മാധ്യമ പ്രവര്‍ത്തകന്റെ കൊലപാതകം: 'മരിച്ചതായി' സിബിഐ കോടതിയില്‍ ബോധിപ്പിച്ച സാക്ഷി ജീവനോടെ ഹാജരായി

മാധ്യമ പ്രവര്‍ത്തകന്റെ കൊലപാതകം: 'മരിച്ചതായി' സിബിഐ കോടതിയില്‍ ബോധിപ്പിച്ച സാക്ഷി ജീവനോടെ ഹാജരായി

പട്‌ന: സിബിഐ 'മരണപ്പെട്ടു' എന്ന് ബോധിപ്പിച്ച സുപ്രധാന സാക്ഷി കോടതിയില്‍ ജീവനോടെ ഹാജരായി. മാധ്യമ പ്രവര്‍ത്തകന്‍ രാജ്ദേവ് രഞ്ജന്‍ കൊല്ലപ്പെട്ട കേസിലെ സാക്ഷി ബദാമി ദേവിയാണ് ഇന്നലെ കോടതിയിലെത്തി താന്‍ മരിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയത്. താന്‍ മരിച്ചിട്ടില്ല എന്നും അങ്ങനെ സ്ഥാപിക്കാനുള്ള സിബിഐയുടെ ശ്രമം വലിയൊരു ഗൂഢാലോചനയുടെ ഭാഗമാണ് എന്നും അവര്‍ മൊഴി നല്‍കി.

കഴിഞ്ഞ മെയ് 24നാണ് ബദാമി ദേവി മരിച്ചു എന്ന് സിബിഐ കോടതിയെ അറിയിച്ചത്. എന്നാല്‍ വോട്ടര്‍ ഐഡി കാര്‍ഡും പാന്‍ കാര്‍ഡും അടക്കം സാക്ഷി കോടതിയിലെത്തിയതോടെ കേസ് നിര്‍ണായകമായ വഴിത്തിരിവിലേക്ക് നീങ്ങുകയാണ്.

''ഹുസൂര്‍, ഞാന്‍ മരിച്ചിട്ടില്ല. സിബിഐ ആണ് ഞാന്‍ മരിച്ചതായി പറഞ്ഞത്. ഇതെല്ലാം കൃത്യമായി ആസൂത്രണം ചെയ്ത ഒരു ഗൂഢാലോചനയുടെ ഭാഗമാണ്''. ബദാമി ദേവി കോടതിയില്‍ പറഞ്ഞു. കേസിലെ ഏറ്റവും നിര്‍ണായക സാക്ഷിയാണ് ബദാമി ദേവി. ഈ സാക്ഷിയാണ് കഴിഞ്ഞ മെയില്‍ മരിച്ചുവെന്ന് കാട്ടി സിബിഐ റിപ്പോര്‍ട്ട് നല്‍കിയത്.

'ഇത് സിബിഐയുടെ ഭാഗത്ത് നിന്ന് വന്ന ഗുരുതരമായ വീഴ്ചയാണ്. ഇങ്ങനെയാണ് രാജ്യത്തെ ഏറ്റവും വലിയ അന്വേഷണ ഏജന്‍സി പെരുമാറുന്നതെങ്കില്‍ എന്ത് ചെയ്യും?'. ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ അഡ്വ. ശരദ് സിന്‍ഹ പറഞ്ഞു. ഒരിക്കല്‍ പോലും ബദാമി ദേവിയുമായി സിബിഐ ബന്ധപ്പെട്ടിട്ടില്ലെന്നും ഏതെങ്കിലും കാര്യങ്ങള്‍ അന്വേഷിക്കുകയോ ചോദ്യങ്ങള്‍ ചോദിക്കുകയോ മൊഴിയെടുക്കുകയോ ചെയ്തിട്ടില്ലെന്നും ഇവരുടെ അഭിഭാഷകന്‍ വ്യക്തമാക്കി.

ഗുരുതരമായ കൃത്യ വിലോപത്തിന്റെ പശ്ചാത്തലത്തില്‍ കോടതി സിബിഐയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഹിന്ദി ദിനപത്രമായ ഹിന്ദുസ്ഥാന്റെ സിവാന്‍ ബ്യൂറോ ചീഫായിരുന്ന രാജ്‌ദേവ് രഞ്ജനെ 2017 മെയിലാണ് അക്രമികള്‍ വെടിവച്ച് കൊന്നത്. മോട്ടോര്‍ ബൈക്കിലെത്തിയ ഒരു സംഘം അക്രമികള്‍ ഉത്തര ബിഹാറിലെ സിവാനിലുള്ള തിരക്കേറിയ ഒരു ജംഗ്ഷനില്‍ വച്ചാണ് രാജ്‌ദേവ് രഞ്ജനെ വെടിവച്ച് കൊന്നത്.

കേസില്‍ രഞ്ജന്റെ ഭാര്യ ആശ രഞ്ജന്‍ അന്ന് അധികാരത്തിലുണ്ടായിരുന്ന ആര്‍ജെഡി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നിരുന്നു. ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജ് പ്രതാപ് യാദവിനും മറ്റൊരു ആര്‍ജെഡി നേതാവ് തേജ് പ്രതാപ് യാദവിനും കേസില്‍ പങ്കുണ്ടെന്നും ഇവര്‍ക്കെതിരായ വാര്‍ത്തകളുടെ പേരിലാണ് രാജ്‌ദേവ് രഞ്ജന്‍ കൊല്ലപ്പെട്ടതെന്നും ആശ അന്ന് ആരോപിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.