കുത്തിവയ്പ്പിനിടെ വിദ്യാര്‍ഥി മരിച്ച സംഭവം: ഡോക്ടര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

കുത്തിവയ്പ്പിനിടെ വിദ്യാര്‍ഥി മരിച്ച സംഭവം:  ഡോക്ടര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

കോഴിക്കോട്: സ്വകാര്യ ക്ലിനിക്കിലെ കുത്തിവയ്പ്പിനിടെ വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ ഡോക്ടര്‍ ഉള്‍പ്പെടെ മൂന്ന്പേര്‍ അറസ്റ്റില്‍. നാദാപുരം ന്യൂക്ലിയസ് ക്ലിനിക്കിലെ മാനേജിംഗ് ഡയറക്ടറും പീഡിയാട്രീഷനുമായ ഡോ. സലാവുദ്ദീന്‍, മാനേജിംഗ് പാര്‍ടണര്‍ മുടവന്തേരി സ്വദേശി റഷീദ്, വിദ്യാര്‍ത്ഥിക്ക് കുത്തിവെപ്പ് നല്‍കിയ നഴ്സായ പേരോട് സ്വദേശിനി ഷാനി എന്നിവരെയാണ് നാദാപുരം ഡി വൈ എസ് പി ടി.പി.ജേക്കബ് അറസ്റ്റ് ചെയ്തത്.

മനപൂര്‍വ്വമല്ലാത്ത നരഹത്യയുടെ പേരിലാണ് പ്രതികള്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. അറസ്റ്റ് ചെയ്ത മൂന്നുപേരെയും പൊലീസ് പിന്നീട് ജാമ്യത്തില്‍ വിട്ടു. ഫെബ്രുവരി 14 നാണ് കക്കട്ട് വട്ടോളി സ്വദേശി പടിക്കലക്കണ്ടി രജീഷിന്റെ മകന്‍ വട്ടോളി സംസ്കൃതം സ്ക്കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി തേജ്ദേവ് (12) മരിച്ചത്.

കഫക്കെട്ടിനെ തുടര്‍ന്നുള്ള ബുദ്ധിമുട്ടുകള്‍ കാരണമാണ് കുട്ടി മാതാവിനൊപ്പം ഈ ക്ലിനിക്കില്‍ ചികിത്സ തേടി എത്തിയത്. ഡോക്ടര്‍ പരിശോധിച്ച ശേഷം കുട്ടിയെ ക്ലിനിക്കില്‍ അഡ്മിറ്റ് ചെയ്യുകയും നഴ്സ് കുത്തിവയ്പ്പ് എടുക്കുകയും ചെയ്തു. എന്നാല്‍ കുത്തിവയ്പ്പ് സ്വീകരിച്ച്‌ അല്‍പസമയത്തിനകം കുട്ടി അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചു. ഇതേ തുടര്‍ന്ന് ആംബുലന്‍സില്‍ താമരശേരിയിലെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും അതിനോടകം മരണപ്പെടുകയായിരുന്നു.

ക്ലിനിക്ക് ജീവനക്കാരുടെ ഭാഗത്തുണ്ടായ പിഴവാണ് കുട്ടിയുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായതെന്ന് കാണിച്ച്‌ കുടുംബം നാദാപുരം പൊലീസില്‍ പരാതിപ്പെട്ടിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇപ്പോള്‍ അറസ്റ്റ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.