ബി ജെ പി നേതാക്കളുടെ നാവിന്റെ പ്രത്യാഘാതം പേറേണ്ടി വരുന്നത് ഗള്‍ഫ് നാടുകളില്‍ ജീവിക്കുന്ന ഇന്ത്യക്കാര്‍: കൊടിക്കുന്നില്‍ സുരേഷ്

ബി ജെ പി നേതാക്കളുടെ നാവിന്റെ പ്രത്യാഘാതം പേറേണ്ടി വരുന്നത് ഗള്‍ഫ് നാടുകളില്‍ ജീവിക്കുന്ന ഇന്ത്യക്കാര്‍: കൊടിക്കുന്നില്‍ സുരേഷ്

കൊച്ചി: ബി ജെ പി നേതാക്കളുടെ നാവിന്റെ പ്രത്യാഘാതം പേറേണ്ടി വരുന്നത് ഗള്‍ഫ് നാടുകളില്‍ ജീവിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എം പി. ഇസ്ലാമിക വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തിക്കൊണ്ട് ബി ജെ പി വക്താവ് നടത്തിയ ഹീനമായ പ്രചാരണങ്ങള്‍ ഗള്‍ഫ് നാടുകളില്‍ ജീവിക്കുന്ന ഇന്ത്യന്‍ കുടുംബങ്ങളുടെ തൊഴിലിനും ഉപജീവനത്തിനും നിലനില്‍പ്പിനും പോലും ഭീഷണിയാണെന്ന് കൊടിക്കുന്നില്‍ സുരേഷ് ഫെയ്‌സ് ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

ബി ജെ പി വക്താവ് നൂപുര്‍ ശര്‍മ്മ നടത്തിയ നിന്ദ്യമായ പരാമര്‍ശം ഇന്ത്യ കൈക്കൊണ്ട പരമ്പരാഗത മതേതര മൂല്യങ്ങളുടെയും ആഗോള സാഹോദര്യത്തിന്റെയും ഗാന്ധിയന്‍ ആദര്‍ശങ്ങളുടെയും സഹിഷ്ണുതയ്ക്കു ക്ഷതം സംഭവിച്ചതിന്റെ ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യക്കാരെ ശത്രുക്കളായി കാണുന്ന സ്ഥിതിയിലേക്ക് ഗള്‍ഫ് ജനത എത്തിച്ചേര്‍ന്നാല്‍ അതിന് ഉത്തരവാദികള്‍ ബി ജെ പിയാണെന്നും കൊടിക്കുന്നില്‍ സുരേഷ് ആരോപിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

ലോകമെങ്ങുമുള്ള കോടിക്കണക്കിന് ഇസ്ലാമിക വിശ്വാസികളുടെ വികാരങ്ങളെ വൃണപ്പെടുത്തിക്കൊണ്ട് ബി ജെ പി വക്താവും ഉത്തരവാദിത്തപ്പെട്ട നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ മഹാനായ പ്രവാചകനെതിരെ നടത്തുന്ന ഹീനമായ പ്രചാരണങ്ങള്‍ ഇന്ത്യയുടെ യശസ് ലോകത്തിനു മുമ്പില്‍ ഇടിച്ചു താഴ്ത്തുകയാണ്. ഇന്ത്യയുമായി ചരിത്ര പരമായിത്തന്നെ ഊഷ്മളമായ സൗഹൃദം എന്നും പുലര്‍ത്തുന്ന ഗള്‍ഫ് നാടുകളില്‍ ജീവിക്കുന്ന ലക്ഷക്കണക്കിനു മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ കുടുംബങ്ങളുടെ തൊഴിലിനും ഉപജീവനത്തിനും നിലനില്‍പ്പിനും പോലും ഭീഷണിയാണ്.

ബി ജെ പി വക്താവ് നൂപുര്‍ ശര്‍മ്മ നടത്തിയ നിന്ദ്യമായ പരാമര്‍ശം കൊണ്ട് ഇന്ത്യ എന്നും എക്കാലവും കൈക്കൊണ്ട പരമ്പരാഗത മതേതര മൂല്യങ്ങളുടെയും ആഗോള സാഹോദര്യത്തിന്റെയും ഗാന്ധിയന്‍ ആദര്‍ശങ്ങളുടെയും മഹല്‍പാരമ്പര്യങ്ങള്‍ക്കും സഹിഷ്ണുതയ്ക്കും ക്ഷതം സംഭവിച്ചതിന്റെ ഉദാഹരണമാണ് ഖത്തര്‍, കുവൈറ്റ് എന്നിങ്ങനെ പ്രമുഖ ഇസ്ലാമിക രാഷ്ട്രങ്ങളുടെയെല്ലാം ശക്തമായ പ്രതിഷേധം ഇന്ത്യന്‍ ഭരണകൂടം എറ്റുവാങ്ങേണ്ടി വന്നതെന്നും, ഉത്തരവാദിത്തമില്ലാത്ത വിടുവായത്വവും വെറുപ്പിന്റെ ഭാഷയും വിളമ്പുന്നത് ബി ജെ പി വക്താക്കള്‍ മാത്രമല്ല, ബി ജെ പിയുടെ നേതാക്കള്‍ ഒന്നടങ്കം ആണെന്നും അതിന്റെ അങ്ങേയറ്റം മര്യാദയില്ലാത്ത നിന്ദ്യമായ പ്രസ്താവനയാണ് നൂപുര്‍ ശര്‍മയുടെയും നവീന്‍ കുമാര്‍ ജിന്‍ഡലിന്റെയും.

ബി ജെ പി നേതാക്കളുടെ കടിഞ്ഞാണില്ലാത്ത നാവിന്റെ പ്രത്യാഘാതം പേറേണ്ടി വരുന്നത് ഗള്‍ഫ് നാടുകളില്‍ തൊഴില്‍ ചെയ്ത് സമാധാന പൂര്‍വം ജീവിക്കുന്ന ലക്ഷകണക്കിന് ഇന്ത്യക്കാരാണ്. അവരില്‍ മഹാ ഭൂരിപക്ഷം മലയാളികളുമാണ്. ഇവരെ ശത്രുക്കളായി കാണുന്ന സ്ഥിതിയിലേക്ക് ഗള്‍ഫ് ജനത എത്തിച്ചേര്‍ന്നാല്‍ അതിനുത്തരവാദിത്വം ബി ജെ പിക്കുമാത്രമാണ്. ഇന്ന് ഇന്ത്യയില്‍ നടമാടുന്ന വെറുപ്പിന്റെയും അക്രമത്തിന്റെയും ന്യൂനപക്ഷങ്ങളുടെയും ദളിതരുടെയും നേരെയുള്ള സംഘ പരിവാര്‍ ആക്രമണങ്ങളുടെയും നേര്‍ക്ക് കണ്ണടക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ആ വെറുപ്പിന്റെ പ്രത്യയ ശാസ്ത്രം ലോകമെങ്ങും പടര്‍ത്തുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.