10 ലക്ഷത്തില്‍ താഴെ വിലയുള്ള കുഞ്ഞന്‍ ഇലക്ട്രിക് കാര്‍ നിരത്തിലിറക്കാനൊരുങ്ങി എം.ജി മോട്ടോഴ്‌സ്

10 ലക്ഷത്തില്‍ താഴെ വിലയുള്ള കുഞ്ഞന്‍ ഇലക്ട്രിക് കാര്‍ നിരത്തിലിറക്കാനൊരുങ്ങി എം.ജി മോട്ടോഴ്‌സ്

ഇലക്ട്രിക് വാഹന വിപണി കുതിച്ചുയരുമ്പോഴും ഉപയോക്താക്കള്‍ക്ക് ബജറ്റ് ഫ്രണ്ട്‌ലിയായ ഓപ്ഷനുകള്‍ ലഭ്യമല്ല എന്നതാണ് ഈ രംഗത്തെ പ്രധാന പോരായ്മ. എന്നാല്‍ ഇതിന് പരിഹാരമായി പുതിയ എന്‍ട്രി ലെവല്‍ ഇലക്ട്രിക് കാര്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് എംജി മോട്ടോഴ്സ്. വാഹനം അടുത്ത വര്‍ഷം പുറത്തിറക്കുമെന്നാണ് കമ്പനി പറയുന്നത്.

എംജിയുടെ സഹോദര ബ്രാന്‍ഡായ വൂളിങ്ങിന്റെ എയര്‍ ഇവിയെ (കോഡ് നെയിം: E230) അടിസ്ഥാനമാക്കിയുള്ളതാണ് എംജിയുടെ പുതിയ ബജറ്റ്-ഫ്രണ്ട്‌ലി ഇ വി. എംജി മോട്ടോഴ്സ് പുറത്തിറക്കാനിരിക്കുന്ന ഇവിയെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമല്ലെങ്കിലും കാര്‍ വൂളിങ് എയറിന്റെ 2-ഡോര്‍ ബോഡി സ്‌റ്റൈല്‍ നിലനിര്‍ത്തുമെന്നാണ് വിവരം. കൂടാതെ ഇതിന് അലോയ് വീലുകളും ഉണ്ടായിരിക്കും.

പുതിയ എംജി ഇവിക്ക് ആള്‍ട്ടോയേക്കാള്‍ നീളം കുറവായിരിക്കുമെന്നും 2010 എംഎം വീല്‍ബേസ് ആയിരിക്കുമെന്നും ഫസ്റ്റ് പോസ്റ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വൂളിങ് എയര്‍ പോലുള്ള ചെറിയ കാറുകള്‍ ടോക്കിയോ പോലെയുള്ള തിരക്കേറിയ നഗരങ്ങളില്‍ വലിയ ആശ്വാസമാണ്. എന്നാല്‍ അത്തരമൊരു കാര്‍ ഇന്ത്യന്‍ നഗരങ്ങള്‍ക്ക് അനുയോജ്യമാകുമോ എന്ന് കണ്ട് തന്നെ അറിയണം.

എംജിയുടെ ഈ കോംപാക്റ്റ് ഇവിയില്‍ 40 ബിഎച്ച്പി ഇലക്ട്രിക് മോട്ടോറും 150 കിലോമീറ്റര്‍ റേഞ്ചുള്ള 20-25 കെഡബ്ല്യുഎച്ച് ബാറ്ററിയുമായിരിക്കും ഉണ്ടാകുക. നിലവിലെ വിവരം അനുസരിച്ച് ടാറ്റ ഓട്ടോകോമ്പ് ആയിരിക്കും ബാറ്ററി നല്‍കുക. ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങള്‍ക്കായുള്ള Li-ion ബാറ്ററി പാക്കുകളുടെ രൂപകല്‍പ്പന, നിര്‍മ്മാണം, വിതരണം, സേവനം എന്നിവയ്ക്കായി ചൈനീസ് ബാറ്ററി വിതരണക്കാരായ ഗോഷനുമായി ടാറ്റ ഓട്ടോകോംപ് ഒരു കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

കൂടാതെ പുതിയ എംജി ഇവിയില്‍ എല്‍എഫ്പി സിലിണ്ടര്‍ സെല്ലുകളാണ് ഉപയോഗിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ സെല്ലുകള്‍ നെക്‌സോണ്‍ ഇവിയിലേത് പോലുള്ളതാകും. കാരണം ഇവ വളരെ ചെലവ് കുറഞ്ഞതാണ്. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് വളരെ അനുയോജ്യവുമാണ്. എന്നാല്‍ വിലയാണ് കാറിന്റെ പോരായ്മ.

എംജിയുടെ പുറത്തിറക്കാനിരിക്കുന്ന ഇവി ഇന്ത്യയിലെ നഗരപ്രദേശങ്ങളില്‍ കുടുംബ ഉപഭോക്താക്കള്‍ തിരഞ്ഞെടുക്കുന്ന പ്രധാന കാറായി മാറണമെന്നില്ല. എന്നാല്‍ രണ്ടാമതോ മൂന്നാമതോ ആയി തിരഞ്ഞെടുക്കപ്പെട്ടേക്കാവുന്ന വിഭാഗത്തില്‍ ഉള്‍പ്പെട്ടേക്കാമെന്നും വിദഗ്ധര്‍ പറയുന്നു.

എംജിയുടെ വിപണിയിലെത്താന്‍ ഒരുങ്ങുന്ന കോംപാക്റ്റ് ഇ വിയുടെ ഏകദേശ വില 10 ലക്ഷം രൂപയായിരിക്കും. വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, കണക്റ്റിവിറ്റി ഫീച്ചറുകള്‍ എന്നിവയുള്‍പ്പെടെ നിരവധി ഫീച്ചറുകള്‍ കാറില്‍ സ്റ്റാന്‍ഡേര്‍ഡായി തന്നെ വാഗ്ദാനം ചെയ്യുമെന്നാണ് വിവരം.
നിലവില്‍ MG ZS EVയ്ക്ക് ഏകദേശം 26 ലക്ഷം രൂപയാണ് വില. യാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും മികച്ച സാങ്കേതിക വിദ്യകളോടെയുള്ള ഡ്രൈവിംങ് അനുഭവമായിരിക്കും കാര്‍ വാഗ്ദാനം ചെയ്യുക. 50.3 kWh ബാറ്ററിയാണ് ഈ കാറിലുള്ളത്. ഫുള്‍ ചാര്‍ജില്‍ 461 കിലോമീറ്റര്‍ വരെ ദൂരം സഞ്ചരിക്കാനാകുമെന്നും കമ്പനി അവകാശപ്പെടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.