സലാമാങ്കയിലെ ജനങ്ങളെ പരസ്പരം ക്ഷമിക്കാന്‍ പഠിപ്പിച്ച വിശുദ്ധ ജോണ്‍

സലാമാങ്കയിലെ ജനങ്ങളെ പരസ്പരം ക്ഷമിക്കാന്‍ പഠിപ്പിച്ച വിശുദ്ധ ജോണ്‍

അനുദിന വിശുദ്ധര്‍ - ജൂണ്‍ 12

തിനഞ്ചാം നൂറ്റാണ്ടില്‍ സ്‌പെയിനിലെ സഹാഗൂണിലാണ് വിശുദ്ധ ജോണ്‍ ജനിച്ചത്. തന്റെ പട്ടണത്തിലെ ബെനഡിക്ടന്‍ സന്യാസിമാരില്‍ നിന്നാണ് അദ്ദേഹം സെമിനാരി വിദ്യാഭ്യാസം നേടിയത്. പിന്നീട് ഒരു ഇടവക പുരോഹിതനായി.

കത്തീഡ്രല്‍ ഇടവകയിലോ മറ്റ് സമ്പന്ന ഇടവകകളിലോ അദ്ദേഹത്തിന് വളരെ സുഖപ്രദമായ ജീവിതം നയിക്കാമായിരുന്നെങ്കിലും യേശു ജീവിച്ചിരുന്ന ദാരിദ്ര്യത്തിലേക്കും ലളിതമായ ജീവിത ശൈലിയിലേക്കും ഫാ.ജോണ്‍ ആകര്‍ഷിക്കപ്പെട്ടു.

അതിനാല്‍ തന്നെ ഒരു ചെറിയ ചാപ്പലിന്റെ ചുമതല മാത്രമാണ് അദ്ദേഹം തിരഞ്ഞെടുത്തത്. അവിടെ ദിവ്യബലി അര്‍പ്പിക്കുകയും പ്രസംഗിക്കുകയും വിശ്വാസ പരിശീലനത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ദൈവ ശാസ്ത്രത്തെ നന്നായി അറിയേണ്ടതുണ്ടെന്ന് മനസിലാക്കിയ ഫാ.ജോണ്‍ സലാമങ്കയിലെ മഹത്തായ കത്തോലിക്കാ സര്‍വ്വകലാശാലയിലെ ദൈവശാസ്ത്ര ക്ലാസുകളില്‍ ചേര്‍ന്നു.

നാലുവര്‍ഷത്തെ കഠിന പഠനത്തിനു ശേഷം ഫാ.ജോണ്‍ ഒരു വാഗ്മി എന്ന നിലയില്‍ പ്രശസ്തനായി. ഒന്‍പത് വര്‍ഷത്തിന് ശേഷം അദ്ദേഹം അഗസ്റ്റീനിയന്‍ സന്യാസികളുടെ ഒരു കമ്മ്യൂണിറ്റിയില്‍ ചേര്‍ന്നു. ക്രിസ്തീയ സദ്ഗുണങ്ങള്‍ അദ്ദേഹം പ്രയോഗിച്ച രീതി അവരെ വളരെയധികം ആകര്‍ഷിച്ചു.

അദ്ദേഹത്തിന്റെ മനോഹരമായ സുവിശേഷ പ്രസംഗങ്ങളും പ്രഭാഷണങ്ങളും സലാമാങ്കയിലെ ജനങ്ങളില്‍ ഒരു മാറ്റം വരുത്തി. അവര്‍ പരസ്പരം അക്രമാസക്തമായി വഴക്കിടുമായിരുന്നു. പലപ്പോഴും ചെറുപ്പക്കാരായ പ്രഭുക്കന്മാര്‍ പരസ്പരം പ്രതികാരം ചെയ്തു. ഈ കയ്‌പേറിയ പോരാട്ടങ്ങള്‍ അവസാനിപ്പിക്കുന്നതില്‍ വിശുദ്ധ ജോണ്‍ വിജയിച്ചു. പരസ്പരം ക്ഷമിക്കാന്‍ അദ്ദേഹം ആളുകളെ പഠിപ്പിച്ചു.

പ്രതികാരം ചെയ്യാന്‍ കഴിവുള്ള ശക്തരായ ആളുകളുടെ പോലും തിന്മകള്‍ തിരുത്താന്‍ അദ്ദേഹം ഭയപ്പെട്ടില്ല. ഒരിക്കല്‍ ദരിദ്രരെ ദുരിതത്തിലാക്കുന്ന രീതി അവലംബിച്ച ഒരു ഡ്യൂക്കിനെ അദ്ദേഹം തിരുത്തി. കോപാകുലനായ ഡ്യൂക്ക് തന്റെ രണ്ട് സഹചരരെ വിശുദ്ധ ജോണിനെ കൊല്ലാന്‍ വേണ്ടി അയച്ചു.

ഫാ.ജോണിനെ കണ്ടെത്തിയ അവര്‍ അദ്ദേഹത്തെ വധിക്കുവാനായി സമീപിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ ശാന്ത സ്വഭാവവും ദയാനുകമ്പയും കണ്ട് കൊലയാളികള്‍ ദു:ഖിതരായി മാപ്പ് ചോദിച്ചു. ഇതിനിടെ രോഗിയായി മാറിയ ഡ്യൂക്ക് വിശുദ്ധ യോഹന്നാന്റെ പ്രാര്‍ത്ഥനയിലൂടെ തന്റെ പാപങ്ങളെക്കുറിച്ച് അനുതപിക്കുകയും സുഖം പ്രാപിക്കുകയും ചെയ്തു.

1479 ല്‍ വിശുദ്ധ ജോണ്‍ തന്റെ മരണം മുന്‍കൂട്ടി പ്രവചിക്കുകയും അതേ വര്‍ഷം തന്നെ മരണം സംഭവിക്കുകയും ചെയ്തു. വിഷ പ്രയോഗം കൊണ്ടാണ് ജോണ്‍ മരണപ്പെട്ടതെന്ന് കരുതപ്പെടുന്നു. സലമാങ്കാ നിവാസിയായിരുന്ന ഒരു സ്ത്രീയുടെ രഹസ്യ കാമുകന്‍ വിശുദ്ധന്റെ പ്രബോധനങ്ങള്‍ കേട്ട് മാനസാന്തരപ്പെട്ടിരുന്നു.

അതിന്റെ പക തീര്‍ക്കുവാനായി ആ സ്ത്രീ വിശുദ്ധന് വിഷം നല്‍കുകയായിരുന്നുവെന്ന് പറയപ്പെടുന്നു. 1601 ല്‍ വിശുദ്ധ പദവിക്കായി ജോണിനെ നാമകരണം ചെയ്യുകയും 1690 ല്‍ അലക്‌സാണ്ടര്‍ എട്ടാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിക്കുകകയും ചെയ്തു.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. സ്വീഡനിലെ ഏഷില്ലസ്

2. അയര്‍ലന്‍ഡിലെ ക്രിസ്ത്യന്‍

3. സിലീസിയായിലെ ആംഫിയോണ്‍

4. റോമന്‍ പടയാളികളായ ബസിലിഡെസ്, സിറിനൂസ്, നാബോര്‍, നസാരിയൂസ്.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.