മുംബൈ: ഐപിഎല്‍ സംപ്രേഷണാവകാശത്തിനുള്ള ലേലത്തില്‍ നിന്ന് അമേരിക്കന്‍ കമ്പനികളായ ആമസോണും ഗൂഗിളും പിന്മാറി. നാളെ ലേലം നടക്കാനിരിക്കെയാണ് പിന്മാറ്റം. ഇതോടെ റിലയന്‍സ് ഗ്രൂപ്പ്, സ്റ്റാര്‍ ഇന്ത്യ എന്നീ കമ്പനികള്‍ തമ്മിലാണ് ലോകത്തിലെ ഏറ്റവും വിലപിടിച്ച ക്രിക്കറ്റ് ലീഗിന്റെ സംപ്രേഷണാവകാശം സ്വന്തമാക്കാനുള്ള പ്രധാന മത്സരത്തില്‍ പോരാടുന്നത്. ജിയോ, ഹോട്ട്സ്റ്റാര്‍ ഇവരില്‍ ആരാണ് ഐപിഎല്‍ സംപ്രേഷണത്തിന്റെ ഡിജിറ്റല്‍ അവകാശികള്‍ എന്ന് നാളെ അറിയാന്‍ സാധിക്കും.
സംപ്രേഷണാവകാശത്തിനായി കമ്പനികള്‍ മുടക്കേണ്ട കുറഞ്ഞ തുക 32,890 കോടി രൂപയാണ്. നാല് ബണ്ടിലുകളായാവും സംപ്രേഷണാവകാശം നല്‍കുക. ഒടിടി, ടെലിവിഷന്‍ സംപ്രേഷണങ്ങള്‍ ഉള്‍പ്പെടെ വിവിധ വിഭാഗങ്ങളില്‍ പെട്ട മത്സരങ്ങള്‍ നാല് ബണ്ടിലുകളാക്കി തിരിച്ചിരിക്കുകയാണ്. ഓരോ ബണ്ടിലും ഓരോ കമ്പനികളാവും സ്വന്തമാക്കുക. ഈ നാല് ബണ്ടിലുകള്‍ക്കും കൂടിയാണ് ഈ തുക.
ഇന്ത്യയിലെ സംപ്രേഷണാവകാശമാണ് ബണ്ടില്‍ എയില്‍ ഉള്ളത്. ഓരോ മത്സരത്തിനും 49 കോടി രൂപ വച്ച് ആകെ 18,130 കോടി രൂപയാണ് ഈ ബണ്ടിലിനായി മുടക്കേണ്ടത്. ഡിജിറ്റല്‍ സംപ്രേഷണാവകാശത്തിനായി ഒരു മത്സരത്തിന് 33 കോടി രൂപ വച്ച് ആകെ 12,210 കോടി രൂപ നല്‍കണം. ബണ്ടില്‍ സിയില്‍ 18 മത്സരങ്ങളുണ്ട്. ഓപ്പണിംഗ് മത്സരങ്ങള്‍, നാല് പ്ലേ ഓഫ് മത്സരങ്ങള്‍, ഡബിള്‍ ഹെഡറുകളിലെ രാത്രി മത്സരങ്ങള്‍ എന്നിവയ്ക്കായി ആകെ 1440 കോടി രൂപയാണ് തുക. ഇത് ഒടിടിയ്ക്ക് മാത്രമേ ലഭിക്കൂ.
ബണ്ടില്‍ ഡിയിലുള്ളത് ലോകത്തിന്റെ മറ്റിടങ്ങളിലെ സംപ്രേഷണാവകാശമാണ്. ഇതിനായി ഒരു മത്സരത്തിന് മൂന്ന് കോടി രൂപ വച്ച് 1110 കോടി രൂപ മുടക്കണം. ഇന്ത്യക്ക് പുറത്ത് ടെലിവിഷന്‍, ഡിജിറ്റല്‍ അവകാശങ്ങള്‍ ഉള്ളവര്‍ക്കേ ഇത് നല്‍കൂ.
വരും സീസണുകളില്‍ ഐപിഎല്‍ മത്സരങ്ങളുടെ എണ്ണം വര്‍ധിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 2023 മുതല്‍ 2027 വരെയുള്ള സീസണുകളില്‍ മത്സരങ്ങളുടെ എണ്ണം ക്രമാനുഗതമായി വര്‍ധിപ്പിക്കാനാണ് ബിസിസിഐയുടെ ആലോചന. 2023, 2024 സീസണുകളില്‍ 74 മത്സരങ്ങള്‍ വീതമാണ് ഉണ്ടാവുക. 2025, 2026 സീസണുകളില്‍ ഇത് 84 മത്സരങ്ങളായി വര്‍ധിക്കും. 2027 സീസണില്‍ 10 മത്സരങ്ങള്‍ കൂടി വര്‍ധിച്ച് 94 മത്സരങ്ങളാവും. എന്നാല്‍ 84 മത്സരങ്ങളില്‍ നിര്‍ത്താനും ബിസിസിഐ ആലോചിക്കുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.