മൈസൂർ: മേഴ്‌സി കോൺവെന്റിൽ നിന്ന് തന്നെ കാരണം കൂടാതെ പുറത്താക്കിയെന്ന് ആരോപണമുന്നയിച്ച് മാധ്യമങ്ങൾക്ക് മുൻപിലെത്തി സി മേരി എൽസീന; ആരോപണങ്ങൾ വാസ്തവ വിരുദ്ധമെന്ന് മഠത്തിന്റെ അധികാരികൾ.
മുൻ കന്യാസ്ത്രീ ലൂസി കളപ്പുരക്കലിന്റെ പിന്തുണയോടെ മഠത്തിന്റെ അധികാരികൾക്കെതിരെ രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ച മൈസൂർ മേഴ്‌സി കോൺവെന്റിലെ സി മേരി എൽസീന സന്യാസ ജീവിതത്തിന് ചേരാത്ത വിധത്തിലുള്ള സംഭാഷങ്ങളും പ്രതിഷേധ പ്രവർത്തനങ്ങളും നടത്തിയിരുന്നതായി മഠത്തിന്റെ സുപ്പീരിയർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
മൈസൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഡോട്ടേഴ്സ് ഓഫ് ഔർ ലേഡി ഓഫ് മേഴ്‌സി സന്യാസിനി സഭയിലെ അംഗമായ സി മേരി എൽസീന ഏതാനും മാസങ്ങളായി മഠത്തിലെ സഹപ്രവർത്തകരോട് അപമര്യാദയായി പെരുമാറുകയും അവരെ അസഭ്യം പറയുകയും ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുക പതിവായിരുന്നു എന്ന് മദർ പ്രൊവിൻഷ്യൽ സി മാർഗരറ്റ് അറിയിച്ചു. ഈ വിവരം അറിയിച്ചതിനെ തുടർന്ന് സി. മേരിയുടെ കന്യാസ്ത്രിയായ സഹോദരി മൈസൂരിലെത്തി അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ ഒരു മനശാത്രജ്ഞന്റെ കൗൺസിലിംഗിൽ കഴിയവേ കന്യാസ്ത്രീയുടെ പിതാവും ഒരു ബന്ധുവും ആശുപത്രിയിലെത്തി ഭീഷണിപ്പെടുത്തി ഡിസ്ചാർജ് വാങ്ങി പോകുകയായിരുന്നു.
പുറത്ത് നിന്നുള്ള വ്യക്തികളുടെ സഹായത്തോടെ ചില വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും, കൂടെയുള്ള കന്യാസ്ത്രീകളെ അപവാദങ്ങളിലേക്ക് വലിച്ചിഴക്കാൻ ശ്രമിച്ചതും വലിയ തെറ്റായി സന്യാസ സഭ കരുതുന്നു എന്ന് പ്രൊവിൻഷ്യൽ അറിയിച്ചു. തുടർച്ചയായി ആത്മഹത്യാ ഭീഷണി മുഴക്കുന്ന ഒരു വ്യക്തിയെ മഠത്തിൽ താമസിപ്പിക്കുന്നതിൽ അവർക്കുള്ള ബുദ്ധിമുട്ടും മദർ പ്രൊവിൻഷ്യൽ അറിയിച്ചു. മഠം ആവശ്യപ്പെട്ടതനുസരിച്ച് കോൺവെന്റിന് പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
ഫ്രാൻസിസ്കൻ ക്ലാരിസ്റ് സന്യാസ സഭയിൽ നിന്ന് തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച് പുറത്താക്കപ്പെട്ട ലൂസി കളപ്പുരയുടെ സഹായത്തോടെയാണ് സി മേരി ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് മഠത്തിലെ അന്തേവാസികൾ വിശ്വസിക്കുന്നു. കത്തോലിക്കാ സഭയിലെ സമർപ്പിത ജീവിതങ്ങളെ കരി വാരിത്തേക്കുവാൻ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണ് ഇത്തരം ആരോപണങ്ങൾ ഉയർത്തുന്നതും അവയ്ക്കു മാധ്യമങ്ങൾ പ്രാധാന്യം നൽകുകയും ചെയ്യുന്നത് എന്ന് കത്തോലിക്കാ സംഘടനകൾ പ്രതികരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.