ഇന്ത്യയിലെ കോവിഡ് വര്‍ധനവിന് പിന്നില്‍ ഒമിക്രോണ്‍ വകഭേദം; ഇപ്പോഴത്തേത് മൃദുതരംഗം

ഇന്ത്യയിലെ കോവിഡ് വര്‍ധനവിന് പിന്നില്‍ ഒമിക്രോണ്‍ വകഭേദം; ഇപ്പോഴത്തേത് മൃദുതരംഗം

ന്യൂഡല്‍ഹി: ഇന്ത്യയിലെ പെട്ടെന്നുള്ള കോവിഡ് വര്‍ധനവിന് പിന്നില്‍ ഒമിക്രോണ്‍ വകഭേദമെന്ന് ആരോഗ്യ വിദഗ്ധര്‍. കേസുകള്‍ ഉയരുന്നുണ്ടെങ്കിലും അവ തീവ്രമല്ലെന്നും ആശുപത്രിവാസത്തിന്റെ ആവശ്യം ഇല്ലെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു.

അടുത്തിടെ ഉയരുന്ന കോവിഡ് കണക്കുകളില്‍ ഭൂരിഭാഗവും 48 മുതല്‍ 72 മണിക്കൂറിനുള്ളില്‍ സുഖപ്പെടുന്നുണ്ട്. ആര്‍ക്കും കൂടുതല്‍ ചികിത്സ വേണ്ടിവരുന്നില്ല. രോഗികള്‍ സങ്കീര്‍ണ അവസ്ഥയിലേക്ക് പോകുന്ന സ്ഥിതി ഇപ്പോഴില്ല. രോഗതീവ്രത കുറഞ്ഞതിനു പിന്നില്‍ വാക്‌സിനേഷനാണ് കാരണമെന്നും വിദഗ്ധര്‍ പറയുന്നു. ജനുവരിയിലെ തരംഗത്തെ അപേക്ഷിച്ച് ഇത് ചെറിയ തോതിലുള്ള വ്യാപനമാണ്. അല്ലെങ്കില്‍ ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും മൃദു തരംഗമാണ് ഇപ്പോഴത്തേതെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു.

പുതിയ കോവിഡ് കേസുകള്‍ ഒമിക്രോണ്‍ വകഭേദമായ BA.2വിന്റേത് ആകാം. മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും ഒമിക്രോണിന്റെ BA 4, BA 5 വകഭേദങ്ങള്‍ കണ്ടെത്തിയിരുന്നു. ആളുകള്‍ വീട്ടിലെ ചികിത്സയില്‍ തന്നെ സുഖം പ്രാപിക്കുന്നുണ്ടെന്നും പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു. കോവിഡ് മുന്‍കരുതലുകള്‍ മുമ്പത്തെപ്പോലെ പാലിക്കേണ്ടതുണ്ട്. മാസ്‌കും സാമൂഹിക അകലവും പോലെയുള്ളവ കര്‍ശനമായി പാലിച്ചാല്‍ രോഗം പിടിപെടാതെ കാക്കാമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

സര്‍ക്കാര്‍ കോവിഡ് മാനദണ്ഡങ്ങള്‍ നിര്‍ബന്ധിതമാക്കുന്നില്ല എങ്കിലും അത് പാലിക്കാന്‍ ജനങ്ങള്‍ തയ്യാറാകണം. അതിനിടെ രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി. വ്യാഴാഴ്ച 7,240 പേര്‍ രോഗ ബാധിതരായതിന് പിന്നാലെയാണ് ഇടപെടല്‍. മഹാരാഷ്ട്ര, കേരളം, ഡല്‍ഹി, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ആരോഗ്യ സെക്രട്ടറി രാകേഷ് ഭൂഷണ്‍ സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.