ പ്രസിദ്ധപ്പെടുത്തുന്നത് സര്‍ക്കാര്‍ അവസാനിപ്പിച്ചതിന് ശേഷം 12,94,551 പേര്‍ക്ക് രോഗം ബാധിച്ചുവെന്നും 21,274 പേര്‍ മരിച്ചുവെന്നുമുള്ള കണക്കുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

കേരളത്തില്‍ 2022 ജനുവരി മുതല്‍ നാലു മാസത്തിനിടെ ഉണ്ടായ കോവിഡ് കേസുകളുടെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ളത്. പത്തനംതിട്ട കല്ലറക്കടവ് സ്വദേശി മനോജ് വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയിലാണ് ആരോഗ്യവകുപ്പ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

ജനുവരിയില്‍ 7,78,492 പേര്‍ക്കു കോവിഡ് ബാധിക്കുകയും 6601 പേര്‍ മരിക്കുകയും ചെയ്തു. ഫെബ്രുവരിയില്‍ 4,73,545 പേര്‍ രോഗികളായപ്പോള്‍ മരണ സംഖ്യ 10,938 ആണ്. മാര്‍ച്ചില്‍ 33,469 രോഗികളും 2580 മരണവുമുണ്ടായി. ഏപ്രിലില്‍ രോഗികളുടെ എണ്ണവും മരണസംഖ്യയും കുത്തനെ കുറഞ്ഞു. 9045 രോഗികളും 1155 മരണവുമായിരുന്നു ഏപ്രിലിലുണ്ടായത്.

2020 ജനുവരി മുതല്‍ ഡിസംബര്‍ വരെ 7,60,933 രോഗികളും 3072 മരണവുമാണ് ഉണ്ടായിരുന്നത്. 2021 ല്‍ ഇത് കുത്തനെ ഉയര്‍ന്നു. 44,86,244 രോഗികളും 44,722 മരണവും ഇക്കാലയളവില്‍ ഉണ്ടായി.

ഈ വര്‍ഷം ജനുവരിയില്‍ രോഗികളുടെ എണ്ണം കൂടിയെങ്കിലും മരണനിരക്കു കുറഞ്ഞു. ഫെബ്രുവരിയില്‍ രോഗികളുടെ എണ്ണം ജനുവരിയെ അപേക്ഷിച്ച് കുറഞ്ഞെങ്കിലും മരണ സംഖ്യയില്‍ ഇരട്ടിയോളം വര്‍ധനയുണ്ടായെന്നാണ് വിവരവകാശ പ്രകാരം വ്യക്തമാകുന്നത്.

ഇതിനിടെ ഇന്ന് സംസ്ഥാനത്ത് 1,544 പേര്‍ കോവിഡ് ബാധിതരായി. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് കേരളത്തില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ആയിരം കടക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.