തിരുവനന്തപുരം: ജീവിക്കാന്‍ മാര്‍ഗമില്ലാതായതോടെ വൃക്കയും കരളും വില്‍പ്പനയ്ക്ക് വച്ച തിരുവനന്തപുരത്തെ തെരുവുഗായകന്‍ റൊണാള്‍ഡിന്റെ കദനകഥ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. അവയവങ്ങള്‍ വില്‍ക്കാന്‍ തയാറാണെന്ന് മുച്ചക്ര വാഹനത്തില്‍ എഴുതി ഒട്ടിച്ച് ആവശ്യക്കാരെ തേടി നഗരത്തിലൂടെ അലഞ്ഞ റൊണാള്‍ഡിന് സഹായവുമായി അന്ന് പി.ടി തോമസ് എംഎല്‍എ രംഗത്തെത്തുകയും ചെയ്തിരുന്നു.
എന്നാല്‍ പിന്നീട് സര്‍ക്കാര്‍ ഇയാളെ ഏറ്റെടുക്കുമെന്ന് അറിയിച്ചതോടെ പി.ടിയുടെ സഹായം സ്വീകരിച്ചതുമില്ല. അന്ന് സഹായ വാഗ്ദാനവുമായെത്തിയ മന്ത്രി ആന്റണി രാജുവിനെതിരേ രംഗത്തെത്തിയിരിക്കുകയാണ് റൊണാള്‍ഡ്.
സര്‍ക്കാര്‍ റൊണാള്‍ഡിനെ ഏറ്റെടുത്തതോടെ പല വഴിക്കും ലഭിച്ചിരുന്ന സഹായങ്ങള്‍ നിലച്ചു. സര്‍ക്കാര്‍ വാക്കു പാലിക്കാന്‍ തയാറായതുമില്ല. ഇപ്പോള്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ കനത്ത മഴയില്‍ ആന്റണി രാജുവിനും സര്‍ക്കാരിനുമെതിരേ സമരം നടത്തുകയാണ് ഈ തെരുവുഗായകന്‍.
തിരുവനന്തപുരം വിമാനത്താവളത്തിനടുത്ത് വാടകവീട്ടിലാണ് റൊണാള്‍ഡ് താമസിച്ചിരുന്നത്. തെരുവില്‍ കണ്ണീരൊഴുക്കിയവനായിരുന്നില്ല അദ്ദേഹം. എല്ലാവരെയും പാടി സന്തോഷിപ്പിച്ചായിരുന്നു ജീവിതം. തെരുവില്‍ പാടിക്കിട്ടുന്ന വരുമാനം കൊണ്ടാണ് ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന കുടുംബത്തെ പോറ്റിയത്.
ആറു വര്‍ഷം മുന്‍പ് ഭാര്യ മരിച്ചു. ഇതോടെ ജീവിതം കൈവിട്ടു തുടങ്ങി. മകള്‍ ഉപേക്ഷിച്ചു പോയി. മകന്‍ മോഷണ കേസില്‍പ്പെട്ട് ജയിലിലായി. തുടര്‍ന്ന് ആരുമില്ലാതായതോടെ റൊണാള്‍ഡിന് വാടകവീട് നഷ്ടമായി. അരയ്ക്കു താഴെ തളര്‍ന്ന അദ്ദേഹത്തിന്റെ ജീവിതം പിന്നീട് മുച്ചക്ര വാഹനത്തിലായി.
ജീവിക്കാന്‍ മറ്റൊരു മാര്‍ഗവുമില്ലെന്നും സഹായിക്കാന്‍ ആരുമില്ലെന്നും റൊണാള്‍ഡ് കണ്ണീരോടെ പറയുന്നു.കോവിഡ് വന്നതോടെ പാട്ട് കേള്‍ക്കാനും പണം തരാനും തെരുവില്‍ ആളില്ല. ഇതോടെയാണ് അവയവങ്ങള്‍ വില്‍ക്കാന്‍ തീരുമാനിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.