നബിക്കെതിരായ പരാമര്‍ശം: നയതന്ത്ര ചര്‍ച്ചകളുമായി ഇന്ത്യ

നബിക്കെതിരായ പരാമര്‍ശം: നയതന്ത്ര ചര്‍ച്ചകളുമായി ഇന്ത്യ

ന്യൂഡല്‍ഹി: മതനിന്ദ നടത്തിയെന്നാരോപിച്ച് ഇന്ത്യയ്‌ക്കെതിരേ തിരിഞ്ഞ ഇസ്ലാമിക രാജ്യങ്ങളുടെ ഭീഷണിക്ക് വഴങ്ങാതെയും എന്നാല്‍ നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വീഴാതെയും മുന്നോട്ടു കൊണ്ടുപോകാന്‍ നീക്കങ്ങളുമായി ഇന്ത്യ.

ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി ഈ രാജ്യങ്ങളിലെ ഭരണകൂടങ്ങളുമായി ഇന്ത്യന്‍ സ്ഥാനപതിമാര്‍ ചര്‍ച്ചകളാരംഭിച്ചു. 17 അറബ് രാജ്യങ്ങളാണ് ഔദ്യോഗികമായി പ്രതിഷേധമറിയിച്ചത്. വിവാദ പരാമര്‍ശത്തില്‍ ഇന്ത്യ മാപ്പു പറയണമെന്ന് ചില രാജ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ മാപ്പു പറയേണ്ട കാര്യമില്ലെന്ന നിലപാടിലാണ് ഇന്ത്യ.

ആദ്യ ഘട്ടത്തില്‍ ഇന്ത്യ വിരുദ്ധ നിലപാട് എടുത്ത പല രാജ്യങ്ങളും ഇപ്പോള്‍ തണുപ്പന്‍ നിലപാടിലേക്ക് പോയിട്ടുണ്ട്. ഇന്ത്യയെ പ്രതിഷേധം അറിയിച്ച പല രാജ്യങ്ങളും ഇന്ത്യയെ വിവിധ ആവശ്യങ്ങള്‍ക്കായി ആശ്രയിക്കുന്നവരുമാണ്.

ഇസ്ലാമിക രാജ്യങ്ങളുമായുള്ള നയതന്ത്ര ചര്‍ച്ചകളില്‍ സ്വീകരിക്കേണ്ട സമീപനവും ഉയര്‍ത്തേണ്ട വിഷയങ്ങളും സ്ഥാനപതിമാര്‍ക്ക് വിദേശകാര്യ മന്ത്രാലയം കൈമാറി. വിഷയം സസൂക്ഷ്മം വിലയിരുത്താനും കൃത്യമായി റിപ്പോര്‍ട്ട് ചെയ്യാനും നിര്‍ദേശിച്ചിട്ടുണ്ട്.

ഇന്ത്യ എല്ലാ മതങ്ങളെയും ആദരിക്കുന്ന രാജ്യമാണെന്ന നിലപാട് ഉയര്‍ത്തിപ്പിടിച്ചുകൊണ്ടായിരിക്കണം ചര്‍ച്ചകളില്‍ സംസാരിക്കേണ്ടത്. വിവാദ പരാമര്‍ശം നടത്തിയവര്‍ക്കെതിരേ അവരുടെ സംഘടന കര്‍ശന നടപടി എടുത്തിട്ടുണ്ടെന്നും അറിയിക്കണം. ഉഭയകക്ഷി ബന്ധം തകര്‍ക്കാനാഗ്രഹിക്കുന്ന ശക്തികള്‍ വിഷയത്തില്‍ ഇടപെടാന്‍സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും നയതന്ത്ര പ്രതിനിധികളോട് നിര്‍ദേശിച്ചിട്ടുണ്ട്്.

അതിനിടെ, വിവാദങ്ങള്‍ക്കിടയില്‍ ഇന്ത്യയിലെത്തിയ ഇറാന്‍ വിദേശ കാര്യമന്ത്രി ഹൊസൈന്‍ മൊഹമ്മദ് അബ്ദുള്ളാഹിയാനുമായി ബുധനാഴ്ച വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍ ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. ഇറാന്‍ മന്ത്രിയുടെ സന്ദര്‍ശനം മുന്‍കൂട്ടി നിശ്ചയിച്ചതാണ്.

അതേസമയം, വിവാദപരാമര്‍ശത്തില്‍ നൂപുര്‍ ശര്‍മയെ പിന്തുണച്ച ഡച്ച് പാര്‍ലമെന്റ് അംഗം ഗീര്‍ട് വൈല്‍ഡേഴ്‌സിന് വധഭീഷണി. കഴിഞ്ഞ ദിവസമാണ് വൈല്‍ഡേഴ്‌സ് ഇന്ത്യ മാപ്പുപറയേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടി ട്വീറ്റ് ചെയ്തത്. തനിക്ക് വധഭീഷണിയുണ്ടെന്ന് വൈല്‍ഡേഴ്‌സ് തന്നെയാണ് വെളിപ്പെടുത്തിയത്.

ഒരു ദേശീയ മാധ്യമത്തില്‍ നടന്ന ചര്‍ച്ചയില്‍ ബിജെപി പ്രതിനിധി മതനിന്ദ നടത്തിയെന്ന് ആരോപിച്ചാണ് തീവ്ര ഇസ്ലാമിസ്റ്റുകളും ഇസ്ലാമിക രാജ്യങ്ങളും ഇന്ത്യ വിരുദ്ധ നീക്കങ്ങളുമായി കോലാഹലം ഉണ്ടാക്കിയത്. കിട്ടിയ അവസരം മുതലെടുക്കാന്‍ പാക്കിസ്ഥാനും ശ്രമിച്ചെങ്കിലും കാര്യമായ പിന്തുണ മറ്റ് പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് ലഭിച്ചില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.