രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി ജയം; ഹരിയാനയില്‍ അജയ് മാക്കന് പരാജയം

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി ജയം; ഹരിയാനയില്‍ അജയ് മാക്കന് പരാജയം

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ ഭരണ മുന്നണിയായ മഹാവികാസ് അഘാഡിക്കും ഹരിയാനയില്‍ കോണ്‍ഗ്രസിനും തിരിച്ചടി. മഹാരാഷ്ട്രയില്‍ ബിജെപിയുടെ മൂന്നു സ്ഥാനര്‍ഥികളും വിജയിച്ചു. ഹരിയാനയില്‍ കോണ്‍ഗ്രസ് നേതാവ് അജയ് മാക്കനെ ബിജെപി പിന്തുണയോടെ മത്സരിച്ച സ്വതന്ത്രസ്ഥാനാര്‍ഥി കാര്‍ത്തികേയ ശര്‍മ പരാജയപ്പെടുത്തി.

രണ്ട് സീറ്റുകളിലും ബിജെപി പ്രതിനിധികള്‍ ജയിച്ചുവെന്ന് ശനിയാഴ്ച പുലര്‍ച്ചയോടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത്. പുലര്‍ച്ചെ ഒന്നരയോടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടെണ്ണലിന് അനുമതി നല്‍കിയതോടെ കോണ്‍ഗ്രസ് ആഘോഷം തുടങ്ങിയിരുന്നു. പിന്നീട് മാക്കന്‍ തോറ്റെന്ന് പ്രഖ്യാപനം വന്നു. വീണ്ടും വോട്ടെണ്ണണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് രേഖാമൂലം ആവശ്യപ്പെട്ടില്ലെങ്കിലും റീ കൗണ്ടിങ് നടത്തിയെന്ന് ഹരിയാന മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ അതില്‍ മാക്കന്റെ പരാജയം ഉറപ്പിക്കുകയായിരുന്നു.

കോണ്‍ഗ്രസ് അംഗം കാലുവാരിയതോടെയാണ് എഐസിസി ജനറല്‍ സെക്രട്ടറി അജയ് മാക്കന്‍ ശര്‍മയോട് പരാജയപ്പെട്ടത്. കാലുവാരലും കുതിരക്കച്ചവടവും ഭയന്ന് ഒരാഴ്ചയോളം ഹരിയാനയിലെ കോണ്‍ഗ്രസ് എംഎല്‍എമാരെ ഛത്തീസ്ഗഢിലെ റിസോര്‍ട്ടില്‍ താമസിപ്പിച്ച ശേഷമാണ് വോട്ടിംഗിനായി കൊണ്ടു വന്നത്. ഇത്തരം ശ്രമങ്ങള്‍ നടത്തിയിട്ടും എഐസിസി ജനറല്‍ സെക്രട്ടറി അജയ് മാക്കന്റെ തോല്‍വി കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ് സൃഷ്ടിച്ചത്.

മഹാരാഷ്ട്രയില്‍ ബിജെപി സ്ഥാനാര്‍ഥികളായ കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍, അനില്‍ ബോന്ദെ, ധനഞ്ജയ് മഹാധിക് എന്നിവര്‍ വിജയിച്ചു. ശിവസേനയുടെ സഞ്ജയ് പവാര്‍ പരാജയപ്പെട്ടു. മഹാവികാസ് അഘാഡിയുടെ മൂന്ന് എംഎല്‍എമാരുടെ വോട്ട് ചട്ട ലംഘനത്തിന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അസാധുവാക്കി.

ത്രികോണ മല്‍സരം നടന്ന കര്‍ണാടകയില്‍ ബിജെപി നേട്ടമുണ്ടാക്കി. ഇവിടെ മൂന്നു സീറ്റില്‍ ബിജെപിയും ഒരു സീറ്റില്‍ കോണ്‍ഗ്രസും ജയിച്ചു. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍, നടന്‍ ജഗ്ഗേഷ്, ലെഹാര്‍ സിങ് സിറോയ എന്നിവരാണ് ജയിച്ച ബിജെപി സ്ഥാനാര്‍ഥികള്‍. കോണ്‍ഗ്രസില്‍ നിന്ന് മുതിര്‍ന്ന നേതാവ് ജയറാം രമേശും വിജയിച്ചു.

കോടീശ്വരനായ ഡി. കുപേന്ദ്ര റെഡിയെ രംഗത്തിറക്കിയ ജെഡിഎസ് തിരിച്ചടി നേരിട്ടു. നാലു സീറ്റുകളിലേക്ക് ആറു പേര്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കിയതോടെയാണ് ഇവിടെ ചൂടേറിയ മത്സരത്തിന് കളമൊരുങ്ങിയത്. വാശിയേറിയ പോരാട്ടം നടന്ന രാജസ്ഥാനില്‍ കോണ്‍ഗ്രസ് മൂന്നു സീറ്റില്‍ വിജയിച്ചു. ബിജെപിക്ക് ഒരു സീറ്റ് ലഭിച്ചു. കോണ്‍ഗ്രസിന്റെ മുകുള്‍ വാസ്നിക്, രണ്‍ദീപ് സിങ് സുര്‍ജേവാല എന്നിവര്‍ക്കൊപ്പം പ്രമോദ് തിവാരിയും ജയിച്ചു. പ്രമോദ് തിവാരിയും ബിജെപി പിന്തുണയുള്ള സ്വതന്ത്രന്‍ സുഭാഷ് ചന്ദ്രയും തമ്മിലായിരുന്നു മത്സരം.

രാജ്യസഭയിലേയ്ക്കുള്ള 57 ഒഴിവുകളില്‍ 41 സീറ്റുകളിലേക്ക് വിവിധ കക്ഷി സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 16 സീറ്റുകളിലാണ് വോട്ടെടുപ്പ് നടന്നത്. ഇതില്‍ നിയമസഭയിലെ അംഗസംഖ്യയുടെ അടിസ്ഥാനത്തില്‍ 12 സീറ്റുകളിലേക്ക് മത്സരം ഒഴിവായപ്പോള്‍ ബാക്കിയുള്ള നാല് സീറ്റുകളിലേക്കായിരുന്നു പോരാട്ടം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.