ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധി ഇഡിക്കു മുന്നില്‍ ഹാജരാകാനിരിക്കേ എഐസിസി പരിസരം പൊലീസിന്റെ നിയന്ത്രണത്തില്‍. ഇഡി ഓഫീസിനു മുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധം നടത്തുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷ കര്‍ശനമാക്കിയിരിക്കുകയാണ്.
കോണ്‍ഗ്രസിന്റെ ഇഡി ഓഫിസ് മാര്‍ച്ച് കണക്കിലെടുത്ത് അക്ബര്‍ റോഡിലും പരിസരത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. എഐസിസി ആസ്ഥാനം പൊലീസ് വലയത്തിലാണ്. അക്ബര്‍ റോഡിലേക്കുളള എല്ലാ പ്രവേശനകവാടവും പൊലീസ് അടച്ചു.
ഡല്‍ഹി നഗരത്തിലും എഐസിസി ഓഫീസ് പരിസരത്തും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഇഡി ഓഫീസിന്റെ രണ്ട് കിലോമീറ്റര്‍ ചുറ്റള്ളവ് മുഴുവനായി പൊലീസ് കെട്ടിയടച്ചു. ഓഫീസിലേക്കുള്ള വഴിയും അടച്ചു.
രാഷ്ട്രീയമായ വേട്ടയാടല്‍ എന്ന ആരോപണമുയര്‍ത്തി രാഹുലിനൊനൊപ്പം കോണ്‍ഗ്രസ് നേതാക്കളും ഇഡി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും എന്ന് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിലാണ് പൊലീസിന്റെ മുന്നൊരുക്കം.
അതേസമയം, ഗാന്ധി കുടുംബത്തിനു നേരെ ഇഡി തിരിഞ്ഞതില്‍ മറ്റ് പ്രതിപക്ഷ കക്ഷികളൊന്നും തന്നെ കോണ്‍ഗ്രസിനെ പിന്തുണച്ച് എത്തിയില്ലെന്നത് ശ്രദ്ധേയമാണ്. ശിവസേനയും എന്‍സിപിയും മാത്രമാണ് ചെറിയതായി പ്രസ്താവനയെങ്കിലും ഇറക്കിയത്. മറ്റ് പാര്‍ട്ടികള്‍ കാര്യമായ പ്രതികരണം പോലും നടത്തിയില്ല.
എന്താണ് നാഷണല്‍ ഹെറാള്‍ഡ് കേസ്
ജവാഹര്‍ലാല്‍ നെഹ്രു 1937 ല്‍ സ്ഥാപിച്ച നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമകളായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിനെ (എ.ജെ.എല്‍.) പുതുതായുണ്ടാക്കിയ യങ് ഇന്ത്യന്‍ കമ്പനി ഏറ്റെടുത്തതില്‍ അഴിമതിയും വഞ്ചനയുമുണ്ടെന്നാണ് സുബ്രഹ്‌മണ്യം സ്വാമിയുടെ പരാതി.
സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും അവരുടെ വിധേയരും ചേര്‍ന്ന് ആയിരക്കണക്കിന് കോടിയുടെ ഭൂസ്വത്തുള്ള എ.ജെ.എല്‍. കമ്പനിയെ യങ് ഇന്ത്യന്‍ എന്നൊരു ഉപായക്കമ്പനിയുണ്ടാക്കി തട്ടിയെടുത്തുവെന്നാണ് സ്വാമി ആരോപിക്കുന്നത്.
1,600 കോടി രൂപ മതിക്കുന്ന ഡല്‍ഹിയിലെ ഹെറാള്‍ഡ് ഹൗസ് വെറും 50 ലക്ഷം രൂപയ്ക്കാണ് ഇവര്‍ സ്വന്തമാക്കിയെതെന്നും സുബ്രഹ്‌മണ്യന്‍ സ്വാമി ആരോപിച്ചു. 2012 നവംബറിലാണ് സുബ്രഹ്‌മണ്യന്‍ സ്വാമി പരാതിയുമായി രംഗത്തെത്തിയത്.
ഒരുകാലത്ത് ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള പത്രമെന്ന് വാഴ്ത്തപ്പെട്ടിരുന്ന 'നാഷണല്‍ ഹെറാള്‍ഡ്' പ്രസിദ്ധീകരണത്തിന്റെ 70 ാം വര്‍ഷമായ 2008 ഏപ്രില്‍ ഒന്നിനാണ് അച്ചടി നിര്‍ത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.