ആഘോഷ പരിപാടികള്‍ക്കിടെ സ്ത്രീകള്‍ക്കു നേരേ സൂചി പ്രയോഗം; നിഗൂഢതകള്‍ ബാക്കി; ഫ്രാന്‍സില്‍ യുവാവ് അറസ്റ്റില്‍

ആഘോഷ പരിപാടികള്‍ക്കിടെ സ്ത്രീകള്‍ക്കു നേരേ സൂചി പ്രയോഗം;  നിഗൂഢതകള്‍ ബാക്കി; ഫ്രാന്‍സില്‍ യുവാവ് അറസ്റ്റില്‍

പാരിസ്: ആഘോഷ പരിപാടികള്‍ക്കിടെ സ്ത്രീകള്‍ക്കു നേരേ സൂചി ആക്രമണം നടത്തുന്ന ദുരൂഹമായ സംഭവങ്ങള്‍ ആശങ്കപ്പെടുത്തും വിധം വര്‍ധിക്കുന്നു. ഫ്രാന്‍സില്‍ കഴിഞ്ഞ ദിവസം നടന്ന സംഗീത പരിപാടിക്കിടെ ഇരുപതോളം പേരെയാണ് സൂചി കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 20 വയസുകാരന്‍ അറസ്റ്റിലായി. കാണികളുടെ ശരീരത്തില്‍ അവരറിയാതെ ഏതോ ദ്രാവകം നിറച്ച സിറിഞ്ചാണ് കുത്തിവച്ചത്. നേരത്തെ ഓസ്ട്രേലിയ, യു.കെ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ നിശാപാര്‍ട്ടികളില്‍ സ്ത്രീകള്‍ക്കെതിരേ സമാനമായ സംഭവങ്ങള്‍ നടന്നിട്ടുണ്ട്.

വെള്ളിയാഴ്ച വൈകിട്ട് ഫ്രാന്‍സിലെ റിവിയേര ബീച്ചില്‍ നടന്ന സംഗീത പരിപാടിക്കിടെയായിരുന്നു ഏറ്റവും പുതിയ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. സൂചി കൊണ്ടുള്ള കുത്തേറ്റ 20 പേരില്‍ ഒരു യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവം നടന്ന് രണ്ടു ദിവസത്തിന് ശേഷം ഞായറാഴ്ചയാണ് പ്രതിയെ കസ്റ്റഡിയിലെടുത്ത് കുറ്റം ചുമത്തിയത്.

പരിപാടിയില്‍ പങ്കെടുത്ത രണ്ട് വനിതകളാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ആദ്യം ഇയാള്‍ കുറ്റം സമ്മതിച്ചില്ല. എങ്കിലും സാക്ഷികള്‍ ഇയാള്‍ക്കെതിരെ മൊഴി നല്‍കുകയും തെളിവുകള്‍ ലഭിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രതിയെ കോടതിയില്‍ ഹാജരാക്കി. ആസൂത്രിതമായ സായുധ ആക്രമണത്തിനാണ് പ്രതിക്കെതിരേ കേസെടുത്തത്.

ഈ വര്‍ഷാരംഭം മുതല്‍ ചുരുങ്ങിയത് ഇത്തരത്തില്‍ 100 സംഭവങ്ങളെങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നൈറ്റ് ക്ലബുകളും പൊതു പരിപാടികളും കേന്ദ്രീകരിച്ചാണ് ആക്രമണം. കഴിഞ്ഞ ആഴ്ച നടന്ന രണ്ട് പൊതുപരിപാടികള്‍ക്കിടെയും സമാനമായ ആക്രമണമുണ്ടായി.

ബെല്‍ഫോര്‍ട്ടിലെ ഒരു പൊതു പരിപാടിയില്‍ പങ്കെടുത്ത 17-18 വയസുള്ള കുട്ടികളില്‍ നിന്ന് 6 പരാതികള്‍ ലഭിച്ചു. വിക്-ഫെസെന്‍സാകില്‍ നടന്ന പരിപാടിക്കിടെ സൂചി ആക്രമണം നേരിട്ടതായി ഏഴ് പേരും പരാതി നല്‍കി. കൂടുതലും യുവതികളാണ് ആക്രമണത്തിന് ഇരയാകുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമാനമായ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എച്ച്.ഐ.വി, ഹെപറ്റൈറ്റിസ് രോഗങ്ങള്‍ക്കുള്ള മുന്‍കരുതല്‍ ചികിത്സ ഇവര്‍ക്കൊക്കെ നല്‍കി.

ചര്‍ദ്ദി, തലകറക്കം, ശരീര വേദന എന്നിവയാണ് ആദ്യം അനുഭവപ്പെടുന്നത്. പിന്നീടു മാത്രമാണ് ചര്‍മ്മത്തില്‍ സൂചി കൊണ്ടുള്ള മുറിവ് കണ്ടെത്തുന്നത്. എന്താണ് സിറിഞ്ചില്‍ ഉപയോഗിച്ചതെന്ന് കൃത്യമായി നിര്‍ണയിക്കാന്‍ പോലീസ് പലപ്പോഴും ബുദ്ധിമുട്ടാറുണ്ട്.

യു.കെയില്‍ നടന്ന സംഭവങ്ങളെതുടര്‍ന്നുള്ള മെഡിക്കല്‍ പരിശോധനകളില്‍ മയക്കം ഉണ്ടാക്കുന്ന ചില മരുന്നുകളാണ് സൂചികളില്‍ നിറച്ചിരിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ലഹരിക്കായി ഉപയോഗിക്കുന്ന മാജിക് മഷ്റൂമില്‍ കണ്ടെത്തിയ രാസവസ്തുവാണ് ഒരു സാമ്പിളില്‍ ഉണ്ടായിരുന്നത്. തീവ്രവാദ സംഘടനകളുടെ സാന്നിധ്യവും പരിശോധിക്കുന്നുണ്ട്.

കൂടുതല്‍ വായനയ്ക്ക്:

നിശാപാര്‍ട്ടികളില്‍ സ്ത്രീകള്‍ക്കു നേരേ സൂചിപ്രയോഗം; യു.കെയിലും ഓസ്‌ട്രേലിയയിലും മൂന്നു മാസത്തിനിടെ രണ്ടായിരത്തോളം കേസുകള്‍


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.