ഇന്ധനവിലയിലെ വർദ്ധനവ്, യുഎഇയില്‍ പ്രിയ ഭക്ഷണ വിഭവങ്ങളുടെ വിലയിലും വർദ്ധനവ്

ഇന്ധനവിലയിലെ വർദ്ധനവ്, യുഎഇയില്‍ പ്രിയ ഭക്ഷണ വിഭവങ്ങളുടെ വിലയിലും വർദ്ധനവ്

യുഎഇ: യുഎഇയില്‍ ഇന്ധനവിലയില്‍ സമീപ കാലത്തുണ്ടായ വർദ്ധനവ് നിത്യോപയോഗ സാധനങ്ങളുടെ വിലയിലും പ്രതിഫലിക്കുന്നു. 50 ഫില്‍സ് മുതല്‍ 1 ദിഹത്തിലധികമാണ് പല സാധനങ്ങളുടെയും വിലയിലുണ്ടായിരിക്കുന്ന വർദ്ധനവ്. വിവിധ ഹോട്ടലുകളും കഫറ്റീരിയകളും വില നേരിയ തോതില്‍ വർദ്ധിപ്പിച്ചിട്ടുണ്ട്. 

കഫറ്റീരിയകളുടെ പ്രധാന വിഭവമായ കറക്ക് ചായയ്ക്ക് ചില വില്‍പനകേന്ദ്രങ്ങള്‍ 50 ഫില്‍സ് മുതല്‍ 1 ദിർഹം വരെ വർദ്ധിപ്പിച്ചിട്ടുണ്ട്.ഇതോടെ 1 ദിർഹം 50 ഫില്‍സ് മുതല്‍ 2 ദിർഹം വരെയായി കറക്ക് ചായയുടെ വില. കഴിഞ്ഞ 17 വർഷമായി ഒരു ദിർഹമായിരുന്ന കറക്ക് ചായയ്ക്ക് ഈ വർഷം ആദ്യത്തോടെയാണ് ചില വിപണനകേന്ദ്രങ്ങള്‍ വില 1 ദിർഹം 50 ഫില്‍സ് ആയി ഉയർത്തിയത്.

ഇന്ധനവില വർദ്ധനവും വന്നതോടെ ഇത് 2 ദിർഹമായി. അന്ന് വിലകൂട്ടാത്തവരാണ് 1 ദിർഹം 50 ഫില്‍സിന് നിലവില്‍ ചായ നല്‍കുന്നത്. ചോക്ലേറ്റുകളിലും വില വർദ്ധനവ് പ്രകടമാണ്. 15 മുതല്‍ 20 ശതമാനം വരെയാണ് പല ബ്രാന്‍ഡുകളും വില കൂട്ടിയത്. കിറ്റ് കാറ്റ് ചോക്ലേറ്റിന്‍റെ വില 1 ദിർഹത്തില്‍ നിന്ന് 1 ദിർഹം 25 ഫില്‍സായി. സ്നിക്കേഴ്സാകട്ടെ 2 ദിർഹം 50 ഫില്‍സില്‍ നിന്ന് 3 ദിർഹമായാണ് വില ഉയർത്തിയത്.

സമൂസയുടെ വിലയും പല കഫറ്റീരിയകളും വർദ്ധിപ്പിച്ചിട്ടുണ്ട്. ഒരു ദിർഹത്തില്‍ നിന്ന് ഒരു ദിർഹം 50 ഫില്‍സായാണ് വില കൂട്ടിയത്. പ്രവാസികളുട ഇഷ്ട ഭക്ഷണമായ ഖൂബൂസിന്‍റെ വിലയിലും സമാനമായ വർദ്ധനവ് പ്രകടമാണ്. ഷവർമയുടെ കുറഞ്ഞ വില 5 ദിർഹത്തില്‍ നിന്ന് 6 ദിർഹത്തിന് മുകളിലെത്തി. ഒരു ദിർഹത്തിന് ലഭിച്ചിരുന്ന മക്ഡോണാള്‍ഡ്സിന്‍റെ ഐസ്ക്രീമിന് 2 ദിർഹമായി ഉയർത്തിയത് മാസങ്ങള്‍ക്ക് മുന്‍പാണ്. 

ഇന്ധനവിലയും പണപ്പെരുപ്പവുമായതോടെ വില വർദ്ധിപ്പിക്കാതെ രക്ഷയില്ലെന്നാണ് ഹോട്ടല്‍ - കഫറ്റീരിയ ഉടമകളുടെ പക്ഷം. ഉപഭോക്താക്കള്‍ നഷ്ടപ്പെടുമോയെന്ന് ഭയന്ന് നഷ്ടം സഹിച്ചും വില കൂട്ടാത്തവരുമുണ്ട്. എന്തായാലും ഇന്ധനവിലയിലെ വർദ്ധനവിന് ആനുപാതികമായി നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധിച്ചത് സാധാരണ പ്രവാസിയുടെ ജീവിതച്ചെലവിലും പ്രകടമായ മാറ്റം വരുത്തുന്നുവെന്നുളളതാണ് യഥാർത്ഥ്യം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.