പാലക്കാട്: റോഡ് വികസനത്തിന്റെ പേരില്‍ തണല്‍ മരങ്ങള്‍ മുറിച്ചു മാറ്റുന്നത് ഒരു പതിവ് കാഴ്ചയാണ്. പടുകൂറ്റന്‍ മരങ്ങള്‍ മുറിക്കുകയും ഓരോ പരിസ്ഥിതി ദിനത്തിലും പുതിയ തൈകള്‍ നട്ട് വിടവ് നികത്തുന്നവരുമുണ്ട് ഇക്കൂട്ടത്തില്‍. എന്നാല്‍ ഈ പരിസ്ഥിതി ദിനത്തില്‍ ഏറെ ആശ്വാസം പകരുന്ന കാഴ്ചയാണ് പാലക്കാട് നിന്നും ഉള്ളത്.
വികസനത്തിന്റെ പേരില്‍ മുറിച്ച് മാറ്റേണ്ടി വന്ന ആല്‍മരം വേരോടെ പിഴുതുമാറ്റി സംരക്ഷിച്ചിരിക്കുകയാണ് പാലക്കാട് വനം വകുപ്പ്. പാലക്കാട് മുണ്ടൂര്‍ തൂത റോഡ് വികസനത്തിനായി മുറിച്ചു മാറ്റാന്‍ തീരുമാനിച്ച കാറല്‍മണ്ണ ഭാഗത്തെ ആല്‍മരമാണ് സാമൂഹിക വനവല്‍ക്കരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പിഴുതു മാറ്റി വിദ്യാലയ മുറ്റത്ത് സ്ഥാപിച്ചത്.
വര്‍ഷങ്ങള്‍ ആയിരങ്ങള്‍ക്ക് തണലേകിയ ആല്‍മരം പെട്ടൊന്നൊരുനാള്‍ ഇല്ലാതാകുമെന്നറിഞ്ഞതോടെ എല്ലാവര്‍ക്കും ആശങ്കയായിരുന്നു. നിമിഷ നേരം കൊണ്ട് ഇല്ലാതാകുന്നത് ഒരു ജീവന്‍ തന്നെയെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് സാമൂഹിക വനവല്‍ക്കരണ വിഭാഗം ആല്‍മരത്തെ പിഴുത് മാറ്റി അടയ്ക്കാപ്പുത്തൂര്‍ ശബരി പി.ടി.ബി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മുറ്റത്ത് സ്ഥാപിക്കാന്‍ തീരുമാനിച്ചത്.
മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മരത്തിന് ചുറ്റും കുഴിയെടുത്താണ് ആല്‍മരത്തിനെ വേരോടെ പിഴുതുമാറ്റിയെടുത്തത്. ശേഷം ആഘോഷപൂര്‍വ്വം സ്‌കൂളിലേക്കെത്തിച്ചു. സ്‌കൂളില്‍ പ്രത്യേക കുഴിയെടുത്ത് വലിയ മരങ്ങള്‍ നടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എല്ലാം കൃത്യമായി പാലിച്ചാണ് നടീല്‍ നടന്നത്. സ്ഥലം എംഎല്‍എയും, സബ് കളക്ടറും, നാട്ടുകാരുമെല്ലാം വഴിയരികിലെ മരത്തിന് പുതുജീവന്‍ ഏകാന്‍ ഒരുപോലെ കൈകോര്‍ത്തു.
അടയ്ക്കാപ്പുത്തൂര്‍ ശബരി പി.ടി.ബി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മുറ്റത്ത് അനേകായിരം കുരുന്നുകള്‍ക്ക് ഇനി ഈ ആല്‍മരം തണലേകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.