മൂന്നാം ഗഡു: വന്യു കമ്മി നികത്താന്‍ കേരളത്തിന് കേന്ദ്രത്തിന്റെ 1097 കോടി

മൂന്നാം ഗഡു: വന്യു കമ്മി നികത്താന്‍ കേരളത്തിന് കേന്ദ്രത്തിന്റെ 1097 കോടി

ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന കേരളത്തിന് ആശ്വാസമായി കേന്ദ്രത്തിന്റെ സാമ്പത്തിക സഹായം. വരുമാനക്കമ്മി നികത്താനുള്ള ധനസഹായത്തിന്റെ മൂന്നാം ഗഡുവായി കേന്ദ്ര ധനമന്ത്രാലയം കേരളമടക്കം 14 സംസ്ഥാനങ്ങള്‍ക്ക് 7,183.42 കോടി അനുവദിച്ചു.

കേരളത്തിന് 1,097.83 കോടി ലഭിക്കും. 1,132 കോടി രൂപ ലഭിച്ച പശ്ചിമ ബംഗാള്‍ കഴിഞ്ഞാല്‍ കൂടുതല്‍ വിഹിതം കേരളത്തിനാണ്. ആന്ധ്ര, അസാം, ഹിമാചല്‍പ്രദേശ്, മണിപ്പൂര്‍, മേഘാലയ, മിസോറം, നാഗാലാന്‍ഡ്, പഞ്ചാബ്, രാജസ്ഥാന്‍, സിക്കിം, ത്രിപുര, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ക്കും ഇന്നലെ ഗ്രാന്റ് അനുവദിച്ചു.

ധനകാര്യ കമ്മിഷന്‍ ശുപാര്‍ശ പ്രകാരമാണ് സഹായം. റവന്യു കമ്മി ഗ്രാന്റ് ഇനത്തില്‍ 2022-23 വര്‍ഷത്തില്‍ 86,201 കോടി രൂപയാണ് ധനകാര്യ കമ്മിഷന്‍ ശുപാര്‍ശ ചെയ്തത്. 12 ഗഡുക്കളായി നല്‍കണം. ഇതില്‍ 21,550.25 കോടി അനുവദിച്ചു. കേരളത്തിന് ആകെ ലഭിക്കുക 13,174 കോടിയും. ഇതുവരെ 3293.50 കോടി രൂപ കിട്ടി.

കേന്ദ്ര സഹായം ലഭിച്ചത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പോലും കഷ്ടപ്പെടുന്ന സംസ്ഥാനത്തിന് ആശ്വാസമായി. ശമ്പളം നല്‍കാന്‍ സഹകരണ ബാങ്കുകളില്‍ നിന്നുള്‍പ്പെടെ വായ്പയെടുക്കന്‍ ബദല്‍ നീക്കവും സര്‍ക്കാര്‍ തുടങ്ങിയിരുന്നു. അതേസമയം ജിഎസ്ടി നഷ്ടപരിഹാരം ഈ മാസത്തോടെ നിറുത്തുമെന്നാണ് കേന്ദ്രം പറഞ്ഞിരിക്കുന്നത്. അങ്ങനെയെങ്കില്‍ സംസ്ഥാനത്തിന്റെ നില വീണ്ടും പരുങ്ങലിലാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.