ഇന്ത്യയില്‍ കോവിഡ് കുതിച്ചുയരുന്നു: രാജ്യത്ത് അതീവജാഗ്രത ജില്ലകള്‍ 14; ഏഴും കേരളത്തിലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ഇന്ത്യയില്‍ കോവിഡ് കുതിച്ചുയരുന്നു: രാജ്യത്ത് അതീവജാഗ്രത ജില്ലകള്‍ 14; ഏഴും കേരളത്തിലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ഉയരുമ്പോള്‍ 14 ജില്ലകള്‍ അതീവജാഗ്രത പട്ടികയില്‍. ഇതില്‍ ഏഴെണ്ണവും കേരളത്തിലാണ്. ഈ ജില്ലകളില്‍ കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. കോവിഡ് സ്ഥിരീകരണ നിരക്ക് 10 ശതമാനത്തിനു മുകളിലുള്ള ജില്ലകളിലാണ് അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുള്ളത്.

രാജ്യത്തെ 24 ജില്ലകളില്‍ സ്ഥിരീകരണനിരക്ക് അഞ്ചിനും 10നും ഇടയിലാണ്. കേരളത്തിലെ ശേഷിച്ച ഏഴു ജില്ലകളും ഈ പട്ടികയിലുണ്ട്. സ്ഥിരീകരണ നിരക്ക് അഞ്ചു ശതമാനത്തിനു മുകളിലാകുന്നതു തന്നെ അപകടമാകുമെന്നാണു ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.

കൊറോണ വൈറസില്‍ പുതിയ വകഭേദത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് പ്രതിരോധ കുത്തിവയ്പിനുള്ള കേന്ദ്ര സാങ്കേതികോപദേശക സമിതി അംഗം ഡോ. എന്‍.കെ.അറോറ സ്ഥിരീകരിച്ചു. ഒമിക്രോണിന്റെ ചില ഉപവിഭാഗങ്ങള്‍ തന്നെയാണ് ഇപ്പോഴുമുള്ളത്. വലിയ വ്യാപന സ്വഭാവവും കാട്ടിയിട്ടില്ല. അതിനാല്‍ ആശങ്ക വേണ്ടെന്ന് ഡോ. അറോറ പറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറനിടെ 8,582 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് തുടര്‍ച്ചയായ രണ്ടാം ദിവസമാണ് രോഗബാധിതരുടെ എണ്ണം 8,000 കടക്കുന്നത്. 4,435 പേരാണ് രോഗമുക്തി നേടിയത്. വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവര്‍ അരലക്ഷത്തിലേക്ക് അടുക്കുകയാണ്. 44,513 സജീവ കേസുകളാണ് രാജ്യത്തുള്ളത്.

നാല് മരണവും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് രൂക്ഷമായി തുടരുന്നത് മഹാരാഷ്ട്രയിലും കേരളത്തിലുമാണ്. ഇരുസംസ്ഥാനങ്ങളിലും പതിനാലായിരത്തിന് മുകളിലാണ് സജീവ കേസുകള്‍. രണ്ടിടങ്ങളിലും രോഗ വ്യാപന നിരക്കും ഉയരുന്നത് ആശങ്കയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.