സ്വപ്നയ്ക്കെതിരായ കേസ് അന്വേഷിക്കാന്‍ 12 അംഗ സംഘം; കേസ് നിലനില്‍ക്കില്ലെന്ന് നിയമ വിദഗ്ധര്‍

സ്വപ്നയ്ക്കെതിരായ കേസ് അന്വേഷിക്കാന്‍ 12 അംഗ സംഘം; കേസ് നിലനില്‍ക്കില്ലെന്ന് നിയമ വിദഗ്ധര്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനും മുന്‍ എംഎല്‍എ പി.സി ജോര്‍ജിനും എതിരെ രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷിക്കാന്‍ വന്‍ പൊലീസ് സന്നാഹം.

ക്രൈംബ്രാഞ്ച് എഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ പന്ത്രണ്ട് അംഗങ്ങളാണ് ഉള്ളത്. തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പി മധുസുദനനാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. വിവിധ ജില്ലകളില്‍ നിന്നുള്ള ഡിവൈഎസ്പിമാരും സംഘത്തിലുണ്ട്.

മുഖ്യമന്ത്രിക്കും മറ്റുമെതിരെ ആരോപണം ഉന്നയിക്കാന്‍ സ്വപ്ന സുരേഷ് പി.സി ജോര്‍ജുമായി ഗൂഢാലോചന നടത്തിയെന്നാണ് പൊലീസിന്റെ എഫ്ഐആറില്‍ പറയുന്നത്. വ്യാജ പ്രചാരണം നടത്തി പ്രതിപക്ഷ പാര്‍ട്ടികളെ തെറ്റിദ്ധരിപ്പിച്ച് നാട്ടില്‍ കലാപം സൃഷ്ടിക്കാനുള്ള ആസൂത്രിത ശ്രമമാണ് നടത്തിയതെന്നും എഫ്ഐആറില്‍ പറയുന്നു.

സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഇത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മുന്‍മന്ത്രി കെ ടി ജലീല്‍ ആണ് പൊലീസില്‍ പരാതി നല്‍കിയത്. ഇതുപ്രകാരം തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

പ്രോസിക്യൂഷന്‍ ഡപ്യൂട്ടി ഡയറക്ടറുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കേസില്‍ സ്വപ്ന സുരേഷ് ഒന്നാം പ്രതിയും പി.സി.ജോര്‍ജ് രണ്ടാം പ്രതിയുമാണ്. സ്വപ്നയ്ക്കും പി സി ജോര്‍ജിനുമെതിരെ 120 ബി, 153 വകുപ്പുകള്‍ പ്രകാരം ഗൂഢാലോചനയ്ക്കും കലാപ ശ്രമത്തിനുമാണ് കേസെടുത്തത്.

എന്നാല്‍ സ്വപ്ന സുരേഷ് കോടതിയില്‍ നല്‍കിയ രഹസ്യമൊഴി മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആവര്‍ത്തിച്ചതില്‍ എടുത്ത കേസ് നില്‍നില്‍ക്കുമോ എന്ന ആശങ്ക സേനക്കുള്ളില്‍ തന്നെയുണ്ട്. ജനപ്രതിനിധികള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കുമെതിരെ ആരോപണങ്ങള്‍ ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്.

ആരോപണങ്ങള്‍ക്ക് പിന്നാലെ പ്രതിപക്ഷ സംഘടനകള്‍ സമരവും നടത്തും. അത് സാധാരണമാണ്. അത്തരം സമരങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയും കലാപ ആഹ്വാനവും ഉന്നയിച്ച് കേസെടുക്കുന്നത് നിലനില്‍ക്കുമോ എന്നാണ് സേനയിലെ തന്നെ ചില ഉദ്യോഗസ്ഥരുടെ സംശയം.

ഇതേ സംശയമാണ് നിയമ വിദഗ്ധരും ഉന്നയിക്കുന്നത്. കേസ് കോടതിയുടെ വരാന്തയില്‍ പോലും എത്തില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രതികരണം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.