നുപുര്‍ ശര്‍മ്മയുടെ പ്രവാചക നിന്ദ, അപലപിച്ച് യുഎഇയും

നുപുര്‍ ശര്‍മ്മയുടെ പ്രവാചക നിന്ദ, അപലപിച്ച് യുഎഇയും

യുഎഇ: ബി.ജെ.പി മുന്‍ ദേശീയ വക്താവ് നുപുര്‍ ശര്‍മ്മ പ്രവാചകനെതിരായി നടത്തിയ വിവാദ പരാമര്‍ശത്തെ യുഎഇയും അപലപിച്ചു. ധാർമ്മികവും മാനുഷികവുമായ മൂല്യങ്ങള്‍ക്കും തത്വങ്ങള്‍ക്കും വിരുദ്ധമായ രീതികളും പെരുമാറ്റങ്ങളും നിരസിക്കുന്നതായി വിദേശകാര്യ അന്താരാഷ്ട്ര സഹകരണമന്ത്രാലയം വ്യക്തമാക്കി.

മതങ്ങളെ ബഹുമാനിക്കേണ്ടതിന്‍റേയും വിദ്വേഷപ്രസംഗങ്ങളെ നിരാകരിക്കേണ്ടതിന്‍റെയും ആവശ്യകത മന്ത്രാലയം അടിവരയിടുന്നു.സഹിഷ്ണുതയും സഹവർത്തിത്വവുമാണ് യുഎ മുന്നോട്ടുവയ്ക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. ഏതെങ്കിലും മതത്തേയോ വിശ്വാസത്തേയോ ഹനിക്കുന്ന തരത്തിലുളള പ്രവർത്തനങ്ങള്‍ ഉണ്ടാകരുതെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.

നേരത്തെ പ്രസ്താവനയ്ക്ക് എതിരെ പ്രതിഷേധവുമായി സൗദി അറേബ്യയും, ഖത്തറും കുവൈത്തും ഇറാനും രംഗത്ത് വന്നിരുന്നു. നുപുറിന്‍റെ പ്രസ്താവന അധിക്ഷേപകരമെന്നും മതങ്ങളോടും വിശ്വാസങ്ങളോടും ബഹുമാനം വേണമെന്നും സൗദി വ്യക്തമാക്കിയിരുന്നു. വിവാദ പരാമര്‍ശത്തില്‍ ഖത്തര്‍, കുവൈത്ത്, ഇറാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യന്‍ സ്ഥാനപതികളെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു.

ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെയാണ് പ്രവാചകന്‍ മുഹമ്മദ് നബിയ്ക്കെതിരെയുള്ള വിദ്വേഷ പരാമര്‍ശം ബി.ജെ.പി വക്താവ് നുപുര്‍ ശര്‍മ്മ നടത്തിയത്. ഇതേ തുടർന്ന് ഇവരെ തല്‍സ്ഥാനത്ത് നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. ബി.ജെ.പി ഡല്‍ഹിയുടെ മീഡിയ ഇന്‍ ചാര്‍ജ് നവീന്‍ കുമാര്‍ ജിന്‍ഡാളിനെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.