ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ കര്‍ശനമായി തുടരും; സംസ്ഥാനത്ത് കൂടുതല്‍ ലാബുകള്‍ ആരംഭിക്കും: ആരോഗ്യമന്ത്രി

ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ കര്‍ശനമായി തുടരും; സംസ്ഥാനത്ത് കൂടുതല്‍ ലാബുകള്‍ ആരംഭിക്കും: ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ കര്‍ശനമായി തുടരുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പരിശോധനകള്‍ നിര്‍ത്തില്ല. സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമാകില്ല പരിശോധനകള്‍. അത് നിരന്തരം ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. ഭക്ഷ്യ സുരക്ഷാ ദിനത്തോടനുബന്ധിച്ചുള്ള ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യത് സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി .

സംസ്ഥാനത്ത് കൂടുതല്‍ ഭക്ഷ്യ സുരക്ഷാ ലാബുകള്‍ ആരംഭിക്കും. നിലവില്‍ 14 ജില്ലകളിലും മൊബൈല്‍ ഭക്ഷ്യ സുരക്ഷാ ലാബുകളുണ്ട്. മൂന്ന് ജില്ലകളില്‍ റീജിയനല്‍ ലാബുകളുണ്ട്. ഇതുകൂടാതെ പത്തനംതിട്ടയിലും കണ്ണൂരിലും ഭക്ഷ്യ സുരക്ഷാ ലാബിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.

ഭക്ഷ്യ സുരക്ഷയ്ക്കായുള്ള കലണ്ടര്‍ പരിഷ്‌ക്കരിച്ചു. പൊതുജനങ്ങള്‍ക്ക് പരാതികള്‍ ഫോട്ടോ ഉള്‍പ്പെടെ അപ് ലോഡ് ചെയ്യാനുള്ള സൗകര്യമുണ്ടാകും. പൊതുജനങ്ങളുടെ പരാതികളനുസരിച്ചുള്ള പരിശോധനകളും തുടരുമെന്നും വീണാ ജോർജ് വ്യക്തമാക്കി.

വ്യക്തികളുടെ ആരോഗ്യത്തില്‍ ഉത്തരവാദിത്വമുള്ള വകുപ്പാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ്. വീട്ടില്‍ നിന്നും പുറത്ത് നിന്നും കഴിക്കുന്നത് ശുദ്ധമായതും മായം കലരാത്തതുമായ ഭക്ഷണമാണെന്ന് ഉറപ്പാക്കണം. കഴിക്കുന്ന ഭക്ഷണം ആരോഗ്യത്തിനും രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും പ്രധാനമാണ്. ദേശീയ ആരോഗ്യ സൂചികയില്‍ സംസ്ഥാനം തുടര്‍ച്ചയായി ഒന്നാമതാണ്.

നല്ല മീന്‍ ഉറപ്പാക്കുക എന്ന ലക്ഷ്യവുമായി ആവിഷ്‌ക്കരിച്ച ഓപ്പറേഷന്‍ മത്സ്യ വിജയിച്ചു. കഴിഞ്ഞ ദിവസം മാത്രം 9,600 കിലോ പഴകിയ മീനാണ് പിടിച്ചെടുത്തത്. ചെക്ക് പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കി. മായം കലര്‍ന്ന മീനിന്റെ വരവ് കുറഞ്ഞു. വലിയ കടകളെന്നല്ല, ചെറിയ കടകളായാലും വൃത്തിയുള്ള നല്ല ഭക്ഷണം നല്‍കുന്ന കടകളാണ് പ്രധാനം. അത്തരം കടകള്‍ ബെവ് സൈറ്റില്‍ പ്രസിദ്ധീകരിക്കും.

സംസ്ഥാനത്തെ നാല് ജില്ലകള്‍ക്ക് ഈറ്റ് റൈറ്റ് ചലഞ്ചില്‍ ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഭക്ഷ്യ ഉത്പാദന, വിതരണ മേഖലയിലുള്ളവരും പൊതുസമൂഹവും ഒന്നിച്ച്‌ പ്രവര്‍ത്തിച്ചാല്‍ മായമില്ലാത്തതും വൃത്തിയുള്ളതുമായ ഭക്ഷണം ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.