കാഴ്ച്ചയ്ക്ക് ഒരു മങ്ങലുമില്ല; നൂറാം വയസിലും ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കി ഇറ്റാലിയന്‍ വനിത

കാഴ്ച്ചയ്ക്ക് ഒരു മങ്ങലുമില്ല; നൂറാം വയസിലും ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കി ഇറ്റാലിയന്‍ വനിത

വിസെന്‍സ: പ്രായം നൂറ് പിന്നിട്ടു. എങ്കിലും കാഴ്ച്ചയ്ക്ക് ഒരു മങ്ങലുമില്ല. ആവശ്യത്തിന് ആരോഗ്യവുമുണ്ട്. പിന്നെ എങ്ങനെ ഡ്രൈവിംഗ് ലൈസന്‍സ് നല്‍കാതിരിക്കും.??? ലൈസന്‍സ് പുതുക്കി നല്‍കാതിരിക്കാന്‍ മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ തലങ്ങും വിലങ്ങും പരിശ്രമിച്ചിട്ടും കാന്‍ഡിഡ ഉദേര്‍സോ എന്ന മുത്തശിയുടെ പ്രായം തളര്‍ത്താത്ത ആത്മവിശ്വാസത്തിന് മുന്നില്‍ അവര്‍ക്ക് മുട്ടുമടക്കേണ്ടി വന്നു.

സ്വയം കാര്‍ ഓടിക്കുക എന്നത് ഉദേര്‍സോയുടെ നിര്‍ബന്ധവും ആഗ്രഹവുമായിരുന്നു. പുറത്തെവിടെങ്കിലും പോകാന്‍ മകനെ എപ്പഴും ബുദ്ധിമുട്ടിക്കാന്‍ അവര്‍ക്ക് ആഗ്രഹമുണ്ടായിരുന്നില്ല. പിന്നുള്ള ഏക പോംവഴി ലൈസന്‍സ് പുതുക്കുകയെന്നതായിരുന്നു. മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥരെ സമീപിച്ചപ്പോള്‍ ഇത്രയും പ്രായമുള്ള ഒരാള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കാന്‍ അവര്‍ വിസമ്മതിച്ചു. നിര്‍ബന്ധം പിടിച്ചപ്പോള്‍ ഉദേര്‍സോയുടെ കാഴ്ച്ച ശക്തി തെളിയിക്കാന്‍ അവര്‍ ആവശ്യപ്പെട്ടു.

പിന്നെ ഒട്ടും വൈകിച്ചില്ല വിസെന്‍സയിലെ ഒരു ഡ്രൈവിംഗ് സ്‌കൂളില്‍ നേത്ര പരിശോധന നടത്തി, അതില്‍ വിജയിച്ചതിന്റെ സര്‍ട്ടിഫിക്കറ്റുമായി വീണ്ടും ഉദ്യോഗസ്ഥരെ സമീപിച്ചു. കൂടുതല്‍ തടസവാദങ്ങളൊന്നും ഉന്നയിക്കാന്‍ ഇല്ലാതിരുന്നതിനാല്‍ ഉഡര്‍സോയുടെ നിശ്ചയദാര്‍ഡ്യത്തിന് മുന്നില്‍ കീഴടങ്ങി ഒടുവില്‍ അവര്‍ ലൈസന്‍സ് പുതുക്കി നല്‍കി.

സ്വാതന്ത്ര്യ ബോധം അനുഭവിച്ച നിമിഷമെന്നാണ് ലൈസന്‍സ് പുതുക്കി കിട്ടിയതിനെ ഉഡര്‍സോയ വിശേഷിപ്പിച്ചത്. ജീവിതത്തില്‍ ലഭിച്ച വലിയ സന്തോഷങ്ങളിലൊന്നായി ഇതിനെ കാണുന്നുവെന്ന് ഉദേര്‍സോ പറഞ്ഞു. ''ഞാന്‍ ഭാഗ്യവതിയാണ്. എനിക്ക് 100 വയസായി, ആരോഗ്യമുള്ളത് എന്നെയും അത്ഭുതപ്പെടുത്തുന്നു. വാര്‍ദ്ധക്യസഹജമായ രോഗങ്ങളില്ലാത്തതിനാല്‍ വല്ലപ്പോഴുമുള്ള ഉറക്ക ഗുളികയല്ലാതെ മറ്റ് ഗുളികകളൊന്നും കഴിക്കാറില്ല.'' ഉദേര്‍സോ പറഞ്ഞു.



നൂറു വയസ് പിന്നിട്ടെങ്കിലും കണ്ണടയുടെ സഹായമില്ലാതെയാണ് ഇപ്പഴും ഉദേര്‍സോ പത്രവും പുസ്തകങ്ങളും വായിക്കുന്നത്. പരസഹായം കുടാതെ നടക്കാനുള്ള ശേഷിയുണ്ട്. വിവാഹജീവിതത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ തന്നെ ഭര്‍ത്താവിനെ നഷ്ടമായത് മാത്രമാണ് ജീവിതത്തിലെ ഏക ദുഖമെന്ന് ഉദര്‍സോ പറഞ്ഞു. ''ജീവിതം തുടരാന്‍ ഞാന്‍ ആഗ്രഹിച്ചു. സുഹൃത്തുക്കളോടൊപ്പം ദീര്‍ഘനേരം നടക്കാന്‍ തുടങ്ങി, അത് സങ്കടം മറികടക്കാന്‍ എന്നെ സഹായിച്ചു.'' ഉദേര്‍സോ പറഞ്ഞു.

പ്രായമേറിയ ആളുകളുടെ ജനസംഖ്യയില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ മുന്നിലാണ് ഇറ്റലി. ഇസ്റ്റാറ്റ് മെയ് ആദ്യം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, ഇറ്റലിയില്‍ നൂറു വയസ് പിന്നിട്ട 14,456 പേരുണ്ട്. ഇവരില്‍ ചുരുക്കം ആളുകള്‍ ഇപ്പഴും സ്വയമായി വാഹനം ഓടിക്കുന്നവരാണ്. കഴിഞ്ഞ വര്‍ഷം 100 വയസ് തികഞ്ഞ ഒരാള്‍ പുതിയ കാര്‍ വാങ്ങി ലൈസന്‍സ് പുതുക്കി. തന്റെ ജീവിതത്തില്‍ ഒരപകടവും ഉണ്ടായിട്ടില്ലെന്ന് അക്കാലത്ത് പ്രാദേശിക മാധ്യമങ്ങളോട് അയാള്‍ പറഞ്ഞു. ഡ്രൈവിംഗ് ഉപേക്ഷിക്കാന്‍ താന്‍ തയ്യാറല്ലെന്ന് നൂറു വയസ് പിന്നിട്ട മറ്റൊരാളും പറഞ്ഞു.

80 വയസിന് മുകളിലുള്ളവര്‍ രണ്ട് വര്‍ഷം കൂടുമ്പോള്‍ ലൈസന്‍സ് പുതുക്കണമെന്നാണ് ഇറ്റലിയിലെ മോട്ടോര്‍ വാഹന നിയമം. ഡ്രൈവര്‍മാര്‍ ശാരീരികമായും മാനസികമായും ആരോഗ്യമുള്ളവരാണെന്ന് ഉറപ്പാക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും കാഴ്ച്ച ശക്തിക്ക് കുറഞ്ഞിട്ടില്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും ഇതോടൊപ്പം നല്‍കണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.