ലൈഫ് പദ്ധതി; രണ്ടാം ഘട്ടത്തില്‍ 5,14,381 ഗുണഭോക്താക്കള്‍; കരട് പട്ടിക വെബ്‌സൈറ്റില്‍

ലൈഫ് പദ്ധതി; രണ്ടാം ഘട്ടത്തില്‍ 5,14,381 ഗുണഭോക്താക്കള്‍; കരട് പട്ടിക വെബ്‌സൈറ്റില്‍

തിരുവനന്തപുരം: ലൈഫ് ഭവന പദ്ധതിയുടെ രണ്ടാംഘട്ട ഗുണഭോക്താക്കളുടെ കരട് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. 5,14,381 പേരാണ് കരട് പട്ടികയിലുള്ളത്. പട്ടിക അര്‍ദ്ധ രാത്രിയോടെ ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ വെബ്‌സൈറ്റായ www.life2020.kerala.gov.inല്‍ ലഭ്യമാകും.

പട്ടികയില്‍ പരാതിയുള്ളവര്‍ക്ക് രണ്ട് ഘട്ടമായി അപ്പീല്‍ നല്‍കാന്‍ അവസരമുണ്ട്. ജൂണ്‍ 17ന് അകം ആദ്യഘട്ട അപ്പീല്‍ നല്‍കണം. അപ്പീലുകള്‍ നേരിട്ടും ഓണ്‍ലൈനായും സമര്‍പ്പിക്കാം. ഇതിനായി തദ്ദേശ സ്ഥാപനങ്ങളില്‍ ഹെല്‍പ് ഡെസ്‌കുകള്‍ സ്ഥാപിക്കുമെന്നും തദ്ദേശ സ്വയംഭരണ മന്ത്രി എംവി ഗോവിന്ദന്‍ തിരുവനന്തപുരത്ത് അറിയിച്ചു. പൊതുവിഭാഗത്തില്‍ ഭൂമിയുള്ള 2,55,425 പേരും ഭൂരഹിതരായ 1,39,836 പേരുമടക്കം 3,95,261 ഗുണഭോക്താക്കളാണുള്ളത്.

ഗ്രാമ പഞ്ചായത്തുകളില്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കും നഗരസഭകളില്‍ നഗരരസഭാ സെക്രട്ടറിക്കുമാണ് അപ്പീല്‍ നല്‍കേണ്ടത്. ഒന്നാം ഘട്ടത്തിന് ശേഷമുള്ള കരട് പട്ടിക ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും. ഇതില്‍ പരാതിയുള്ളവര്‍ക്ക് ജൂലൈ എട്ടിനകം ജില്ലാ കളക്ടര്‍ക്ക് അപ്പീല്‍ നല്‍കാം. രണ്ടാം ഘട്ട അപ്പീലിന് ശേഷമുള്ള പട്ടിക ജൂലൈ 22ന് പ്രസിദ്ധീകരിക്കും.

ഓഗസ്റ്റ് അഞ്ചിന് ഗ്രാമസഭകളുടേയും പത്തിന് തദ്ദേശ ഭരണ സമിതികളുടേയും അംഗീകാരം നേടിയ ശേഷം ഓഗസ്റ്റ് 16ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.

പട്ടികജാതി വിഭാഗത്തില്‍ ഭൂമിയുള്ള 60,744ഉം ഭൂമിയില്ലാത്ത 43,213ഉം ആയി 1,03,957 ഗുണഭോക്താക്കള്‍. പട്ടിക വര്‍ഗ വിഭാഗത്തില്‍പെട്ട 15,163 പേരാണ് പട്ടികയില്‍ ഉള്ളത്. ആകെ സ്വന്തമായി ഭുമിയുള്ള 3,28,041 പേര്‍ക്കും ഭൂമിയില്ലാത്ത 1,86,340 പേര്‍ക്കും വീട് ലഭിക്കും. രണ്ടാം ഘട്ടത്തിന്റെ ഭാഗമായി പുതിയ അപേക്ഷകള്‍ നല്‍കാന്‍ ഇനി അവസരമില്ല. ലൈഫ് പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 2,95,006 വീടുകളാണ് പൂര്‍ത്തീകരിച്ചത്. അതിന് പുറമെ 34,374 വീടുകളുടേയും 27 കെട്ടിട സമുച്ഛയങ്ങളുടേയും നിര്‍മാണം പുരോഗമിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.